Monday 3 March 2014

പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.- ഡെമോക്രാറ്റിക് ഫ്രണ്ടിയർ


പ്രായപൂർത്തിയായ ശേഷവും മക്കൾ പക്വതയില്ലാത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ
മാതാപിതാക്കൾക്ക് അത് തിരുത്താമെന്നും നിയന്ത്രണങ്ങൾ
ഏർപ്പെടുത്താമെന്നുമുള്ള കേരള ഹൈകോടതിയുടെ പരാമർശം അത്യന്തം ജനാധിപത്യ
വിരുദ്ധവും പ്രതിഷേധാർഹാവുമാണ്.

ഹൈകോടതി വിധി പൂർണ്ണമായും ജനാധിപത്യ വിരുദ്ധവും ഫ്യൂഡൽ കുടുംബ
ബന്ധങ്ങളുടെ യുക്തിയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. പക്വത
എന്നാലെന്താണെന്നും പക്വതയെത്തുന്നതെപ്പോഴാണെന്നും ഒരാളുടെ പക്വത
വിലയിരുത്തേണ്ടതാരാണെന്നുമുള്ള ഒട്ടേറെ ചോദ്യങ്ങൾ ഈ വിധിയുമായി
ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.
കുടുംബബന്ധങ്ങളുടെ ജനാധിപത്യ വൽക്കരണത്തിനെ ശക്തമായി പിന്നോട്ട്
വലിക്കുന്ന പിന്തിരിപ്പൻ യുക്തിയാണ് കേരള ഹൈകോടതി ഈ വിധിയിലൂടെ
മുന്നോട്ടു വയ്ക്കുന്നത്. രക്തബന്ധത്തെ ജനാധിപത്യവൽക്കരിക്കാതിരിക്കുന്നത്
കുടുംബ ബന്ധങ്ങൾക്കകത്തെ പുരുഷാധിപത്യത്തിനും ഫ്യൂഡൽ സദാചാര
മൂല്യങ്ങൾക്കും മാത്രമാണ് സഹായകമാവുക.ഇത് സ്ത്രീകളുടെയും കുട്ടികളുടെയും
അവകാശങ്ങളെ സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പുതിയ അവബോധത്തെ തന്നെ
ഇല്ലാതാക്കുന്നതാണ്.  കുടുംബ ബന്ധങ്ങളെ തകർക്കാൻ സ്വാതന്ത്ര്യം ദുരുപയോഗം
ചെയ്യരുതെന്നും മക്കളെ ഉപദേശിക്കാനും ശരിയായ വഴി കാട്ടിക്കൊടുക്കാനും
മാതാപിതാക്കൾക്ക് അധികാരം നൽകുന്നതാണ് നമ്മുടെ സാമൂഹിക
മൂല്യവ്യവസ്ഥയെന്ന് കോടതിവിധി പറഞ്ഞു വയ്ക്കുമ്പോൾ സ്വന്തം
ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായൊരു തീരുമാനം പോലും എടുക്കാൻ കഴിയാത്ത
വിധം കുടുംബ ബങ്ങളുടെ അടിമയായി കഴിയാനാണ് ചെറുപ്പക്കാർ
വിധിക്കപ്പെടുന്നത്. കുടുംബ ബന്ധങ്ങളുടെ നിലവിലുള്ള അവസ്ഥയെ
സംരക്ഷിക്കാനല്ല, മറിച്ച് ജനാധിപത്യപരമായി പുനർനിർമ്മിക്കാനാണ് ജനാധിപത്യ
ഭരണകൂടങ്ങൾ ശ്രമിക്കേണ്ടത്. എന്നാൽ അതിന് തീർത്തും വിരുദ്ധമായി പഴകിയ
പുരുഷാധിപത്യത്തിന്റെയും ഫ്യൂഡൽ മാടമ്പി ബോധത്തിന്റെയും സംരക്ഷകരായി
മാറിയിരിക്കുകയാണ് കോടതി.


തെറ്റായതും ജനാധിപത്യ വിരുദ്ധമായതുമായ ഈ കോടതി വിധി റദ്ദാക്കാനാവശ്യമായ
നടപടികൾ ഭരണകൂടം സ്വീകരിക്കണമെന്നും ഈ വിധി പുന:പരിശോധിക്കാനുള്ള വിവേകം
കോടതികൾ കാണിക്കണമെന്നും ഡെമോക്രാറ്റിക്  ഫ്രണ്ടിയർ ആവശ്യപ്പെടുന്നു.

No comments:

Post a Comment