Friday 25 October 2013

വ്യവസ്ഥയുടെ ചലനനിയമങ്ങളെ നിരാകരിക്കുന്നതാണ് സമരം

തുഷാർ നിർമ്മൽ സാരഥി 

(ജനകീയ സമരങ്ങളുടെ രാഷ്ട്രീയ രൂപീകരണം എന്ന വിഷയത്തെ സംബന്ധിച്ച് 2013 സെപ്റ്റംബർ കേരളീയം മാസികയിൽ പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണത്തിന്മേലുള്ള പ്രതികരണം - കേരളീയം  2013 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് . സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണം അനുബന്ധമായി ചേർത്തിരിക്കുന്നു )

കേരളത്തിലെ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി എന്ന വിഷയം എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന ഒരു കാലമാണിത്. പല ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഒക്കെ മുൻകയ്യിൽ കേരളത്തിലെ ജനകീയ സമരങ്ങളുടെ ഒരു പൊതു പ്ലാറ്റ്ഫൊം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്,ഇപ്പോഴും സജീവമായി നടക്കുന്നു.പക്ഷെ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഈ ശ്രമങ്ങളൊന്നും വിജയിച്ചതായി കണ്ടിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരളീയം 2013 സെപ്തംബർ ലക്കം പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സി.ആർ.നീലകണ്‌ഠനുമായി നടത്തിയ ദീർഘ സംഭാഷണം പ്രസക്തമാകുന്നത്.കേരളത്തിൽ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ ഒക്കെ ഇടപെടുന്ന ഒരാളെന്ന നിലയിൽ,വെറും ഇടപെടലല്ല,അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ സമരങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന ഒരാളെന്ന നിലയിൽ നീലകണ്‌ഠൻറെ   അഭിപ്രായങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ആദ്യം തന്നെ എന്താണ് "ജനകീയ സമരം" എന്ന പേരു കൊണ്ട് അർത്ഥമാക്കുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്.അഭിമുഖത്തിൽ ഒരിടത്തും ഇത് വ്യക്തമാക്കപെടുന്നില്ല എന്ന ന്യൂനത നിലനിൽക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ജനകീയ സമരങ്ങളുടെ പൊതുരാഷ്ട്രീയ നിർമ്മിതിയെ അമൂർത്തമായ ഒരു സങ്കൽപ്പമായി സൗകര്യപൂർവ്വം വ്യാഖ്യാനിക്കാൻ നീലകണ്‌ഠനു കഴിയുന്നു.

കേരളജനതക്ക് മറ്റേതൊരു സമൂഹത്തെയും പോലെ സുദീർഘമായ ഒരു സമര ചരിത്രമുണ്ട്.എന്നാൽ 90 കളിൽ പുത്തൻ സാമ്പത്തിക നയത്തിന്റെ നടത്തിപ്പോടുകൂടികൂടിയാണ് ഇന്ന് ജനകീയ സമരങ്ങൾ എന്ന് നാം വിളിക്കുന്ന തരത്തിലുള്ള സമരങ്ങൾ വ്യാപകമാകുന്നത്.മുൻകാലങ്ങളിൽ നടന്നു വന്നിരുന്ന സമരങ്ങളിൽ നിന്നും  വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ മുൻകയ്യിൽ ഇന്ന് നടന്നുവരുന്ന സമരങ്ങളിൽ നിന്നും ഇത് വ്യത്യസ്തമാണ്.ഇന്നും രാഷ്ട്രീയ പാർടികളുടെ നേതൃത്വത്തിൽ ധാരാളം സമരങ്ങൾ നടക്കുന്നുണ്ട്,അവയിലെല്ലാം ജനങ്ങൾ പങ്കെടുക്കുന്നുമുണ്ടെങ്കിലും അവയെ നാം ജനകീയ സമരങ്ങൾ എന്ന വിവക്ഷയിൽ ഉൾപ്പെടുത്താറില്ല.ഏതെങ്കിലും പ്രാദേശികമായ പ്രശ്നങ്ങളിലോ,പ്രത്യേകമായ വിഷയത്തിലൊ ഊന്നി കക്ഷി രാഷ്ട്രീയ ഭേദമെന്യേ, വിഷയാധിഷ്ഠിതമായി,സ്വമേധയ സംഘടിക്കപ്പെട്ട ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ നേതൃത്വത്തിൽ/ മുൻകയ്യിൽ നടക്കുന്ന സമരങ്ങളെയാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ജനകീയ സമരങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നതെന്നു സാമാന്യമായി പറയാം.

