Saturday, 5 April 2014

ജനങ്ങൾ Vs ക്വാറി മാഫിയ , കോണ്‍ഗ്രസ്സുകാരും , സി . പി . എം കാരും , പോലീസും പിന്നെ മറ്റുള്ളവരും

 (അമ്പിട്ടൻതരിശ്ശിൽ നിന്നുള്ള കുറിപ്പുകൾ) 23 ഫെബ്രുവരി 2014 - അമ്പിട്ടൻതരിശ്ശിലെ ക്വാറി ക്രഷർ യുണിറ്റുകൾക്കെതിരായ ജനകീയ സമിതി സംഘടിപ്പിച്ച മീറ്റിങ്ങിനു മുൻപായി കയ്യെഴുത്തിലുള്ള ഏതാനും പരുക്കൻ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു . അതിലെ മലയാളത്തിലുള്ള കയ്യെഴുത്തിൽ  നിന്നും കാര്യങ്ങൾ വായിച്ചെടുക്കാൻ ഞാൻ ശ്രമിച്ചുഎന്നാൽ അതിലെ എടുത്തു നിൽക്കുന്ന ചിത്രീകരണങ്ങൾ മാത്രം  മതിയായിരുന്നു എല്ലാം വ്യക്തമാകാൻ . കെ.എസ്.എം ലോറി - ജനങ്ങൾ പ്രതിഷേധിക്കുന്നു - കൂടുതൽ ടിപ്പർ ലോറികൾ - കൂടുതൽ പ്രതിഷേധങ്ങൾ. ക്വാറിക്കെതിരായ മുദ്രാവാക്യങ്ങൾ റോട്ടിലും എഴുതുകയും ഒട്ടിക്കുകയും ചെയ്തിരുന്നു.

 ഞങ്ങൾ അവിടെ പോകാൻ തീരുമാനിച്ചു . ക്വാറിയിലേക്കുള്ള വഴിയിൽ ബസ് സ്റ്റാൻടിനകത്തുള്ള ഒരു ചുവപ്പ്-തവിട്ടു പോസ്റ്ററിൽ നിന്നും ലെനിൻ തന്റെ മുഷ്ഠി വായുവിലെക്കുയർത്തി കൊണ്ട് തറപ്പിച്ചു നോക്കിക്കൊണ്ടിരിക്കുന്നു . പ്രാദേശിക മാർക്സിസ്റ്റ്‌ സഖാക്കൾ സന്തോഷത്തോടെ ക്വാറി മാഫിയയ്ക്ക് പിന്നാലെ  ഓടുമ്പോൾ നമ്മൾ ലെനിനെ എങ്ങനെ നോക്കിക്കാണുംഅവസരവാദികളായ ഒത്തുതീർപ്പുകാരായ ഇത്തരം "കമ്മ്യുണിസ്റ്റു" കൾ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുമ്പോൾ പാറ - ഖനന മാഫിയയെ അല്ലെ സഖാവ് ലെനിൻ ജനങ്ങളെ ഒർമ്മിപ്പിക്കുക അദ്ദേഹത്തെ ക്വാറി ലെനിൻ ആയല്ലേ ജനങ്ങൾ കാണുക ജനങ്ങളോടുള്ള ഐക്യദാർഡ്യത്തിൽ അദ്ദേഹം രഹസ്യമായി ഒരു തുള്ളി കണ്ണീർ വാർത്തോ?

**
ദൈവത്തിനും സർക്കാർ ജീവനക്കാർക്കും അവരുടെ ഞായറാഴ്ച്ച വിശ്രമം ആവശ്യമുണ്ട് . എന്നാൽ ക്വാറി മാഫിയ അക്ഷീണരും വിശ്രമമില്ലാത്തവരുമാണ് . പ്രകീർത്തിക്കപ്പെട്ട അഭയാർത്ഥി ക്യാമ്പുകളെപ്പോലെ തോന്നിച്ച ആദിവാസി വീടുകൾ പിന്നിട്ടുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകുമ്പോൾ ഞങ്ങൾ ക്വാറികളെപ്പറ്റികേട്ടു . 

ചെറിയ കുന്നിൻമുകളിൽ എത്തുന്നതിനു ഏറെ മുൻപ് തന്നെ ലോറികൾ ട്രിപ്പടിക്കുന്നത് ഞങ്ങൾ കണ്ടു . ദിവസേന 200 ലധികം ഈ ലോറികൾ ട്രിപ്പടിക്കുന്നു എന്നും തുടർച്ചയായ ഈ യാത്രകൾ അവരുടെ ജീവനോപാധിയായ റബ്ബർ - വാഴ തോട്ടങ്ങളെ നശിപ്പിക്കുന്നു എന്നും അവിടുത്തെ ജനങ്ങൾ പറയുന്നു .

