Sunday, 5 January 2014

അമ്പിട്ടൻതരിശിലെ ക്വാറിക്കെതിരായ സമരത്തെ അടിച്ചമർത്താനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതികരിക്കുക

   
    പാലക്കാട്‌ ജില്ലയിലെ ആലത്തൂർ താലുക്കിലെ കിഴക്കഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന അമ്പിട്ടൻ തരിശ് പ്രദേശത്തു പ്രവർത്തിച്ചു വരുന്ന കരിങ്കൽ ക്വാറികളുടെയും ക്രഷർ യൂണിറ്റിന്റെയും പ്രവർത്തനം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.കഴിഞ്ഞ 15 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന എം.ജെ.ജോണിയുടെ ഉടമസ്ഥതയിലുള്ള സെന്റ്‌.ജോർജ്,2012 ൽ പ്രവർത്തനം ആരംഭിച്ച ജോജി ജോർജിന്റെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ്സ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയും ക്രഷർ യൂണിറ്റും എന്നി ക്വാറികളാണ് ഈ പ്രദേശത്തു പ്രവർത്തിച്ചു വരുന്നത്. ക്വാറി പ്രവർത്തനം ആരംഭിച്ച കാലം മുതൽ തന്നെ അമ്പിട്ടൻ തരിശിലെ ജനങ്ങൾ പ്രയാസങ്ങൾ അനുഭവിച്ചിരുന്നെങ്കിലും വലിയതോതിൽ പാറ പൊട്ടിക്കുന്ന ജോജിയുടെ ഉടമസ്ഥതയിലുള്ള കെ.എസ്സ്.എം പ്രവർത്തനം ആരംഭിച്ചതോടെയാണ് ജന ജീവിതത്തെ സാരമായി ബാധിക്കുന്ന നിലയിൽ എത്തിയത്.

    അമ്പിട്ടൻ തരിശിലെ 85% ജനങ്ങളും റബ്ബർ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇടത്തരം ചെറുകിട റബ്ബർ കർഷകരാണ് ഇവിടെയുള്ളത്.വലിയൊരു വിഭാഗം റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ്.42 കുടുംബങ്ങൾ അധിവസിക്കുന്ന ഒരു കോളനി ഇവിടെയുണ്ട്.അതിൽ 20 കുടുംബങ്ങൾ ആദിവാസികളാണ്.ഈ കോളനിയുടെ തൊട്ടു കിഴക്കായിട്ടാണ് ക്വാറികൾ പ്രവർത്തിക്കുന്നത്.ക്വാറികളുടെ പ്രവർത്തനം മൂലം 20 ഓളം വീടുകൾക്ക് സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഈ പ്രദേശത്തിന് കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട കുടിവെള്ള ടാങ്കും ഈ കോളനിയിലാണുള്ളത് . ഈ പാറമടകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി അമ്പിട്ടൻ തരിശിലെ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ടിപ്പർ ലോറികൾ ദിനംപ്രതി ഇരുന്നൂറോളം ട്രിപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് . 2013 ഒക്ടോബർ 4 ന് ജോജിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽനിന്നും കല്ല്‌ കയറ്റുന്നതിനായി അതിവേഗതയിൽ ഓടിച്ചുവന്ന ടിപ്പർ ലോറിയിടിച്ചു റുബീന എന്ന 23 വയസ്സുകാരി മരണപ്പെടുകയുണ്ടായി . ഇത്രയും വലിയ ഗതാഗതം താങ്ങാനാകാതെ പഞ്ചായത്ത് റോഡുകൾ തകരുന്ന അവസ്ഥയിലാണ് .