ഇത്തരം സംഘാടനത്തിന്റെ പ്രകടമായ പ്രത്യേകത, സമരത്തിൽ കേരളത്തിലെ ഇന്നത്തെ ഭരണ-പ്രതിപക്ഷ മുന്നണികളിലായി അണിനിരന്നിട്ടുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ (അവയെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെന്നാണ് നാം വിശേഷിപ്പിക്കാറ്.പക്ഷെ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന അജണ്ട ഇവക്കൊന്നും ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പിലൂടെ അധികാരം കയ്യാളുക എന്ന മിനിമം അജണ്ടയിലൂന്നി  മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്നവയെന്ന നിലയിൽ അവയെ അധികാര വ്യവസ്ഥയുടെ ഭാഗമായ വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ എന്ന് വിളിക്കുകയാണ്‌ ഉചിതമെന്ന് തോന്നുന്നു.)അഭാവമാണ്.ഈ അഭാവം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.   
കാരണം ഇന്ന് നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളുടെ ഉറവിടമെന്നു പറയുന്നത് ഇതേ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും അവ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളും എല്ലാം ചേർന്ന് സംരക്ഷിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൂലധന കേന്ദ്രിതമായ,സാമൂഹികമായ അസമത്വത്തിലും അനീതിയിലും ഊന്നിയ, പരിസ്ഥിതി വിനാശകാരണങ്ങളായ,രാഷ്ട്രീയ-സാമ്പത്തിക-വികസന-സാമൂഹ്യ നയങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ നിലനിൽക്കുന്ന അധികാര വ്യവസ്ഥയെയും (വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ ഉൾപ്പടെ) വ്യവസ്ഥയുടെ ചലനനിയമങ്ങളെയും നിരാകരിക്കുന്നതും എതിർക്കുന്നതുമായ ഒരു തലം കൂടിയുണ്ട്. എന്നാൽ ജനകീയ                 സമരങ്ങളുടെ ഈ നിരാകരണത്തിന്റെ വശത്തെ മറച്ചു വച്ചുകൊണ്ടാണ് നീലകണ്ഠൻ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയത്തെ കുറിച്ച്  സംസാരിക്കുന്നത്.


     
    
വ്യവസ്ഥയോടും,അധികാരഘടനയോടുമുള്ള ഈ നിരാകരനത്തിന്റെ വശം പക്ഷെ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ രാഷ്ട്രീയബോധമായി പരിവർത്തനപ്പെടുകയോ സ്വാംശീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.നീലകണ്‌ഠനെ പോലുള്ളവർ നിരാകരണത്തിന്റെ ഈ വശത്തെ പൂർണമായും അവഗണിക്കുകയും ജനകീയ സമരങ്ങളുടെ സത്തയിൽ നിന്നും ചോർത്തികളയുകയും സമരങ്ങൾക്ക്    കാരണമായ വ്യവസ്ഥയോടും  അധികാരഘടനയോടും ജനകീയ സമരങ്ങളെ കൂട്ടികെട്ടുകയുമാണ് ചെയ്യുന്നത്.ജനകീയ സമരങ്ങൾ വ്യവസ്ഥാവല്ക്കരിക്കപ്പെടുക എന്ന ദുരവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  

അഭിമുഖത്തിൽ ഒരിടത്ത്,പ്രാദേശിക ഘടകങ്ങൾ പലപ്പോഴും സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നതായാണ് അനുഭവം എന്ന് അദ്ദേഹം പറയന്നു.മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് സമരവും പൊതു സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് ജനകീയ സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നത് എന്നാണ്.സമരത്തെ പൊതുസമൂഹത്തിൽ നിന്ന് അടർത്തിമാറ്റുന്ന സമീപനം അദ്ദേഹം അഭിമുഖത്തിലുടനീളം തുടരുന്നുണ്ട്."തദ്ദേശീയ സമൂഹത്തിനു ആ പ്രശ്നവുമായുള്ള കാര്യകാരണ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും പുറത്തുനിന്നെത്തുന്നവരുടെ ഇടപെടലിന്റെ യുക്തി.ഈ പൊരുത്തകേടാണ് പലപ്പോഴും 'ഹൈജാക്ക്'എന്നപേരിൽ  തെറ്റായി  വ്യാഖ്യാനിക്കപെടാറുള്ളത്.ഞാൻ പല സമരത്തിലും ഇടപെടുമ്പോഴും ഈ വൈരുദ്ധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്."..എന്ന് നീലകണ്ഠൻ പറഞ്ഞുവെക്കുമ്പോൾ അതിൽ,കാതികൂടത്തു ജൂലൈ 21 നു നടന്ന ലാത്തിച്ചാർജിനു കാരണം പുറത്തുനിന്നെത്തിയവരാണെന്ന വി.ഡി.സതീശന്റെയും ടി.എൻ.പ്രതാപന്റെയും ഭരണകൂടത്തിന്റെയും വ്യാഖ്യാനങ്ങളുടെ പ്രതിധ്വനിയാണ് മുഴങ്ങുന്നത്.      