മുട്ടു വിറപ്പിക്കുന്ന ഹർത്താലുകളുടെയും സമരങ്ങളുടെയും തനതായ ശൈലിയുള്ള കേരളത്തിൽ ക്വാറി ക്രഷർ മുതലാളിമാർ ആഹ്വാനം ചെയ്ത ഫെബ്രുവരി 17 ന് ആരംഭിച്ച അനിശ്ച്ചിത കാല സമരത്തെയും വകവയ്ക്കാതെയാണ് ഈ ക്വാറി പ്രവർത്തിക്കുന്നതെന്ന് ഒരു സുഹൃത്ത് ഓർമിപ്പിച്ചു . ക്വാറി മാഫിയ സന്തുഷ്ടവ്രുന്ദമാണെന്നാവും നമ്മൾ കരുതുക. എന്നാൽ അവരും ഇന്ന് സംസ്ഥാന സർക്കാരുമായി സൗന്ദര്യപ്പിണക്കത്തിലാണെന്നു തോന്നുന്നു . അവർ മണലിന്റെയും ഗ്രനൈറ്റിന്റെയും വില്പ്പന നികുതി വർദ്ധിപ്പിച്ചതിനെതിരെ സമരത്തിലാണ് . 6 മീറ്ററിലധികം കുഴിക്കാനുള്ള അനുവാദം കൊടുക്കത്തതിനെതിരെ സമരത്തിലാണ് . 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവർ കുന്നുകളെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനുള്ള അവകാശമാണ് ആവശ്യപ്പെടുന്നത് . അവരുടെ തന്നെ സമരം നടന്നു കൊണ്ടിരിക്കെത്തന്നെ അവർ കുന്നുകളെ തകർത്ത് കല്ലുകളാക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു . അതിനെതിരായ സംസാരങ്ങളും പശ്ചിമ ഘട്ടത്തെ പോലെത്തന്നെ കാർന്നു തിന്നപ്പെട്ടുകൊണ്ടിരിക്കുന്നു .
പശ്ചിമഘട്ടത്തെ തന്നെ വേഗത്തിൽ ക്വാറികൾ ഇല്ലാതാക്കിയെക്കാമെന്നുംഅന്ന് കേരളത്തിൽ നിന്ന് നോക്കിയാൽ നമുക്ക് തമിഴ്നാട് കാണാനായേക്കുമെന്നും ഒരു ലാഘവ നിമിഷത്തിൽ മറ്റൊരു സഖാവ് എന്നോട് പറഞ്ഞു . പശ്ചാത്തലത്തിൽ ക്വാറി മുരണ്ടു കൊണ്ടേയിരുന്നു

 ****
ആ പ്രതിഷേധ പോസ്റ്ററുകളും ,ഇന്നത്തെ മീറ്റിങ്ങ് അറിയിച്ചു കൊണ്ടുള്ള ലഘുലേഖകളും അതിന്റെ ഫോട്ടോ കോപികളും മാത്രമല്ല ഇന്ന് അമ്പിട്ടൻ തരിശ്ശിലുള്ളത് . 30 ഡിസംബർ 2013 നു കേരളത്തിലെമ്പാടും നിന്നുള്ള സഖാക്കൾ സംയുക്ത ആക്ഷൻ കൌണ്‍സിലിന്റെ മീറ്റിങ്ങിൽ പങ്കെടുത്തതിനു രണ്ടു ദിവസത്തിനു ശേഷം പോലീസ് അവരുടെ ആവനാഴിയിലെ ഏറ്റവും പ്രിയപ്പെട്ട ആയുധം പുറത്തെടുത്തു -"ചുവപ്പൻ ഭീതി " ...  ഉടനെത്തന്നെ അമ്പിട്ടൻ തരിശ്ശു ഗ്രാമത്തിലും ചുറ്റുമുള്ള പരിസര പ്രദേശങ്ങളിലും "മാവോയിസ്റ്റ് ലുക്ക്‌ ഔട്ട്‌ " നോട്ടിസ് പതിച്ചു . അതിൽ ഒരു നോട്ടിസ് കാണാൻ എനിക്കും അവസരം കിട്ടി - 12 ഭീകര മാവോയിസ്റ്റുകളുടെ ഫോട്ടോകൾക്ക് പുറമേ വിവിധ പത്രങ്ങളിൽ നിന്നുള്ള ഹെഡ് ലൈനുകളും അതിലുണ്ടായിരുന്നു .നോക്കിയതിൽ നിന്നും  "ടൈംസ് ഓഫ് ഇന്ത്യ " , "മലയാള മനോരമ", "മാതൃഭൂമി " തുടങ്ങിയവയാണ്  അവർക്ക് പ്രിയപ്പെട്ടതായി കാണപ്പെട്ടത്. " മാവോയിസ്റ്റുകൾ തങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്കായി 10000 കുട്ടികളെ റിക്രൂട്ട് ചെയ്തിരിക്കുന്നു " ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു തലവാചകം പറയുന്നു . 10000 കുട്ടികൾ ഓടി നടന്ന് മാവോയിസ്റ്റുകളെ സഹായിക്കുക എന്ന കാര്യം തീർച്ചയായും ഭീതിയുണ്ടാക്കുന്നതാണ് . അടിത്തട്ടുകളിലെ യാഥാർഥ്യങ്ങൾക്ക് ചെവിയോർക്കാതെ സൈന്യത്തിന്റെയോ പോലിസിന്റെയോ ഭാഷ്യത്തിൽ വശം വദരാവുന്നവരാണ് മുഖ്യധാരാ മാധ്യമങ്ങൾ എന്നറിയുന്ന ആരെയും ഇത് ഭീതിയിലാഴ്ത്തുകയില്ല .