    ക്വാറി പ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന പാറപ്പൊടി വായുവിൽ കലർന്ന് ചുറ്റുപാടും വ്യാപിക്കുന്നത് റബ്ബർ , തെങ്ങ് കൃഷികളെ ദോഷകരമായി ബാധിക്കുന്നുണ്ട്‌ .ഇത് കൃഷി നാശത്തിനും ഉൽപ്പാദനകുറവിനും കാരണമാകുന്നു . ക്വാറികൾ ഉണ്ടാക്കുന്ന സാമൂഹിക , സാമ്പത്തിക , പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്കൊണ്ട് പ്രദേശവാസികൾ യോഗം ചേരുകയും പി. കെ . രാജൻ കണ്‍വീനറും സജി ജോർജ് ചെയർമാനുമായി ഒരു ആക്ഷൻ കൗണ്‍സിലിന് രൂപം കൊടുത്തു . സി . പി . ഐ . എമ്മിന് വലിയ സ്വാധീനമുള്ള ഈ പ്രദേശത്ത് അവർ ക്വാറി ഉടമകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് . ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ കളക്ടർ ഉൾപ്പടെ വിവധ അധികാരികൾക്ക് ക്വാറിക്കെതിരായി പരാതികൾ നല്കിയിരുന്നു . റുബീനയുടെ മരണത്തെ തുടർന്ന് ക്വാറിക്കെതിരെയുണ്ടായ പ്രതിഷേധം ശക്തമാവുകയും ടിപ്പർ ലോറികൾ ജനങ്ങൾ തടയുകയും ചെയ്തു . ഇതിനെത്തുടർന്ന് സംഭവത്തിൽ ഇടപെട്ട മംഗലം ഡാം പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിച്ചത് .സമത്തിൽ പങ്കെടുത്ത പലരുടെയും വീടുകളിൽ പോലീസ് ചെല്ലുകയും ഭീഷണിപ്പെടുത്തുകയും പതിവായപ്പോൾ ആക്ഷൻ കൗണ്‍സിൽ കേരള ഹൈക്കോടതിയെ സമീപിക്കുകയും WPC 29816 / 2013 ആയി ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട് . അതിപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ് .

    ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗണ്‍സിൽ എന്നെ ക്ഷണിച്ചത് പ്രകാരം 2013 ഡിസംബർ 10 നു ഞാനവിടെ ചെല്ലുന്നത് . എന്നോടൊപ്പം പോരാട്ടം സംഘടനയുടെ അജിതൻ , സി . പി . എമ്മിന്റെ സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറി അയ്യപ്പൻകുട്ടിയും ഉണ്ടായിരുന്നു . അവരും ആക്ഷൻ കൗണ്‍സിൽ ക്ഷണിച്ചത് പ്രകാരമാണ് എത്തിയത് . തുടർന്ന് നടന്ന യോഗത്തിൽ ഞങ്ങളെല്ലാവരും സംസാരിക്കുകയും സമരം ശക്തമാക്കിയും , നിയമനടപടികളിലൂടെയും ക്വാറികൾക്കെതിരെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു . പിന്നീടുള്ള ദിവസങ്ങളിൽ സ്ഥലത്തെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് പുറമേനിന്നു ആളുകൾ സമരത്തിന്‌ വരുന്നത് വിലക്കുകയും ഞങ്ങളെല്ലാവരും തീവ്രവാദികളാണെന്നും ഇനി ഇവിടെ വരികയാണെങ്കിൽ ഉടനെ പോലീസിനെ അറിയിക്കണമെന്നും പറയുകയുണ്ടായി . റുബീനയുടെ അപകട മരണത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു . എന്നാൽ ക്വാറികൾ ചില ചെറിയ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ പ്രശ്നത്തിൽ ഇടപെട്ട ആർ.ഡി.ഓ ഉൾപ്പടെയുള്ള അധികാരികൾ അനുമതി നൽകി. ക്വാറികളുടെ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ ആക്ഷൻ കൌണ്‍സിൽ ക്വാറികളിലേക്ക് പ്രതിഷേധ മാർച്ച് തീരുമാനിക്കുകയും മാർച്ചിൽ പങ്കെടുക്കുന്നതിനായി എന്നെയും അജിതനെയും ക്ഷണിക്കുകയും ചെയ്തു . 29 / 12 / 13 നു രാത്രി ഞാനും അജിതനും അമ്പിട്ടൻ തരിശിൽ എത്തുകയും 30 ആം തിയ്യതി നടന്ന മാർച്ചിൽ പങ്കെടുക്കുകയും ചെയ്തു . ക്വാറിക്കുമുൻപിൽ പ്രതിഷേധ യോഗം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മംഗലം ഡാം പോലീസ് സ്റ്റേഷനിൽ നിന്നും എസ് . ഐ യും ഒരു വനിതാ കോണ്‍സ്റ്റബിൾ ഉൾപ്പടെ ആറോളം പോലീസുകാർ സ്ഥലത്തെത്തി . യോഗനടപടികൾ കഴിഞ്ഞപ്പോൾ എസ്. ഐ . എന്റെയും അജിതന്റെയും പേരും വിലാസവും ഫോണ്‍ നമ്പരും ആവശ്യപ്പെടുകയും ഞങ്ങൾ നല്കുകയും ചെയ്തു . പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ഞങ്ങൾ പ്രതികരിക്കുകയും അല്പനേരത്തെ വാക്കുതർക്കങ്ങൾക്ക് ശേഷം ഞങ്ങളെല്ലാവരും സ്ഥലത്ത് നിന്ന് പിരിഞ്ഞു പോയി .