വാസ്തവത്തിൽ നീലകണ്ഠൻ അഭിപ്രായപ്പെടുന്നതുപോലെ ജനകീയ സമരങ്ങളും പൊതുസമൂഹവും തമ്മിൽ ഏകോപനത്തിനു തടസ്സമാകുന്ന തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഒന്നും തന്നെയില്ല.ഇവിടെ നമ്മൾ കാണേണ്ടതും നീലകണ്ഠൻ കാണാത്തതോ കണ്ടിട്ടും കണാതിരിക്കുന്നതോ   ആയ വസ്തുത കേരളീയ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന പൊതുവായ ഭരണകൂട നയങ്ങളും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളും ഒരു പ്രത്യേക പ്രദേശത്തെയോ ഒരു പ്രത്യേക ജനവിഭാഗത്തെയോ പ്രത്യക്ഷത്തിൽ ദോഷകരമായി ബാധിക്കുമ്പോൾ ആണ് ജനകീയ സമരങ്ങൾ രൂപപ്പെടുന്നത് എന്നാണു.എന്നാൽ ഒരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കുമ്പോൾ തന്നെ സമൂഹത്തിൽ ഇതേ നയങ്ങളുടെ ഗുണഭോക്താക്കളായ മറ്റൊരു വിഭാഗവും ജനങ്ങൾക്കിടയിൽ ഉണ്ടാവാം.എന്നാൽ അന്തിമ വിശകലനത്തിൽ അവരും ഇതേ ഭരണകൂട നയങ്ങളുടെയും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളുടെയും ഇരകളാക്കി മാറ്റപ്പെടുന്നുണ്ടെന്നു കാണാൻ കഴിയും. ഉദാഹരണത്തിന് കാതികൂടത്തു പ്രവർത്തിക്കുന്ന നീറ്റ ജലാറ്റിൻ കമ്പനി നടത്തി വരുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരായ സമരമെടുക്കാം.മലിനീകരണത്തിന്റെ ഇരകളായ നാട്ടുകാരാണ് സമരത്തിൽ അണിനിരക്കുന്നത്.കമ്പനി അടച്ചുപൂട്ടണമെന്ന മുദ്രാവാക്യം സമരസമിതി ഉയർത്തുമ്പോൾ കമ്പനി തൊഴിലാളികളെ  തൊഴിൽ  നഷ്ടത്തിന്റെ പേരിൽ സംഘടിപ്പിക്കാനും സമരത്തിനെതിരെ അണിനിരത്താനുമാണ് മാനേജ്മെന്റിന്റെ ഒത്താശയോടെ ട്രേഡ് യുണിയനുകൾ ശ്രമിക്കുന്നത്. വാസ്തവത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ പ്രശ്നത്തേക്കാൾ മൂലധനത്തിന്റെ ലാഭം ഇല്ലാതാകുന്നതാണ് കമ്പനി മാനേജുമെന്റിനെ വിഷമിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.സൂക്ഷ്മമായ വിശകലനത്തിൽ ഇവിടെ തൊഴിലാളികളും സമരക്കാരും തമ്മിൽ ശത്രുതാപരമാവേണ്ട ഒരു വൈരുദ്ധ്യമല്ല.നിറ്റ ജലാറ്റിൻ കമ്പനി അവിടത്തെ തൊഴിലാളിയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തു കൊണ്ടാണ് പ്രവർത്തിക്കുന്നത്.അതോടൊപ്പം തന്നെ കമ്പനി നടത്തുന്ന മലിനീകരണത്തിന്റെ ആദ്യ ഇരയും കമ്പനി തൊഴിലാളിയാണ്.ഈ വസ്തുത മനസ്സിലാക്കുകയും തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടത്തെ കൂടി അഭിസംബോധന    ചെയ്യുന്ന വിധം സമരത്തെ വികസിപ്പിക്കുകയും ചെയ്‌താൽ തൊഴിലാളികളുടെ പിന്തുണ കൂടി നേടിയെടുത്തുകൊണ്ട് സമരത്തെ ശക്തിപെടുത്താൻ കഴിയും.അതാണ്‌ ജനപക്ഷത്തു നിൽക്കുന്നവർ ചെയ്യേണ്ടതും . 

