Sunday, 12 January 2014

മുതലാളിത്തത്തിനും അപ്പുറം പോകാന്‍


(ലോകം മുഴുവൻ ആസന്ന ഭാവിയിൽ നേരിടാൻ പോകുന്ന  ഊർജ പ്രതിസന്ധിയെ മുൻനിർത്തി കെ സഹദേവൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖന പരമ്പരയ്ക്ക് സമകാലിക ലോകത്തെ പ്രമുഖനായ മാവോയിസ്റ്റ് സൈദ്ധാന്തികനായ അജിത്തിന്റെ മറുപടി. സംവാദങ്ങൾക്ക് തുടക്കമിടുന്നുവെന്നാണ് സഹദേവൻ അവകാശപ്പെട്ടിരുന്നതെങ്കിലും മറുപടിയായി അജിത്‌ നൽകിയ ലേഖനം മാതൃഭൂമി പ്രസിദ്ധീകരിക്കാതിരുന്നതിനെത്തുടർന്നാണ് അത് പ്രസിദ്ധീകരിക്കുവാൻ കഴിയുമോ എന്ന അന്വേഷണം  ഡെമോക്രാറ്റിക് ഫ്രനണ്ടിയറിന് മെയ്ൽ വഴി  ലഭിച്ചത്. സംവാദങ്ങൾക്കുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു )

അജിത്ത്    മനുഷ്യര്‍ക്കുള്ള വലിയൊരു ഗുണമാണു് സ്വപ്നം കാണാനുള്ള ശേഷി. മാവേലിനാടിന്റെ നന്മനിറഞ്ഞ നല്ലകാലം ഓര്‍ത്തെടുക്കുന്ന സ്വപ്നം ഇന്നത്തെ മനുഷ്യവിരുദ്ധ സാമൂഹ്യബന്ധങ്ങളും അനീതിനിറഞ്ഞ ചുറ്റുപാടുകളും മാറ്റിതീര്‍ക്കാനുള്ള ഊര്‍ജം പകരാം. പുലരുമ്പാള്‍ മറ്റൊരു ദുരിതദിനം സഹിക്കാനുള്ള താല്കാലിക ആശ്വാസമായി കടന്നപോയെന്നുംവരാം. സാധ്യമായ സംഭാവ്യതകളും അസാധ്യമായവും തമ്മിലുള്ള വേര്‍തിരിവാണിതു്. ഇതില്‍ രണ്ടാമത്തേതിനു് ഭാവന മതി. മര്‍ദ്ദിതര്‍ക്കുവേണ്ടി ത്രസിക്കുന്ന, പാരിസ്ഥിതികവിനാശങ്ങളില്‍ ദുഖിക്കുന്ന മാനവീകതകൂടി അതില്‍ ചാലിക്കുമ്പോള്‍ ആ സ്വപ്നം ഏറെ ആകര്‍ഷകമാകും. ഇതെങ്ങനെ സാധ്യമാക്കുമെന്ന അന്വേഷണത്തിലേക്കുവരുമ്പോഴാണു് അതിലെ അയഥാര്‍ത്ഥ്യം ബോധ്യമാവുക. സാധ്യമായ സംഭാവ്യതകളെ കുറിച്ചുള്ള സ്വപ്നങ്ങള്‍ അങ്ങനെയല്ല. നൂറ്റാണ്ടുകളുടെ സ്വാഭാവിക പരിവര്‍ത്തനങ്ങളും, പിന്നീടു് നിരവധി മനുഷ്യസംസ്കൃതികളുടെ ഇടപെടലും വഴി ഈ ലോകം എത്തിച്ചേര്‍ന്ന വര്‍ത്തമാനമാണു് അതിന്റെ ആരംഭം. ഈ ഭൂഗോളത്തിന്റെ സ്വാഭാവിക, മനുഷ്യ ചരിത്രത്തേകുറിച്ചുള്ള തിരിച്ചറിവു് അതിനുണ്ടു്. തന്മൂലം പോയകാലങ്ങളുടെ തുടര്‍ച്ചയില്‍ വര്‍ത്തമാനത്തെ സ്ഥാനപ്പെടുത്താനും വ്യത്യസ്തമായൊരു ഭാവിയെകുറിച്ചു് സ്വപ്നംകാണാനും അതിനു കഴിയുന്നു. മാര്‍ക്‌സിസവും അതിനുമുമ്പും പിന്നീടും ഉയര്‍ന്നുവന്ന സമത്വവാദങ്ങളും തമ്മില്‍ വേര്‍തിരിയുന്നതു് ഇവിടെയാണു്.