അല്പ  നേരത്തേക്ക് നമുക്ക് ഈ സങ്കടകരമായ  പോസ്റ്ററുകളുടെ കാര്യം മാറ്റി നിർത്താം

 **
നേരിട്ടുള്ള പ്രയോഗം അങ്ങനെയല്ലാതെ പോലീസ് എങ്ങനെയാണ് അതിന്റെ ഭയപ്പെടുത്തലിന്റെ അധികാരത്തെ ഉപയോഗിക്കുന്നത് അങ്ങനെ അല്ലാതെ എങ്ങനെയാണ് അവർ അവരുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സമൂഹത്തെ നിലനിർത്തുന്നത് ക്വാറിക്കെതിരെ തന്റെ ഒരു ചെറിയ പ്രതിഷേധ സ്വരമുയർത്തിയതിനു കിഴക്കഞ്ചെരിയിലെ ഒരു യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തിയത് ശബ്ദമടക്കിയില്ലെങ്കിൽ അയാളുടെ പാസ്സ്പോർട്ട് പിടിച്ചു വയ്ക്കുമെന്നും വിദേശത്തു ജോലി തുടരാനാവില്ലെന്നും പറഞ്ഞാണ് . സ്റ്റാമ്പു വച്ച പാസ്സ്പോർട്ട് പിടിച്ചു വയ്ക്കലാണിവിടെ നിശബ്ദത . നിശ്ശബ്ദത അന്യായമായ ഒരു ഇടപെടലാണ് തൊഴിൽ ഇല്ലാതാവുമെന്ന ഭീഷണിയാണ്
നിശ്ശബ്ദത.