വല്ലാർപാടം പദ്ധതിയുമായി ബന്ധപ്പെട്ടും സമാനമായ ഉദാഹരണം കാണാൻ കഴിയും.കുടിയിറക്കപ്പെടുന്നവർ സമരരംഗത്തു വന്നപ്പോൾ പദ്ധതിയെ അനുകൂലിക്കുന്ന വിഭാഗവും ഈ പ്രദേശത്തു ഉണ്ടായിരുന്നു.പദ്ധതി നടപ്പാകുമ്പോൾ തങ്ങളുടെ സ്ഥലത്തിനു മാർക്കറ്റ്‌ വിലയിൽ ഉണ്ടാകുന്ന വർദ്ധനവും ആ പ്രദേശത്ത്‌ ഉണ്ടാവുന്ന വികസനവുമായിരുന്നു അവരെ പദ്ധതിയെ അനുകൂലിക്കാൻ പ്രേരിപ്പിച്ചത്. ഇവരിൽ വലിയൊരു വിഭാഗം മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചവരായിരുന്നു.എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം നശിപ്പിക്കുന്നതാണ് പിന്നീടു കണ്ടത്.ഈ പ്രശ്നം മുൻകൂട്ടി മനസ്സിലാക്കുകയും ഇടപെടുകയും ചെയ്തിരുന്നെങ്കിൽ സമരത്തിന്‌ അവരുടെ പിന്തുണകൂടി നേടിയെടുക്കാനാകുമായിരുന്നു.ഇപ്പോൾ മാത്രമാണ് വല്ലാർപാടം പദ്ധതി കൊണ്ടുവരുന്നതു വികസനമല്ല,തങ്ങൾ ജീവിതം കരുപ്പിടിപ്പിച്ച ആവാസ മേഖലയിൽ നിന്നും പറിച്ചെറിയുന്ന ദുരന്തമാണെന്നു അവർ തിരിച്ചറിയുന്നത്.എന്നാൽ ഇത്തരം വൈരുദ്ധ്യങ്ങളെ പരിഹരിച്ച് ഏകോപിപ്പിക്കുന്നതിനുള്ള രാഷ്ട്രീയാവബോധത്തിന്റെ ഇല്ലായ്മയാണ് നീലകണ്‌ഠനെ പോലുള്ളവരുടെ കൈമുതൽ.അതുകൊണ്ട് തന്നെയാണ്,ഇടനിലക്കാരൻ എന്ന നിലയിൽ  അദ്ദേഹത്തെ ഭരണകൂടത്തിനു സ്വീകാര്യനാക്കി തീർക്കുന്നതും.
   
അഭിമുഖത്തിൽ അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ ജനകീയ സമരങ്ങളുടെ ഭൂമികയിൽ തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്."പ്രശ്നം താത്കാലികമായെങ്കിലും പരിഹരിക്കപ്പെടുക എന്നതായിരിക്കും അവർക്ക്  പ്രധാനം.അതുകൊണ്ട് അധികാരം കയ്യിലുള്ള,തീരുമാനമെടുക്കാൻ ബാധ്യസ്ഥരായ സംവിധാനങ്ങളോട് ജനകീയ സമരങ്ങൾക്ക് നിരന്തരം സംഭാഷണം നടത്തേണ്ടി വരുന്നു. ചില ഒത്തുതീർപ്പുകളുണ്ടാക്കാൻ വേണ്ടിയാണ് സമരങ്ങളെല്ലാം തുടങ്ങിയിട്ടുള്ളത് എന്നു  അദ്ദേഹം പറയുന്നു. മറ്റൊരിടത്ത് വീണ്ടും ഇതേ കാര്യം അദ്ദേഹം ഇങ്ങനെ ആവർത്തിക്കുന്നു. "ഭരണസ്ഥാപനങ്ങളും കോടതികളും എല്ലാം എതിരാകുമ്പോഴാണ് അതിജീവനത്തിൻറെ ഒത്തുതീർപ്പുകൾക്ക് പലരും സജ്ജരാകുന്നത്."ജനകീയ സമരങ്ങൾ അതിജീവനത്തിനായുള്ള ഒത്തുതീർപ്പുകൾക്ക് വേണ്ടിയാണ് ഉയർന്നു വരുന്നത് എന്നാണു ഫലത്തിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്.ഇവിടെ ഉയര്ന്നുവരുന്ന ചോദ്യം,ജനകീയ സമരങ്ങൾക്ക് ആധാരമായ,നിലനിൽക്കുന്ന അധികാരഘടനയോട് (കക്ഷി-രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ)നീലകണ്‌ഠനു എന്താണ് നിലപാട് എന്നതാണ്.ജനങ്ങൾ നിലനിൽക്കുന്ന അധികാരഘടനയോട് വിധേയപ്പെട്ടും,അത് ഔദാര്യമെന്ന മട്ടിൽ നീട്ടുന്ന പ്രശ്ന പരിഹാര കർമ്മങ്ങളിൽ തൃപ്തരായും താല്ക്കാലിക ആശ്വാസത്തിന് വേണ്ടി മാത്രം സംഘടിച്ചും ജീവിച്ചും മരിച്ചു പോകേണ്ട രാഷ്ട്രീയ ജീവികളും അവരുടെ സമരങ്ങൾ ഒട്ടും ചലനാത്മകമല്ലാത്തതും  പ്രാദേശികമായി മാത്രം നിലനിൽക്കുന്നവയുമാണ് എന്ന നിലപാടാണ് നീലകണ്‌ഠൻറെ അഭിപ്രായങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുക.