    കേരളത്തിലെ പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ജനുവരി 10 നു വിപുലമായ സമര പ്രഖ്യാപന കണ്‍വെൻഷൻ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടാണ് ഞങ്ങൾ അവിടെ നിന്നും പോന്നത് . എന്നാൽ പിറ്റേന്നു മുതൽ അമ്പിട്ടൻ തരിശിലെ ജനങ്ങളിൽ ഭീതി പരത്തിക്കൊണ്ട് സ്പെഷ്യൽ ബ്രാഞ്ചിന്റെയും ലോക്കൽ പൊലിസിന്റെയും വിവിധ സംഘങ്ങൾ വീടുകൾ കയറിയിറങ്ങി ഭീഷണിപ്പെടുത്തുവാൻ ആരംഭിച്ചു . ഞാനും അജിതനും തീവ്രവാദികളും മാവോയിസ്റ്റുകളും ആണെന്നും ഞങ്ങളെ അവിടേക്ക് വിളിച്ചു വരുത്തിയതിനാൽ അവരെയും മാവോയിസ്റ്റുകളാണെന്ന പേരിൽ അറസ്റ്റു ചെയ്യുമെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത് . പ്രതിഷേധ മാർച്ചിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അവർ അറിയിച്ചു . ഞാനും അജിതനും തീവ്രവാദികളാണെങ്കിൽ എന്ത് കൊണ്ട് പോലീസ് അന്ന് അറസ്റ്റ് ചെയ്തില്ല എന്ന നാട്ടുകാരുടെ ചോദ്യത്തിന് അതിനു മതിയായ തെളിവുകളില്ല എന്നായിരുന്നു പോലീസിന്റെ മറുപടി . പോലീസിന്റെ ഭീഷണി അവഗണിച്ചുകൊണ്ട് കണ്‍വെൻഷനുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്.എന്നാൽ 3.1.14 നു വൈകുന്നേരം സ്ഥലത്തെത്തിയ പോലിസ് സംഘം വയനാട്ടിൽ മാവോയിസ്ടുകൾക്കായി ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ഈ പ്രദേശത്തു വ്യാപകമായി ഒട്ടിക്കുകയും പുറത്തു നിന്ന് ആർ വന്നാലും അവരെ അറസ്റ്റ് ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് കണ്‍വെൻഷൻ നടത്താനുള്ള തീരുമാനം ആക്ഷൻ കൗണ്‍സിൽ മാറ്റി വച്ചതായാണ് ഇപ്പോൾ അറിയുന്നത്.