ദുരുപയോഗം ചെയ്യാനാകുന്ന മറ്റെന്തൊക്കെ അധികാരങ്ങളാണ് പോലീസിനുള്ളത് കൊച്ചി ആസ്ഥാനമായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസിഡന്റായ തുഷാർ സാരഥി എന്റെ ഒരു പഴയ സുഹൃത്താണ് . ഇപ്പോഴത്തെയും . അമ്പിട്ടൻതരിശ്ശിൽ അദ്ദേഹത്തെ കണ്ടു ഞാൻ സന്തോഷിച്ചു . അദ്ദേഹം മറ്റു കുറെ സഖാക്കളോടൊപ്പം തിരക്കിലായിരുന്നു സമരത്തിന്റെ ഇത് വരെയുള്ള ചരിത്രം എനിക്ക് അവർ പറഞ്ഞു തരികയായിരുന്നു .വീട്ടിൽ വന്നതിനു ശേഷം ഈ സമരത്തെക്കുറിച്ച് എഴുതുന്നതിനു വേണ്ടി അതിനെപ്പറ്റി കൂടുതൽ അറിയാനായി ശ്രമിക്കുന്നതിനിടയിൽ ഈ വർഷം ജനുവരി 20ആം തിയ്യതിയിലെ ഒരു വാർത്ത കാണാനിടയായി . എന്നോട് പറയാൻ ആർക്കും സമയം കണ്ടെത്താനാവാതിരുന്ന ഒരു കഥയെപ്പറ്റി ഞാൻ അറിയുകയായിരുന്നു . തന്റെ ഫോണ്‍ ടാപ്പ് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാനായി തുഷാർ നിർമ്മൽ സാരഥി കേരള ആഭ്യന്തര വകുപ്പ് സെക്രട്ടറിയ്ക്കും ,ഡി . ജി . പിക്കും എഴുതിയിരിക്കുന്നു . ഡിസംബർ 30 നു അമ്പിട്ടൻ തരിശ്ശിലെ അനധികൃത ക്വാറിക്കെതിരായ ഒരു മീറ്റിങ്ങിൽ തുഷാർ പങ്കെടുത്തതിനുശേഷം മംഗലം ഡാം പോലീസ് അദ്ദേഹത്തിന്റെ മൊബൈൽ ഫോണ്‍ ചോർത്തിക്കൊണ്ടിരുന്നതിനെപ്പറ്റി വാർത്ത റിപ്പോർട്ടിൽ പറയുന്നു . അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മംഗലം ഡാം പോലീസിൽ നിന്നും ഫോണ്‍ കോളുകൾ ലഭിച്ചു . അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചും അവർ എങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അന്വേഷിച്ചുകൊണ്ടായിരുന്നു കോളുകൾ . എന്തിനാണ് തങ്ങളെ ഇങ്ങനെ വിളിച്ചതെന്ന് ചോദിച്ച അവരോട് പോലീസ് വളരെ ലാഘവത്തോടെ പറഞ്ഞു അവർക്ക് ഈ നമ്പറുകൾ കിട്ടിയത് തുഷാറിന്റെ ഫോണ്‍ കോൾ ലിസ്റ്റിൽ നിന്നാണെന്ന്.
 ജനാധിപത്യത്തിന് സ്വാഗതം !!!
 ****
ഫെബ്രുവരി 23 ന് പ്രതിഷേധ ദിവസം - സമര സ്ഥലത്ത് പോലീസ് എന്താണ് ചെയ്തത് ?  മൈക്ക് ഉപയോഗിക്കാനുള്ള അനുമതി അവർ നിഷേധിച്ചു . അവർ അതിനു കാരണമൊന്നും കാണിച്ചില്ല . ഒരു നിയമ നടപടിക്കുള്ള സാധ്യത പോലും ഇല്ലാതാക്കിക്കൊണ്ട് അവർ ഈ തീരുമാനം സംഘാടകരെ അറിയിച്ചത് അവസാന നിമിഷത്തിലാണ് . ഒരു ഹാൻഡ് മൈക്ക് ഉപയോഗിക്കാൻ സംഘാടകർ തീരുമാനിച്ചു . ഇവിടെ ഏറ്റവും നൈസർഗ്ഗികമായ ഒരു പ്രതിഷേധത്തിൽ നമ്മൾ കണ്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്ത്യ കൂദാശയാണ്. എന്റെ മലയാളി സുഹൃത്തുക്കൾ ഇടി വണ്ടി എന്ന് വിളിക്കുന്ന വലിയ ലഹള നിയന്ത്രണ വാനും കൊണ്ടാണ് പോലീസ് വന്നത് . റബ്ബർ മരങ്ങളുടെ താഴെ സംഘടിക്കപ്പെട്ട മീറ്റിംഗിൽ ഏതാണ്ട് മുഴുവൻ ഗ്രാമവും ഒത്തുചേർന്നിരുന്നു. സമാധാനത്തെ ഭങ്ജിച്ചിരുന്ന ഒരേ ഒരു സാന്നിദ്ധ്യം പോലീസിന്റെതായിരുന്നു . അവർ ഒരുപാട് പേരുണ്ടായിരുന്നു . അവർ ഒരോരുത്തരുടെയും ഫോട്ടോ എടുത്തുകൊണ്ടെയിരുന്നു . ക്ലിക്ക് - ക്ലിക്ക് - ക്ലിക്ക്. റെക്കോർഡ് . എന്റെ ഇന്നു വരെയുള്ള ജീവിതത്തിൽ ക്യാമറ  ഭീഷണിയുടെ ഒരു രൂപമെടുക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു
***
പ്രതിജ്ഞാബദ്ധനായ ഒരു പരിസ്ഥിതി വാദിയും ഗാഡ്ഗിൽ കമ്മിറ്റി അംഗവുമായ വി . എസ് . വിജയൻ സമര വേദിയിൽ ഉണ്ടായിരുന്നു . അദ്ദേഹം ഹൃദയം കൊണ്ട് ഒരു ഗാന്ധിയനാണെന്ന് ഞാൻ മനസ്സിലാക്കുന്നു . പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന വിവിധ കൊള്ളക്കാരെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്കും തീ പിടിക്കുന്നു: ക്വാറി മാഫിയ,ഖനന മാഫിയ,റിസോർട്ട് മാഫിയ,ടൂറിസ്റ്റ് മാഫിയ,വന മാഫിയ,റിയൽ എസ്റ്റേറ്റ്‌ മാഫിയ,ഭൂമി തട്ടിപറിച്ചെടുക്കുന്ന കോർപറേറ്റ് മാഫിയ.അദ്ദേഹം ജനങ്ങൾക്കുള്ള അധികാരങ്ങളെപ്പറ്റി സംസാരിക്കുന്നു,ഗ്രാമസഭയുടെ അധികാരങ്ങളെപ്പറ്റി,മാഫിയയെ തടയാനുള്ള അധികാരത്തെപ്പറ്റി,ക്വാറി അടച്ചു പൂട്ടുന്നതിനു വേണ്ട അധികാരത്തെപ്പറ്റി. അവർ അദ്ദേഹത്തിന്റെ ഓരോ ഉപദേശവും ശ്രദ്ധിച്ചു കേൾക്കുന്നു.സത്യത്തിന്റെ പക്ഷത്തു നിൽക്കുന്നതിൽ നിന്നും യുണിഫോം നിങ്ങളെ തടയുന്നു എന്ന് അദ്ദേഹം പോലീസിനോട് പറയുന്നു.ഗ്രാമ സഭ ക്വാറിക്കെതിരെ വോട്ടു ചെയ്തെങ്കിൽ അത് പൂട്ടിയിരിക്കണമെന്നു അദ്ദേഹം ജനങ്ങളോട് പറയുന്നു.ഇന്ത്യൻ ഭരണഘടനയിൽ പൂർണ്ണമായും വിശ്വാസമർപ്പിച്ചിട്ടുള്ള ആളാണ്‌ അദ്ദേഹം.തന്റെ സാന്നിധ്യം ഒരു മാവോയിസ്റ്റ് ലുക്ക്ഔട്ട്‌ നോട്ടീസ് ആവശ്യപ്പെടാത്ത തരത്തിലുള്ള ഒരാൾ.വായനക്കാർക്കായി പറയട്ടെ,ഇവിടെ മാഫിയ എന്നത് എന്നെപ്പോലുള്ള ക്ഷുഭിതയായ ഒരെഴുത്തുകാരി ഉപയോഗിക്കുന്ന പദമല്ല.വളരെ ബഹുമാന്യനായ,പ്രായം ചെന്ന ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടെ കൂടെ ഉപയോഗിച്ച പദമാണ്.പ്രകൃതിയുടെ മേലുള്ള ഇത്തരത്തിലുള്ള കൊള്ള എല്ലാ ജനങ്ങളിലെയും രോഷം പുറത്തു കൊണ്ടുവരുന്നു.
****
കെ.എസ്സ്.എം എന്നാൽ  കൊട്ടുകാപ്പിള്ളി സാൻഡ് ആൻഡ് മെറ്റൽസ്‌ പ്രൈവറ്റ് ലിമിറ്റഡ് ആണെന്നും  അമ്പിട്ടൻ തരിശിൽ അവർ  തങ്ങളുടെ ക്രഷർ യൂണിറ്റ് ആരംഭിച്ചത് നാല് കോടി അൻപത് ലക്ഷത്തിൻറെ മൂലധന നിക്ഷേപത്തോടെയാണെന്നും,19 നവംബർ 2012 നു യൂണിറ്റിനു പ്രവർത്തനാനുമതി ലഭിച്ചു എന്നും അതിന് അവർക്ക് കേരളാ മലിനീകരണ നിയന്ത്രണ ബോർഡിൽ വെറും തുച്ഛമായ 20000 രൂപ അടക്കേണ്ടി വന്നുള്ളൂ എന്നും എനിക്ക് അറിയാൻ കഴിഞ്ഞു.ഈ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് എനിക്കറിയില്ല.എന്നാൽ ഒരു കാര്യം എനിക്കറിയാം.മൂല്യങ്ങളെയും പരിസ്ഥിതിയെയും വിലവെക്കാത്ത ഉദ്യോഗസ്ഥ മേധാവിത്തം വർദ്ധിച്ചു വരുന്ന ഇത് ഒരുപക്ഷെ അർത്ഥമാക്കുന്നത് ദരിദ്ര ജനങ്ങൾക്ക്‌ തന്തയില്ലാത്ത ധനികരുമായി ഏറ്റുമുട്ടാനാവില്ല എന്നാണു.ഒന്നുകൂടി ഓർക്കണം-കെ.എസ്സ്.എം എന്നത് പശ്ചിമഘട്ടത്തിലെ കാടുകളെയും നദികളെയും അതിന്റെ ജൈവ വൈവിധ്യത്തെയും അപൂർവ്വമായ പരിസ്ഥിതിയെയും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സസ്സ്യങ്ങളെയും പക്ഷികളെയും നശിപ്പിച്ചു കൊണ്ട് അതിനെ തുടർച്ചയായി ബലാത്സംഗത്തിനും കൊള്ളക്കും വിധേയമാക്കുന്ന അനവധി ക്വാറി മാഫിയകളിൽ ഒന്ന് മാത്രമാണ്.