    തങ്ങള്‍ക്കു് മുമ്പേ കടന്നുപോയ ഫൂറ്യേ, സാങ് സിമോണ്‍, സമാകാലീനനായ റോബെര്‍ട്ടു് ഓവന്‍ മുതലായവരുടെ പ്രപഞ്ചവീക്ഷണങ്ങളോടു് കലഹിക്കുമ്പോഴും ആധുനിക സമത്വവാദ വീക്ഷണങ്ങള്‍ കരുപിടിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്കു് മാര്‍ക്‌സും എംഗല്‍സും വിലമതിച്ചു. തങ്ങളുടെ ശാസ്ത്രീയ (യാഥാര്‍ത്ഥ്യങ്ങളില്‍ അധിഷ്ഠിതമായ) സമീപനത്തിനു് വിപരീതമായി അവരുടേതു് സാങ്കല്പിക സോഷ്യലിസമായിരുന്നെന്നു് കുറിച്ചിടുമ്പോഴും ഈ മതിപ്പു് ഒട്ടും കുറച്ചിട്ടുമില്ല. ലെനിനു് അവര്‍ മാര്‍ക്‌സിസത്തിന്റെ ഒരു സ്രോതസ്സായിരുന്നു. ഈ സമീപനം മാര്‍ക്‌സിസ്റ്റുകള്‍ക്കു് ഇന്നും അവശ്യമാണു്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ ഏതുമാകട്ടെ, മനുഷ്യവിരുദ്ധമായ ഇന്നത്തെ ലോകത്തെ മാറ്റിതീര്‍ക്കാന്‍ പ്രേരണ നല്കുന്ന, സഹായകമാകുന്ന ഏതും സ്വീകരിക്കന്‍ അവര്‍ക്കു് കഴിയണം. സഹദേവന്റെ ലേഖനപരമ്പര (മാതൃഭൂമി, 91:29-32) ഇതു് ഓര്‍മ്മപ്പെടുത്തുന്നു. അതിര്‍ത്തികളില്ലാത്ത, സമത്വവും പാരിസ്ഥിതികസന്തുലനവുമുള്ള ലോകമെന്ന ഉദാത്ത സ്വപ്നത്തിലൂടെ, മാര്‍ക്‌സിസത്തില്‍ നികത്തേണ്ട ചില പോരായ്മകളെ കുറിച്ചുള്ള പരിശോധനയ്ക്കു് അതു് പ്രേരണയാകുന്നുമുണ്ടു്. മാര്‍ക്‌സിസത്തിനു് പകരം വഴികാട്ടിയായി സഹദേവന്‍ മുന്നോട്ടുവെയ്ക്കുന്ന കുമരപ്പന്‍ ദര്‍ശനം പരിശോധിച്ചുകൊണ്ടു് അതിലേയ്ക്കു് കടക്കാം.