ഒരു പ്രത്യേക സമരം ആരാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചും നീലകണ്ഠൻ മുൻവിധികളോട്  കൂടിയാണ്(ഭരണ വർഗ്ഗങ്ങൾക്ക് തീർത്തും അനുയോജ്യമായ)  സംസാരിക്കുന്നത്. വല്ലാർപാടം ട്രാൻഷിപ്പ്മെൻറ് ടെർമിനലിനെതിരെയുള്ള സമരം മൂലമ്പിള്ളിക്കാർ നടത്തേണ്ടതല്ലെന്നും അതിനു ശേഷിയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ടെന്നുമുള്ള നീലകണ്‌ഠൻറെ അഭിപ്രായത്തിൽ നിഴലിക്കുന്നത് ഈ മുൻവിധിയാണ്.മൂലമ്പിള്ളിക്കാരുടെ രാഷ്ട്രിയ കർതൃത്ത്വത്തെയും ശേഷിയെയും താഴ്ത്തികെട്ടുന്നതും രക്ഷാകർതൃത്വ-മേൽക്കോയ്മ മനോഭാവത്തോടു കൂടിയതുമായ പ്രസ്താവനയാണിത്.ഇരകളാണ് സമരം ചെയ്യേണ്ടത് എന്ന അഭിപ്രായം മുൻപും പല അവസരങ്ങളിലും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.പ്രത്യേക പ്രശ്നങ്ങളാൽ നേരിട്ട് ബാധിക്കപ്പെടുന്ന ആളുകളെയാണ് ഇര എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഒറ്റ നോട്ടത്തിൽ ഈ പ്രസ്താവം ശരിയാണെന്ന് തോന്നാമെങ്കിലും സമരങ്ങളെ ഒറ്റപ്പെടുത്തി പ്രാദേശികമായി നിലനിർത്തി  സമീപിക്കാൻ വേണ്ടിയുള്ള സൗകര്യം കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.   

നീലകണ്‌ഠൻറെ അഭിപ്രായം ഒന്നുകൂടി പരിശോധിക്കാം.സർക്കാർ ഒരു വൻകിട വികസന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നു കരുതുക. അതിൻറെ ഭാഗമായി ഒരു വിഭാഗം ആളുകളെ കുടിയിറക്കുന്നു.കുടിയിറക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം നീലകണ്‌ഠന്റെ  അഭിപ്രായമനുസരിച്ചാണെങ്കിൽ ന്യായമായ പുനരധിവാസത്തിനായി സമരം ചെയ്‌താൽ മതിയാകും. അത് സർക്കാർ അംഗീകരിക്കുന്നതോടെ അവരുടെ പ്രശ്നം തീരും. ഇനി ഇതേ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ അഭിപ്രായമുള്ളവർ  ആ വിഷയം ഉന്നയിച്ചു സമരം ചെയ്യുകയും നിലനിൽക്കുന്ന അധികാരഘടനയോട് നിരന്തരം സംഭാഷണത്തിൽ ഏർപ്പെടുകയും ഒടുവിൽ അതിജീവനത്തിനായുള്ള ഒത്തുതീർപ്പെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ ഉറപ്പുവരുത്താമെന്ന അധികാരികളുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയും വേണം. ഇതേ പദ്ധതി നമ്മുടെ സ്വാശ്രയത്വത്തെ തകർക്കുന്നതാണെങ്കിൽ ആ സമരം ഏറ്റെടുക്കേണ്ടത് വേറെ സംഘടനകളാണ്.കുടിയിറക്കപ്പെടുന്നവർക്കോ പരിസ്ഥിതി പ്രശ്നമുണ്ടായിരുന്നവർക്കോ അതിൽ കാര്യമൊന്നുമില്ല.ഇനി സമരം ആത്യന്തികമായി പരാജയപ്പെട്ടാൽ പിന്നെ അതിലെ പാളിച്ചകൾ തിരുത്തേണ്ടത് മറ്റു സമരങ്ങളിൽ ആണുതാനും.
സമരം ആരു  ചെയ്യണമെന്ന കാര്യത്തിലും നീലകണ്ഠൻ വിഭാഗീയവും ചലനാത്മകമല്ലാത്തതുമായ നിലപാടാണ് വയ്ക്കുന്നത് . കേരളത്തിൽ ഇന്ന് വേരുപിടിച്ചിട്ടുള്ള ഒരു ഭരണ വർഗ്ഗ ചിന്തയാണ് ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് കൊണ്ട് അദ്ദേഹം ആവർത്തിക്കുന്നത് . പ്രശ്നങ്ങൾക്ക് കാരണമായ അതേ വ്യവസ്ഥിതി മുന്നോട്ടു വയ്ക്കുന്ന ചട്ടകൂടിനകത്തു നിന്ന് കൊണ്ട് സമരം ചെയ്യണമെന്നാണ് അധികാര ഘടന ശഠിക്കുന്നത് . അതിനെ ശരി വയ്ക്കുന്ന തരത്തിൽ ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ നിലനില്ക്കുന്ന അധികാര വ്യവസ്ഥയോട് വിധേയപ്പെട്ടു മാത്രം നില്ക്കേണ്ട ഒന്നായി താഴ്ത്തി കെട്ടിക്കൊണ്ടാണ് നീലകണ്ഠൻ ഇപ്രകാരം ചെയ്യുന്നത് . അതുകൊണ്ടാണ് സമരം ചെയ്യുന്ന ആളുകളെകുറിച്ചുള്ള തരം തിരിവ് അദ്ദേഹം മുന്നോട്ടു വക്കുന്നത്