ഞാൻ മറ്റൊരു കാര്യം കൂടി അറിഞ്ഞു.അടുത്തുള്ള മറ്റൊരു ഗ്രാമത്തിൽ ക്വാറിക്കെതിരെ സമരം ചെയ്ത ജനങ്ങളെ ലാത്തിച്ചാർജ് ചെയ്തു.മറ്റൊരു ഗ്രാമത്തിൽ അവർ ക്വാറി മാഫിയാകളുടെ വാടക ഗുണ്ടകളാൽ ആക്രമിക്കപ്പെടുകയും,ജനങ്ങൾക്കെതിരെ പോലീസ് കള്ളക്കെസ്സെടുക്കുകയും ചെയ്തു.രാഷ്ട്രീയക്കാർ ക്വാറി ഉടമകളുടെയും ക്രഷർ ഉടമകളുടെയും ഭാഗത്താണ്.കാരണം അവർ രാഷ്ട്രീയത്തിനു ഫണ്ട്‌ നൽകുന്നു,അവർ പണത്തിൻറെ അക്ഷയ പാത്രമാണ്.ഇന്ത്യ എന്നത് പാർലമെന്റ് സമുച്ചയത്തിൽ തുടങ്ങി ഇന്ത്യാഗെയ്റ്റിന്റെ അതിരുകളിൽ അവസാനിക്കുന്നു എന്ന് കരുതുന്ന വലിയ മാധ്യമങ്ങളുടെ കണ്ണുകളിൽ നിന്ന് അകലെയുള്ള ഒരു സ്ഥലത്ത് പ്രതിഷേധങ്ങൾ കൂടുതൽ കഠിനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അത് കൊണ്ട് ഇത്തരം സമരങ്ങൾക്കും ഈ വിധത്തിലുള്ള പ്രതിഷേധ സമ്മേളനങ്ങൾക്കും ഒരു ഗാന നൃത്ത റിയാലിറ്റി ഷോകൾക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധ പോലും ലഭിക്കാറില്ല. എന്ത് തന്നെയായാലും മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കുകയാണെങ്കിൽ പിന്നെ ആഡംബര വില്ലകളുടെയും വാനോളമുയരുന്ന അപ്പാർട്ട്മെന്റുകലുടെയും മുഴു പേജ് പരസ്യങ്ങൾ ആര് കൊടുക്കും?
*****************
ക്വാറിക്കെതിരെയും ഖനനത്തിനെതിരെയും പറയുന്ന ആരും വികസന വിരുദ്ധരായി മുദ്ര കുത്തപ്പെടും .തീർച്ചയായും "മാവോയിസ്റ്റ്" എന്ന് ലേബൽ ചെയ്യപ്പെട്ട ശേഷം.പ്രശ്നമെന്താണെന്നുവച്ചാൽ -പ്രകൃതിവിഭവങ്ങളെ തകർക്കാൻ മാത്രം ശ്രദ്ധാലുക്കളായ ഇത്തരം വികസന ഗുരുക്കന്മാർ പ്രേതാലയങ്ങളായ ടൌണ്‍ഷിപ്പുകൾ പടുത്തുയർത്തുന്നതിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ.അടുത്തകാലത്ത് കാക്കനാട്ടിൽ,ഒരുപാട് ബഹുനില കെട്ടിടങ്ങളും അപ്പാർട്ട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.കേരളത്തിലെ മറ്റെവിടെയും സ്ഥിതി ഇതുതന്നെയാണ്.റിയൽ എസ്റ്റെറ്റ് മാഫിയക്കാരെ വലിയ സമ്പന്നരാക്കുകയും ഹൗസ്കീപ്പർമാർക്കും വാച്ച്മാൻമാർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുറച്ചു തൊഴിലാളികൾക്കും തൊഴിൽ നൽകുകയും ചെയ്തതല്ലാതെ കെട്ടിട നിർമ്മാണ രംഗത്തെ ഈ കുതിച്ചു ചാട്ടം എന്താണ് നേടി തന്നിട്ടുള്ളത്.