    മനുഷ്യകേന്ദ്രീകൃത വികസനസമീപനത്തെ ജെസി കുമരപ്പ നിരാകരിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധവും അതിന്റെ സുസ്ഥിരമായ തുടര്‍ച്ചയും വിലമതിക്കുന്ന ഒന്നു് ഇതിനു് പകരംവെച്ചു. ഇതു് മാര്‍ക്‌സിസത്തിനു് അന്യമല്ല. "പ്രകൃതിയ്ക്കുമേലുള്ള മനുഷ്യവിജയങ്ങളില്‍ നാം അധികം ആത്മപ്രശംസയിലേര്‍പ്പെടേണ്ട... ഇങ്ങനെയുള്ള ഒരോ വിജയത്തിനും പ്രകൃതി നമുക്കുമേല്‍ പ്രതികാരം വീട്ടുന്നു... ഏതോ വൈദേശിക ജനതയെ കീഴടക്കിയവരെപോലെ, പ്രകൃതിയ്ക്കു പുറത്തു് നില്ക്കുന്നവരെപോലെ, നാം ഒരര്‍ത്ഥത്തിലും അതിനുമേല്‍ ഭരിക്കുന്നില്ലെന്നു് ഓരോ ചുവടും നമ്മേ ഓര്‍മിപ്പിക്കുന്നു... നമ്മള്‍ പ്രകൃതിയുടെ ഭാഗമാണു്, അതിനു് നടുവിലാണു് കഴിയുന്നതു്, അതിന്റെ നിയമങ്ങള്‍ മനസ്സിലാക്കി ശരിയായി പ്രയോഗിക്കാനുള്ള ശേഷിയുണ്ടെന്നതിലാണു് മറ്റു ജന്തുക്കളെ അപേക്ഷിച്ചു് നമുക്കു് മേല്‍കൈയുള്ളതു്. അതില്‍ മാത്രമാണു് പ്രകൃതിക്കു മേലുള്ള നമ്മുടെ വൈദഗ്ദ്യം കുടികൊളളുന്നതു്." എന്നു് എംഗല്‍സ് വ്യക്തമാക്കി ('വാനരനില്‍നിന്നു് മനുഷ്യനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്കു്', 1876)


ചരിത്രഗതിയെ മുന്‍നിശ്ചിത ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയായി മാര്‍ക്‌സിസം മനസ്സിലാക്കുന്നൂവെന്നും, മനുഷ്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണത്തിനു് ഇതു് തെളിവാണെന്നും വിമര്‍ശിക്കുന്നവരുണ്ടു്. മുതലാളിത്ത സാമൂഹ്യവൈരുദ്ധ്യങ്ങളുടെ പരിഹാരം കമ്മ്യൂണിസത്തിലേയ്ക്കു് നയിക്കുമെന്നല്ലാതെ, മനുഷ്യവംശത്തിന്റെ ആവിര്‍ഭാവം മുതല്‍ കമ്മ്യൂണിസം ഒരു അനിവാര്യതയായി മാറീയെന്നു് മാര്‍ക്‌സും എംഗല്‍സും പറഞ്ഞിട്ടില്ല. പ്രാകൃത കമ്മ്യൂണിസം, അടിമവ്യവസ്ഥ, ഏഷ്യാറ്റിക്കു് ഉല്പാദനവ്യവസ്ഥ, നാടുവാഴിത്തം, മുതലാളിത്തം എന്ന ചരിത്രവിവരണം ലഭ്യമായ വസ്തുതകളുടെ ചിട്ടപ്പെടുത്തലല്ലാതെ മുമ്പേ നിശ്ചയിക്കപ്പെട്ട അനിവാര്യ ഘട്ടങ്ങളായി അവര്‍ വിശേഷിപ്പിച്ചിട്ടുമില്ല. 'മാര്‍ക്‌സിന്റെ സിദ്ധാന്തം സാര്‍വ്വത്രികമായി ബാധകമായ ചരിത്രത്തിന്റെ ഏതോ ദാര്‍ശനിക പദ്ധതിയായി, സവിശേഷമായ ഒരു സാമഹ്യ-സാമ്പത്തിക രൂപീകരണത്തിന്റെ വിവരണത്തിനപ്പുറം മറ്റെന്തോവായി, ഒരു മാര്‍ക്‌സിസ്റ്റും കരുതിയിട്ടില്ല.' എന്നു് ലെനിന്‍ ജാഗ്രതപ്പെടുത്തുന്നു (സമാഹൃത കൃതികള്‍, വാല്യം 1, പേജു് 192). ഇതു് അവഗണിച്ചതുകൊണ്ടു് പിന്നീടു സംഭവിച്ച ഒരു വ്യതിയാനമായിരുന്നു ചരിത്രഗതിയുടെ അനിവാര്യ പതനങ്ങളായി അവതരിച്ച അഞ്ചു് ഘട്ട സിദ്ധാന്തം.