അഭിമുഖത്തിൽ പരാമർശിക്കപ്പെട്ട മറ്റൊരു പ്രധാന പ്രശ്നം ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാണ്.കക്ഷി രാഷ്ട്രീയത്തെയും അധികാര വ്യവസ്ഥയെയും നിരാകരിക്കുന്ന ഒരു നിലപാട് പ്രകടമായല്ലെങ്കിലും  തുടക്കം മുതൽ തന്നെ ജനകീയ സമരങ്ങളിൽ അടങ്ങിയിട്ടുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്നം അധികാരികളുമായുള്ള സംഭാഷണങ്ങളിലൂടെ,വ്യവസ്ഥാപിതമായ രീതികളിലൂടെ പരിഹരിക്കാനുള്ള താത്പര്യവും മിക്ക ജനകീയ സമരങ്ങളിലും അടങ്ങിയിട്ടുണ്ട്.അവയുടെ പ്രകടമായ വശം ഇതാണ്.ഈ വൈരുദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് നിലനിൽക്കുന്ന  ദുഷിച്ച കക്ഷി-രാഷ്ട്രീയത്തിനു വിരുദ്ധമായി,ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി ലക്ഷ്യം വെക്കുന്നവരുടെ മുന്നിലുള്ള ചോദ്യം.വ്യവസ്ഥാപിത രീതികളിലുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പല കാരണങ്ങൾ ഉണ്ട്. നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ തങ്ങളുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്ന സങ്കുചിത താത്പര്യം മുതൽ തീക്ഷ്ണമായ സമരത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയമായ ശേഷിയില്ലായ്മ്മയും വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃത മാവുമെന്ന ഭയവും വരെ അതിനു കാരണമായിട്ടുണ്ടു് . നിലനിൽക്കുന്ന പൊതു ബോധം അപ്രകാരമാണ് അവരെ രൂപപ്പെടുത്തിയിരിക്കുന്നത് . സമരത്തിൽ ഉറച്ചു നിന്ന് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും അങ്ങനെ തങ്ങളുടെ ജീവിതം തീരുമാനിക്കുന്നതിൽ നിഷ്ക്രിയമായി നില്ക്കാതെ സക്രിയമായ രാഷ്ട്രീയ ഇടപെടലിന് അവരെ പ്രാപ്തിപ്പെടുത്തിയും അവരുടെ സമരവും പൊതു സമൂഹത്തിലെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ചും സമരത്തിന്‌ പൊതു സമൂഹത്തിൻറെ പിന്തുണ നേടിയെടുത്തുമാണ് സാമൂഹ്യ പ്രവർത്തകർ ജനകീയ സമരങ്ങളിൽ ഇടപെടെണ്ടത് . അപ്പോൾ മാത്രമാണ് ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം സാധ്യമാവുകയുള്ളു . എന്നാൽ ഇവിടെ നീലകണ്‌ഠനെ പോലുള്ളവർ സമരങ്ങളെ  ഒറ്റ തിരിച്ചും പ്രാദേശിക വിഷയങ്ങളാക്കി ചുരുക്കിയും അധികാര സ്ഥാപനങ്ങളുടെയും സമരത്തിൻറെയും ഇടയ്ക്കു നിന്ന് കൊണ്ട് ഒത്തുതീർപ്പുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏത് അർത്ഥത്തിലും പൊതു രാഷ്ട്രീയ രൂപീകരണത്തിന് തടസ്സം നില്ക്കുന്നതും ജനകീയ സമരങ്ങളെ വ്യവസ്ഥയിലേക്കു മാമോദീസ മുക്കുന്നതുമായ ഏർപ്പാടാണിത്