കേരളത്തിലെ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം 11,89,144 ആണെന്ന് 2011 ലെ ഇന്ത്യാ സെൻസെസ്സിലെ കണക്കുകൾ സൂചിപ്പിക്കുന്നു.കേരളത്തിലെ മൊത്തം വീടുകളുടെ 10.6 %വരും ഇത് എന്നതും ഇവിടെ പ്രസക്തമാണ്.കഴിഞ്ഞ പത്തു കൊല്ലത്തിനിടയിൽ ജനസംഖ്യാ വളർച്ചാ നിരക്കിന്റെ നാലിരട്ടിയാണ് കൂണു പോലെ പൊന്തുന്ന ഇത്തരം വീടുകളുടെ എണ്ണത്തിന്റെ വളർച്ചാ നിരക്ക് എന്ന് ഒരു താരതമ്യത്തിനായി പറയാം. ഈ മുഴുവൻ റിയൽ എസ്റ്റെറ്റ് കുമിളയും,  രണ്ടാമത്തെയും മൂന്നാമത്തെയും വീടിനായുള്ള ആവശ്യവുംഒരു അവധിക്കാല വസതിക്കുള്ള അത്യാഗ്രഹവും,വീട് ഒരു ആസ്തി-വീട് ഒരു ഊഹക്കച്ചവട നിക്ഷേപം-വീട് ഒരു പ്രവാസി ഭാരതിയന്റെ രണ്ടാഴ്ചത്തെ സന്ദർശനം കാത്തുകിടക്കുന്ന ഒരു പൂട്ടിയിട്ട യൂണിറ്റ് എന്നത് പ്രകൃതിവിഭവങ്ങളുടെ വളരെ ആസൂത്രിതവും ക്രമീകൃതവുമായ ചൂഷണവും നവലിബറൽ കാലത്തെ സമ്പന്നരും കുലീനരും അടങ്ങിയ ഭരണവർഗ്ഗങ്ങളുടെ സ്വഭാവവിശേഷണങ്ങളെ പ്രകടമാക്കുന്ന അവസാനമില്ലാത്ത ഭൗതിക പൈശാചികതയുടെ ബീഭത്സ യാഥാർത്ഥ്യവുമാണ്. അങ്ങേയറ്റത്തെ മുതലാളിത്ത സ്വപ്നത്തിൽ,കുന്നുകളിൽ നിന്നും കൊള്ള ചെയ്ത അതേ കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ ഹൈ റൈസ് ഗേറ്റട് കമ്മ്യുണിറ്റികളിൽ നമ്മളും സംതൃപ്തരാകുമോ.
********
പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ ഒരു പട്ടിക കേരള സർക്കാരിന്റെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.ആ പട്ടികയിലുള്ള 620 ക്വാറികളിൽ ബഹുഭൂരിപക്ഷവും അധികവും ഗ്രാനൈറ്റ് കൊള്ള നടത്തുന്നവയാണ് ബാക്കിയുള്ളവ ലാറ്ററൈറ്റും കൊള്ള ചെയ്യുന്നു.ഇത് നിയമാനുസൃതമായ കണക്കു മാത്രമാണ്.കൊള്ള തുടർന്നു കൊണ്ടിരിക്കുന്ന അനധികൃത ക്വാറികളുടെ കണക്ക് ആർക്കും അറിയില്ല.