    പോലീസിന്റെ ജനവിരുദ്ധവും,നിയമ വിരുദ്ധവും ആയ നടപടികൾ അവിടം കൊണ്ടും തീരുന്നില്ല.3.1.14 നു 2.59 pm നു എന്റെ സുഹൃത്ത് ജോളി ചിറയത്തിനു 914922262100 എന്ന നമ്പരിൽ നിന്നും ഒരു കോൾ വന്നു.മംഗലം ഡാം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു അറിയിക്കുകയും തുഷാർ നിർമ്മൽ സാരഥി എന്ന ആളെ അറിയുമോ എന്നും ചോദിച്ചു.ജോളി അറിയാമെന്നു മറുപടി നൽകിയപ്പോൾ അയാളുടെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും നമ്പർ കിട്ടിയത് കൊണ്ട് വിളിച്ചതാണെന്നും ജോളി ഏതു പോലിസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നതെന്നും അന്വേഷിച്ച ശേഷം ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.അതെ ദിവസം 3.04 pm നു എന്റെ മറ്റൊരു സുഹൃത്തായ ജെയ്സണ്‍.സി.കൂപ്പറിനെ അതെ നമ്പരിൽ നിന്നും വിളിക്കുകയും ജോളിയോടു അന്വേഷിച്ച അതെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.എന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ നിന്നും കിട്ടിയ പ്രകാരമാണ് വിളിക്കുന്നതെന്നും അദ്ദേഹത്തോടും പറഞ്ഞിരുന്നു.എന്റെ ഫോണ്‍ നിയമവിരുദ്ധമായി ചോർത്തികൊണ്ടാണ് മംഗലം ഡാം പോലീസ് ജോളിയുടെയും ജൈസണ്‍ന്റെയും നമ്പരുകൾ എടുത്തിട്ടുള്ളത്.പോലീസിന്റെ നിയമവിരുദ്ധമായ ഈ നടപടി എന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും സ്വകാര്യതക്കുള്ള എന്റെ അവകാശത്തിന്റെ ലംഘനവുമാണ്.ഇതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രടറിക്കും,ഡി.ജി.പി ക്കും,തൃശൂർ റേഞ്ച് ഐ.ജി ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പശ്ചിമ ഘട്ട സംരക്ഷണത്തിനായി നമ്മുടെ നാട്ടിൽ വാഗ്വാദങ്ങൾ മുറുകുമ്പോൾ ഈ സംഭവങ്ങൾ വലിയൊരു പാഠമാണ് നമുക്ക് നൽകുന്നത്.പരിസ്ഥിതിപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ ശ്രമിച്ചാലും നിലനിൽക്കുന്ന നമ്മുടെ ഭരണ സംവിധാനം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊ ജനങ്ങളെ സംരക്ഷിക്കുന്നതിനൊ യാതൊന്നും ചെയ്യാൻ തയ്യാറല്ല എന്നതാണ് ആ പാഠം. ജനങ്ങളുടെ ഒരു സമരത്തെ എങ്ങനെയാണ് ക്രിമിനൽവല്ക്കരിച്ച് ഇല്ലാതാക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. പശ്ചിമഘട്ട സംരക്ഷണത്തിനുത്തിനു നമ്മുടെ സംസ്ഥാനത്ത് വലിയ ഭീഷണി ഉയർത്തുന്ന ഒന്നാണ് ക്വാറിയിംഗ്.1700 ൽ അധികം അനധികൃത ക്വാറികൾ കേരളത്തിൽ പശ്ചിമഘട്ട മലനിരകളിൽ പ്രവർത്തിക്കുന്നതായി കണക്കാക്കപ്പെടുന്നു. .പക്ഷെ പൊതുവിൽ പറയപ്പെടുന്നത്‌ പോലെ ഇത് ഒരു മാഫിയ പ്രവർത്തനമായി കാണാൻ കഴിയില്ല.ഇത് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങൾ പങ്കാളികളാകുന്ന സംഘടിതമായ ഒരു സാമ്പത്തിക പ്രവർത്തനം കൂടിയാണ്. ഈ സാമ്പത്തിക പ്രവർത്തനമാകട്ടെ ഒറ്റപ്പെട്ടതല്ല . കേരളത്തിന്റെ സമ്പത്ത് ഘടനയെ ഇന്ന് ചലനാത്മകമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ് .നമ്മുടെ സമൂഹത്തിലെ അടിസ്ഥാന സാമ്പത്തിക പ്രവർത്തനങ്ങൾ പരിസ്ഥിതിവിരുദ്ധമായ അടിത്തറയിലാണ് ഊന്നിയിട്ടുള്ളത് എന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.കൂടാതെ ഇത്തരം സാമ്പത്തിക പ്രവർത്തനങ്ങളുടെ ഫലമായി നമ്മുടെ സമൂഹത്തിൽ ക്വാറി മുതലാളിമാരും,ഭൂമി കച്ചവടക്കാരും,കോണ്‍ട്രാക്ടർമാരും,അബ്കാരി മുതലാളിമാരും മറ്റും ഉൾപ്പടെയുള്ള       ഒരു പുതിയ സമ്പന്ന വർഗ്ഗം  ഉയർന്നു വന്നിട്ടുണ്ട്.നിയോ ലിബറൽ സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതാണ് ഈ വർഗ്ഗത്തിന്റെ താൽപര്യങ്ങൾ .സി.പി.എമ്മും,കോണ്‍ഗ്രസ്സും ഉൾപ്പടെയുള്ള കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നമ്മുടെ ഭരണ സംവിധാനവും  ഈ മധ്യവർഗ്ഗത്തിന്റെ താല്പര്യങ്ങളെ ആണ് പ്രതിനിധീകരിക്കുന്നതും സേവിക്കുന്നതും.മംഗലം ഡാം പോലീസ് അമ്പിട്ടൻ തരിശിലെ ക്വാറിക്കെതിരായ സമരത്തിനെതിരെ ശക്തമായി രംഗത്ത് വരുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.               