രാഷ്ട്രീയ പാർട്ടികളുടെ അകത്തും അവ തമ്മിൽ തമ്മിലും ഉള്ള അധികാര കളികളുടെ ഭാഗമായുണ്ടാവുന്ന വൈരുദ്ധ്യങ്ങൾ കാരണമാണ് പലപ്പോഴും അധികാര പാർട്ടികളുടെ നേതാക്കന്മാരോ , പാർട്ടികൾ  തന്നെയോ ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്‌ . അങ്ങനെ വരുന്നവർ തങ്ങളുടെ കളികളിൽ ഉപയോഗിക്കാവുന്ന ഒരായുധം മാത്രമായിട്ടാണ് ജനകീയ സമരങ്ങളെ കാണുന്നത് എന്നത് വ്യക്തമാണ് . ഇവിടെ നമ്മൾ എന്ത് നിലപാട് സ്വീകരിക്കണം എന്നതാണ് ചോദ്യം . തീർച്ചയായും ജനകീയ സമരങ്ങൾക്ക്  നിങ്ങളുടെ പിന്തുണ വേണ്ടെന്നു പറയേണ്ടതില്ല . പക്ഷെ അവരുടെ പിന്തുണയെ ജാഗ്രതയോടെ കാണേണ്ടതുണ്ട് . ധൃതരാഷ്ട്രാലിംഗനമായി മാറുന്ന തരത്തിലുള്ള പിന്തുണ ജനകീയ സമരങ്ങളുടെ  പരിഹാരത്തിനോ , പൊതു രാഷ്ട്രീയ നിർമ്മിതിക്കൊ ഗുണകരമല്ല . തിരിച്ചു അധികാര ഘടനയെ പ്രതിസന്ധിയിലാക്കുന്നതിന് ഇത്തരം പിന്തുണകളെ ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത് . എന്നാൽ മുഖ്യ ധാര എൻട്രി (എന്ന് വച്ചാൽ വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃതരാവാതിരിക്കാൻ സമരം അടിച്ചമർത്തപ്പെടാതിരിക്കാനും അധികാര വ്യവസ്ഥയെ അലോസരപ്പെടുത്താതെ അതിജീവനത്തിനുള്ള ഒത്തു തീർപ്പുണ്ടാക്കാനുള്ള മുന്നുപാധി ) പ്രതീക്ഷിച്ചു കക്ഷി - രാഷ്ട്രീയ നേത്രുത്വത്തിന് നിരുപാധികമായി സ്വാഗതം ആശംസിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഒരിക്കലും ജനപക്ഷത്തിൻറെ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന നടപടിയല്ല . നീലകണ്‌ഠനു അത്തരം ഒരു നിലപാട് മുന്നോട്ടു വെക്കാനില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി . ബി. ഒ . ടി സമരത്തിന്‌ പിന്തുണയുമായി ബി. ജെ . പി . വരുമ്പോൾ കേന്ദ്രം ഭരിച്ചപ്പോൾ എടുത്ത ജനവിരുദ്ധ നിലപാടുകളെപ്പറ്റി അവരോടു ചോദിച്ചു മാറ്റി നിറുത്തേണ്ട കാര്യമില്ല എന്നദ്ദേഹം പറയുന്നു . പക്ഷെ ജനപക്ഷത്ത് നിൽക്കുന്നവർക്ക് അത്തരം പിന്തുണയിൽ സംതൃപ്തരാവാൻ കഴിയില്ല . ബി. ജെ. പി യുടെ നിലപാടുകളെ വിമർശിച്ചു കൊണ്ട് തന്നെയാണ് അവരുടെ പിന്തുണ സ്വീകരിക്കേണ്ടത് . അപ്പോൾ മാത്രമേ ബി. ജെ . പി . എന്ന രാഷ്രീയ പാർട്ടിയിൽ അണിനിരന്നിട്ടുള്ളവരെ രാഷ്ട്രീയമായി  ഉണർത്തി , അവരുടെ നേതൃത്വത്തെ ഉത്തരം പറയാൻ നിർബന്ധിതമാക്കുന്ന തരത്തിലുള്ള ഇടപെടലായി അത് മാറുകയുള്ളൂ . എന്നാൽ നിരുപാധിക പിന്തുണ കൊണ്ട് ഈ രാഷ്ട്രീയമായ ബോധ്യപ്പെടുത്തലാണ് നടക്കാതെ പോകുന്നത് .