പശ്ചിമഘട്ടത്തിൽ പ്രവർത്തിച്ചു വരുന്ന 1700 അനധികൃത ക്വാറികളടക്കം 2700 ക്വാറികളു ണ്ടെന്നു ഗാഡ്ഗിൽ റിപ്പോർട്ട് പറയുന്നു.ഈ നിയമവിരുദ്ധ ക്വാറികൾക്ക് കളക്ടറിൽ നിന്ന് അനുമതിയില്ല ,ഗ്രാമപഞ്ചായത്തുകൾ അവയുടെ പ്രവർത്തനത്തിന് അനുമതി നിഷേധിച്ചവയാണ്,പക്ഷെ അവ പ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുന്നു,പാറകളെ മണലാക്കുന്നതും,കുന്നുകളെ പൊടിയാക്കുന്നതും തുടർന്നു കൊണ്ടേയിരിക്കുന്നു. ഈ റിപ്പോർട്ട് ബഹുമാന്യരായ ക്വാറി മാഫിയയും അവർ അംഗമായിട്ടുള്ള രാഷ്ട്രീയ പാർട്ടികളും ഉൾപ്പടെയുള്ള നമ്മുടെ സമൂഹത്തിലെ പല ഘടകങ്ങളെയും രോഷാകുലരാക്കി എന്നതിൽ അത്ഭുതമില്ല. ഇന്ത്യയെ പോലെ സുതാര്യമായ ഒരു രാജ്യത്തെ നാട്ടുനടപ്പനുസരിച്ച് ഈ റിപ്പോർട്ട് വളരെ വേഗത്തിൽ മാന്യമായി കുഴിച്ചു മൂടപ്പെട്ടു.510 പേജുകൾ വരുന്ന ഈ റിപ്പോർട്ട് വെളിച്ചം കണ്ടത് തന്നെ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷന്റെ വിധി ശരിവെച്ചു കൊണ്ട് ദൽഹി ഹൈക്കോടതി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടതിനെ തുടർന്നാണ്‌.പിന്നീട് പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തത്.റിപ്പോർട്ടിലെ മറ്റു പല നിർദ്ദേശങ്ങൾക്കുമൊപ്പം,പുതിയ ക്വാറികളിന്മേൽ സമ്പൂർണ്ണ മോറട്ടോറിയാം പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും എല്ലാ ഭാഗങ്ങളിൽ നിന്നും എതിർക്കപ്പെട്ടു.കേരളം കാശ്മീരാവുമെന്ന് ഒരു ക്രിസ്ത്യൻ ബിഷപ്പ് ഭീഷണിപ്പെടുത്തി.ജാലിയൻ വാലാ ബാഗ് ആവർത്തിക്കുമെന്ന് മറ്റൊരാൾ. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് നിർബന്ധം പിടിക്കുന്ന ഉദ്യോഗസ്ഥരെ ശിരച്ചേദം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു കൊണ്ട് കോണ്‍ഗ്രസ്സുകാർ ആയിരുന്നു കൂടുതൽ ആശ്വസിച്ചത്.
*********
 ഞാൻ അവിടെ നിന്നും കുറേ ദൂരം വന്നു.ഇപ്പോൾ ലണ്ടന്റെ പ്രാന്തപ്രദേശങ്ങളിൽ ഒരു എഴുത്തുകാരിയുടെ ഏതാണ്ട് ഏകാന്ത ജീവിതം നയിച്ചു വരുന്നു.കേരളത്തിലെ എന്റെ സുഹൃത്തുക്കൾ ഫെയ്സ് ബുക്കിൽ കാര്യങ്ങൾ അപ് ഡേറ്റ് ചെയ്യുകയും ഞാൻ സമരത്തെ പിന്തുടരുകയും ചെയ്യുന്നു.അവിടെ ഒരു റിലേ സത്യാഗ്രഹം നടക്കുന്നു.വൈറൽ ആയി പടരാൻ എല്ലാ ശേഷിയുമുള്ള ഒരു പടം ഒരാൾ ഷെയർ ചെയ്തിരിക്കുന്നു "ജനാധിപത്യം തുലയട്ടെ.ക്വാറി വേണ്ടെന്ന് അമ്പിട്ടൻതരിശിലെ ഗ്രാമസഭ പറയുന്നു.പക്ഷെ പഞ്ചായത്ത് ആ തീരുമാനം നടപ്പാക്കാൻ വിസമ്മതിക്കുന്നു."

