Tuesday 11 March 2014

അമ്പിട്ടൻതരിശ് ക്വാറി വിരുദ്ധ സമരം ശക്തമാകവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാൻ പോലീസിന്റെ ശ്രമം.



അമ്പിട്ടൻതരിശിലെ ക്വാരിവിരുദ്ധ സമരം ശക്തമായി തുടരവേ ജനങ്ങൾക്കിടയിൽ ഭീതി പരത്തി സമരത്തെ തകർക്കാനുള്ള ഭരണകൂട നീക്കം സജീവമാകുന്നു. ഇന്ന് വൈകുന്നേരം സമര സ്ഥലത്തെത്തിയ വടക്കഞ്ചേരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരത്തെ സഹായിക്കാൻ എത്തുന്ന സാമൂഹ്യ പ്രവർത്തകർ തങ്ങുന്ന വീട് പരിശോധിക്കണമെന്നും വീടിന്റെ താക്കോൽ വേണമെന്നും ആവശ്യപ്പെട്ടു. അന്നേം സമരപന്തലിൽ ഉണ്ടായിരുന്ന ഹരിഹരശർമയോട് എന്തിനാണ് അവിടെ എത്തിയതെന്ന് ആരാഞ്ഞ പോലീസ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. സമര നേതാക്കൾ വീടിന്റെ താക്കോൽ കൊണ്ടുവന്നപ്പോഴേക്കും പോലീസ് തിരിച്ചു പോയി. നാളെ വീണ്ടും വരുമെന്ന് പറഞ്ഞാണ് പോലീസ് പോയതെന്ന് സമരക്കാരിൽ ചിലർ പറഞ്ഞു.

ക്വാരിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾ ഫെബ്രുവരി 25 ന് പാലക്കാട് ജില്ല കളക്ടർക്ക് നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ കലക്ടർ ആർ ഡി ഓ യോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്നേവരെ ആർ ഡി ഓ അമ്പിട്ടൻതരിശിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഗ്രാമ സഭ കൂടി ക്വാറി അടച്ചുപൂട്ടണമെന്ന് പ്രമേയം പാസാക്കിയെങ്കിലും കിഴക്കഞ്ചേരി പഞ്ചായത്ത് അത് നടപ്പാക്കാനും കൂട്ടാക്കുന്നില്ല. അമ്പിട്ടൻതരിശിൽ ഭരണകൂടത്തിന്റെ സജീവ സാന്നിധ്യമായി ജനങ്ങളെ വിരട്ടാനെത്തുന്ന പോലീസ് മാത്രമാണുള്ളത്. ഇക്കഴിഞ്ഞ്ട ദിവസം അമ്പിട്ടൻതരിശിൽ ഡെമോക്രാറ്റിക് ഫ്രണ്ടിയർ പ്രവർത്തകരായ തുഷാർ നിർമൽ സാരഥിയും ജെയ്സണ്‍ കൂപ്പറും സമരത്തെ പിന്തുണച്ച്ചുകൊണ്ടുള്ള തങ്ങളുടെ സംഘടനയുടെ പോസ്റ്റർ ഒട്ടിക്കവേ അവിടെ പാഞ്ഞെത്തിയ പോലീസ് പോസ്റ്റർ ഒരെണ്ണം ആവശ്യപ്പെട്ടു. അത് നോക്കുന്നതിനിടയിൽ പോലീസ് ഡ്രൈവർ എസ് ഐ യോട് ''നമുക്ക് വേണ്ടത് ഇവരെയാണ്" എന്ന് സ്വരം താഴ്ത്തി പറഞ്ഞതായി തുഷാറും കൂപ്പറും അറിയിച്ചു. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കാതെ സർക്കാർ ക്വാറി അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ ആവശ്യപെട്ടു.

No comments:

Post a Comment