ചുരുക്കത്തിൽ ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രീതികളിലൂടെ അധികാര ഘടനയോടും , കക്ഷി - രാഷ്ട്രീയ സംവിധാനത്തോടും നിരന്തരം സംഭാഷണത്തിലേർപ്പെടട്ടും (സംവാദം പോലുമല്ല) ഭരണ സ്ഥാപനങ്ങളിലൂടെയും കോടതികളിലൂടെയും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചു പരാജയപ്പെട്ടും അതിജീവനത്തിന്റെ ഒത്തുതീർപ്പുകളിലൂടെ പരിഹരിക്കേണ്ടവയാണ് എന്നാണ് നീലകണ്ഠൻ പറഞ്ഞു വക്കുന്നത് . ജനകീയ സമരങ്ങളെക്കുറിച്ച് ഒട്ടും ചലനാത്മകമല്ലാത്ത ഒരു ചിത്രമാണ് അദ്ദേഹം നമുക്ക് മുൻപിൽ വരച്ചിട്ടിട്ടുള്ളത്  . അതുകൊണ്ട് തന്നെ ജനകീയ സമരങ്ങൾ പ്രാദേശികവും , പ്രശ്നം പരിഹരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഊന്നിയവയാണെന്നും അദ്ദേഹം പറയുന്നു . തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിനെതിരെ അതിനുള്ള പരിഹാരത്തിനായി മാത്രം ബാധിക്കപ്പെടുന്നവർ ചെയ്യേണ്ട സമരങ്ങളായിട്ടാണ് ജനകീയ സമരങ്ങളെ അദ്ദേഹം കാണുന്നത് . ഒരു സമരത്തിലുണ്ടാവുന്ന പാളിച്ചകൾ അടുത്ത തവണ സമാന പ്രശ്നങ്ങൾക്കെതിരെ ഉണ്ടാകുന്ന സമരങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം കരുതുന്നു . ഒരു സമരവും ആത്യന്തികമായി വിജയമോ പരാജയമോ അല്ലെന്നും സമരം ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . തന്റെ പരിമിതികളെ  മറച്ചു വെക്കുന്നതിനും തന്റെ പ്രവൃത്തികളെ സിദ്ധാന്തവല്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് അദ്ദേഹം അഭിമുഖത്തിലുടനീളം നടത്തിയിട്ടുള്ളത് . ജനകീയ സമരങ്ങളെ ചലനാത്മകമായി കാണുന്നതിനോ , അധികാരഘടനയോടും , വ്യവസ്ഥിതിയോടുമുള്ള നിരാകരണത്തിന്റെ വശത്തെ ഉയർത്തിപ്പിടിക്കുന്നതിനോ , ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളും പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാണിച്ച് വിശാലമായ ഐക്യത്തിന്റെ തലം രൂപീകരിക്കുന്നതിനെക്കുറിച്ചോ നീലകണ്‌ഠന് അഭിപ്രായമില്ല . കേവല യുക്തിയെ ഉപയോഗിച്ചുകൊണ്ട് വ്യവസ്ഥയുടെ നാലതിരുകൾക്ക് ഉള്ളിൽ  നിന്നുകൊണ്ട് സമരം ചെയ്യുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ ആദർശ വൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് . വാസ്തവത്തിൽ ഇത് നീലകണ്‌ഠന്റെ പരിമിതി കൂടിയാണ് . വിമോചാനാത്മക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വതെ വിമോചനാത്മകമായി  രൂപപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിയുന്നില്ല .
ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ ഒരു അമൂർത്ത സങ്കൽപ്പമല്ല . വിവിധ ജനകീയ സമരങ്ങൾക്ക് കാരണമായ പ്രശ്നങ്ങളുടെയും കേരളീയ പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളുടെയും ദുരിതങ്ങളുടെയും എല്ലാം അടിസ്ഥാന കാരണം ഇന്നത്തെ അധികാര ഘടനയും , വ്യവസ്ഥിതിയും തന്നെയുമാണ് എന്ന തിരിച്ചറിവിൽ ഊന്നിക്കൊണ്ടുള്ള ശ്രമങ്ങളാണ് ആ ഐക്യം സാധ്യമാക്കുക . കാരണം പ്ലാച്ചിമടയിൽ കൊക്കോ കോളയെ കുടിയിരുത്തിയ അതേ വികസന - സാമ്പത്തിക - കാഴ്ചപ്പാടാണ് കാതികൂടത്ത് നിറ്റ  ജെലാറ്റിന്റെ പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കുന്നത് . അതേ മൂലധന താത്പര്യത്തിലൂന്നിയ പരിസ്ഥിതി വിരുദ്ധ  വികസന - സാമ്പത്തിക നയങ്ങളാണ് ലാലൂരും വിളപ്പിൽശാലയും ഉണ്ടാവാൻ കാരണമാകുന്നത് . ഇന്ന് കേരളത്തിലെ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ചെറു ഗ്രൂപ്പുകളും വ്യക്തികളും തമ്മിൽ തമ്മിലുള്ള രാഷ്ട്രീയം മുതൽ വ്യക്തിപരമായി വരെയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം (ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും പൊതു രാഷ്ട്രീയ നിർമ്മിതിക്ക് തടസ്സം നിൽക്കുന്നുണ്ട്  ) . ജനകീയ സമരങ്ങൾക്ക് കാരണമാകുന്ന ഈ പൊതു തലം ഐക്യപ്പെടലിനുള്ള സാധ്യത തുറന്നിടുന്നുണ്ട് . ഈ  പൊതു തലം ഉയർത്തിപ്പിടിച്ചുകൊണ്ടും ജനകീയ സമരങ്ങളുടെ പുതിയ സമര തന്ത്രങ്ങൾ ആവിഷ്കരിച്ചും വികസിപ്പിച്ചും കൊണ്ട് മാത്രമേ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി സാധ്യമാകൂ. തീർച്ചയായും അത് ശ്രമകരമായ ഒരു ദൗത്യമാണ്. പ്രായോഗികതയുടെ പേരിൽ നീലകണ്ഠൻ കയ്യൊഴിയുന്നതു ഈ ദൗത്യമാണ് . അത് തിരുത്താൻ അദ്ദേഹം തയ്യാറാവേണ്ടതുണ്ട്. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയാണ്‌ രാഷ്ട്രീയം എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്.

അനുബന്ധം 
കേരളീയം മാസിക പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായുള്ള ദീർഘ സംഭാഷണം
https://drive.google.com/file/d/0B5627bPCiIXRMHBMU3N0bC1xMlU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRMHg0ZFBucEVYX2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXROFZFSmRLZzRDVFU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRQUFHYWxVaGJMRmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRT2xoOTUxNFdaY2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRUndSN201V2dVSEk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRWlJHb2RtSFZIM0k/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRY015OEJrRS1HQmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRZlFITlUyVkVuSW8/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa0tpRGpzSWg1ZVk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa1h3d1ZHNVJDaWM/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRaXhoOGoxVy1vSms/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRclhBdHh4RXNsSDQ/edit?usp=sharing

No comments:

Post a Comment