ക്വാറിക്കെതിരായി അമ്പിട്ടൻ തരിശിലെ ജനങ്ങൾ നടത്തുന്ന ചെറുത്തുനിൽപ്പിനെ ഒറ്റപ്പെടുത്തി അടിച്ചമർത്താൻ അനുവദിക്കരുത്.നമ്മുടെ സമൂഹത്തിന്റെ ഭാവി തീരുമാനിക്കപ്പെടാൻ പോകുന്നത് ഇത്തരം ജനകീയ സമരങ്ങളിലൂടെയാണ്. അതുകൊണ്ട്തന്നെ  കേരളത്തിലെ മുഴുവൻ പരിസ്ഥിതിപ്രവർത്തകരും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും അമ്പിട്ടൻ തരിശിലെ ജനങ്ങളോട് ഐക്യപ്പെടണമെന്നും ഈ സമരത്തെ ക്രിമിനൽവൽക്കരിക്കുന്നതിനു വേണ്ടി പോലീസ് നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും  അഭ്യർത്ഥിക്കുന്നു.
    
  • ഫോണ്‍ ചോർത്തുന്നതിനെതിരെ കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രടറിക്കും,ഡി.ജി.പി ക്കും,തൃശൂർ റേഞ്ച് ഐ.ജി ക്കും അയച്ച നോട്ടീസ് 
        https://drive.google.com/file/d/0B5627bPCiIXRVHg2bnVlT05rdDg/edit?usp=sharing
  • 30 . 12 . 2013 നു അമ്പിട്ടൻതരിശിൽ ക്വാറിക്കെതിരെ നടന്ന പ്രതിഷേധ മാർച്ചിനെ സംബന്ധിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത   
http://www.mathrubhumi.com/palakkad/news/2702364-local_news-palakkad-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html


No comments:

Post a Comment