Wednesday, 26 March 2014

അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിക്കുക- ഡെമോക്രാറ്റിക് ഫ്രണ്ടിയർ
അമ്പിട്ടൻതരിശിലെ ക്രഷറുകൾക്കും ക്വാരികൽക്കുമെതിരായി ജനങ്ങൾ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 20 ന് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നു. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്നും മാർഗ തടസം ഉണ്ടാക്കിയെന്നും ആരോപിച്ചാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച  അഡ്വ. പി എ പൗരൻ, ടി കെ വാസു, വി ടി പത്മനാഭൻ, അഡ്വ പി.ജെ മാനുവൽ, അഡ്വ. തുഷാർ നിർമൽ സാരഥി, വി കെ മുരളി, ദിവ്യ അഗസ്റിൻ തുടങ്ങി 13 പേർക്കെതിരെയും കണ്ടാല തിരിച്ചറിയാൻ കഴിയുന്ന മറ്റ് 80 പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. പരിപാടിക്ക് അനുവാദം ചോദിച്ച് നല്കിയ അപേക്ഷ പോലീസ് നിരസിച്ചതിനെത്തുടർന്ന് സമര സമിതി ഹൈക്കോടതിയെ സമീപിക്കുകയും കോടതി 2005 ലെ ഇത് സംബന്ധിച്ച ഗവൻമെന്റ് ഉത്തരവിന്റെയും അതേ വർഷം തന്നെയുള്ള ഹൈക്കോടതി ഉത്തരവിന്റെയും  പശ്ചാത്തലത്തിൽ 2 ദിവസത്തിനകം അപേക്ഷ പരിഗണിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതുമാണ്.  കോടതിയുടെ നിര്ദ്ദേശത്തെപ്പോലും തള്ളിക്കളഞ്ഞ പോലീസ് തികച്ചും സമാധാനപരമായി യാതൊരുവിധ മാർഗ തടസവും സൃഷ്ടിക്കാതെ നടത്തിയ മാർച്ചിനെതിരെ കേസെടുത്തിരിക്കുകയാണ്.

തങ്ങളുടെ ജീവിതങ്ങൾ ദുസ്സഹമാക്കുന്ന  ക്വാറികളും ക്രഷർ യൂണിറ്റുകളും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്  കിഴക്കാഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി  സമര രംഗത്താണ്. ഫെബ്രുവരി 23 ന് പ്രശസ്ത എഴുത്തുകാരി മീന കന്തസാമി ഉത്ഘാടനം ചെയ്ത സമര പ്രഖ്യാപന കണ്‍വെൻഷനോടുകൂടി തുടങ്ങിയ സമരം മാർച്ച് 1 മുതൽ നടന്നുവരുന്ന സത്യാഗ്രഹ സമരത്തോടെ ശക്തി പ്രാപിച്ചു. തികച്ചും സമാധാനപരമായി, ക്വാറിക്ക് സമീപമുള്ള ഒരു സ്വകാര്യ ഭൂമിയിൽ പന്തൽ കെട്ടിയാണ് നാട്ടുകാർ സത്യാഗ്രഹ സമരം നടത്തിവരുന്നത്. ഇന്നേവരെ യാതൊരുവിധ അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഒരു കല്ലെടുത്തുപോലും നാട്ടുകാർ ആരെയും എറിഞ്ഞിട്ടുമില്ല. പഞ്ചായത്ത് ഗ്രാമ സഭ കൂടിയെടുത്തൊരു തീരുമാനം നടപ്പാക്കിയെടുക്കാനാണ് ജനങ്ങൾ സമരം ചെയ്യുന്നത്. എന്നിട്ടും ഇന്നേവരെ പഞ്ചായത്ത് അധികാരികളോ, മറ്റു ബന്ധപ്പെട്ട അധികാരികളോ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഭരണകൂടത്തിന്റെ ആകെയുള്ള സാന്നിധ്യം നാട്ടുകാരെ വിരട്ടാൻവേണ്ടി മാത്രമെത്തുന്ന പോലീസുകാർ ആണ്. മീന കന്തസാമി പങ്കെടുത്ത സമര പ്രഖ്യാപന കണ്‍വെൻഷന് മൈക്ക് അനുമതി നിഷേധിച്ച പോലീസ് തന്നെയാണ് ഇപ്പോൾ കള്ളക്കെസുമായി വീണ്ടും സമരത്തെ തകര്ക്കാൻ രംഗത്തെത്തിയിരിക്കുന്നത്.

പോലീസിന്റെ ഈ നടപടി വളരെ വ്യക്തമായും ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റം കൊള്ളുന്ന ഒരു നാടിന്ന്റെ ജനാധിപത്യ പൊങ്ങച്ചങ്ങളെ തുറന്നുകാട്ടുന്നതാണ് ഇത്. സംഘം ചേരാന് പ്രതിഷേധിക്കാനുമുള്ള അവകാശം നിഷേധിക്കുക വഴി പോലീസ് ഇവിടെ മൂലധന ശക്തികളോടുള്ള തങ്ങളുടെ കൂറ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ നടപടിയിൽ ജനാധിപത്യ മൂലയ്ങ്ങളിൽ വിശ്വസിക്കുന്ന ഏവരും പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഡെമോക്രാറ്റിക് ഫ്രണ്ടിയർ അഭ്യർത്ഥിക്കുന്നു

No comments:

Post a Comment