 ഇങ്ങനെയാണ് വ്യവസ്ഥ നിഷ്ക്രിയമായിരിക്കുന്നത്: ഗ്രാമീണ ഭരണസംവിധാനം ഒരു തമാശയാണ്.വികേന്ദ്രീകരണം ഒരു മിഥ്യയാണ്,ജനങ്ങളുടെ സ്വയംഭരണം നിലനിൽക്കുന്നില്ല,ഒരു പരിസ്ഥിതി റിപ്പോർട്ട് ചവറ്റു കൊട്ടയിൽ എറിയപ്പെട്ടിരിക്കുന്നു.പോലീസുകാർ സാമൂഹ്യ പ്രവർത്തകരുടെ ഫോണ്‍ ചോർത്തുന്നു,ജനങ്ങൾക്ക്‌ ഒരു സമ്മേളനത്തിൽ മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി പോലീസ് നിഷേധിക്കുന്നു,നിശ്ശബ്ദത വളരെ ഫലപ്രദമായി വാങ്ങുകയോ അടിച്ചേൽപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നു.

ഈ കഥ മുഴുവനായിട്ടില്ല,ജനഹിതം മാനിച്ച് അമ്പിട്ടൻ തരിശിലെ ക്വാറി അടച്ചു പൂട്ടുമ്പോഴേ സന്തോഷകരമായ ഒരു അവസാനം ഇതിനുണ്ടാവു.ഭരണവർഗ്ഗങ്ങൾക്കും പോലീസിനുംക്വാറി മാഫിയക്കും എതിരെ നിവർന്നു നിൽക്കുന്ന അമ്പിട്ടൻ തരിശ് എന്ന ഒരു ചെറിയ ഗ്രാമത്തിന്റെ മാത്രം കഥയല്ലിത്.കേരളത്തിൽ അമ്പിട്ടൻ തരിശു പോലുള്ള ഇത്തരം ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട്.അവരുടെ കഥകൾ പുറത്തു വരാനിരിക്കുന്നതെയുള്ളു,അവരുടെ പോരാട്ടങ്ങൾ പൊട്ടിപുറപ്പെടാനിരിക്കുന്നതെയുള്ളു.

No comments:

Post a Comment