    ഭൗതിക പ്രപഞ്ചം മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തിനു മുമ്പു് നിലവില്‍ വന്നു, മനുഷ്യനില്‍നിന്നു് വേര്‍പെട്ടു് നിലനില്ക്കുന്നൂവെന്നാണു് മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ ഭൗതിവാദ നിലപാടുകള്‍ സ്ഥാപിക്കുന്നതു്. സൂര്യന്‍ ഒരു നാള്‍ കത്തിതീരുമെന്ന ശാസ്ത്ര ധാരണ മുന്‍നിര്‍ത്തി, ഈ ഊര്‍ജസ്രോതസ്സു് നഷ്ടമാകുന്നതോടെ മനുഷ്യരാശിയും അവസാനിക്കുമെന്നു് എംഗല്‍സു് രേഖപ്പെടുത്തി. മനുഷ്യകേന്ദ്രീകൃത സങ്കല്പങ്ങള്‍ക്കു് മാര്‍ക്‌സിസത്തില്‍ ഇടമില്ലെന്നു് സ്പഷ്ടം.

    ഈ നിഷേധത്തില്‍ യോജിക്കുമ്പോഴും ഇക്കാര്യത്തെ കുറിച്ചുള്ള കുമരപ്പന്‍ വീക്ഷണവും മാര്‍ക്‌സിസ്റ്റ് നിലപാടും തമ്മില്‍ മൗലിക അന്തരവുമുണ്ടു്. "ജന്തു ജീവിതത്തില്‍, ജീവന്റെ തുടര്‍ച്ചനിലനിര്‍ത്താന്‍ വിവിധ ഘടകങ്ങള്‍ അടുത്ത സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവന്റെ ചാക്രികതയിലാണു് പ്രകൃതിസ്ഥിരതയുടെ രഹസ്യം ... ഈ ചാക്രികചലനം മുറിയാത്തിടത്തോളം പ്രകൃതിയിലെ പ്രവൃത്തി ഇടതടവില്ലാതെ തുടരുന്നു, അതുവഴി പ്രകൃതിയെ സ്ഥിരതയുള്ള ഒന്നാക്കുന്നു." എന്നാണു് കുമരപ്പന്‍ സങ്കല്പം. "മുഴുവന്‍ പ്രകൃതിയും ഒരു പൊതുലക്ഷ്യത്തിനു് കൂട്ടിയിണക്കിയിരിക്കുന്നു." എന്നും ഇതേ കൃതിയില്‍ വാദിച്ചിട്ടുമുണ്ടു്. ('സ്ഥിരതയുടെ സമ്പദ്ഘടന', ജെസി കുമരപ്പ റീഡര്‍, പേജു് 75-6) പ്രകൃതിയില്‍ കാണുന്ന ചാക്രികതയും വിവിധഘടകങ്ങളുടെ പരസ്പരബന്ധവും തര്‍ക്കമറ്റ കാര്യമാണു്. എന്നിരിക്കലും, ജീവജാലങ്ങളുടെ പരിണാമത്തില്‍ ഹിമയുഗം, ഉല്ക്കവര്‍ഷംപോലുള്ള പ്രതിഭാസങ്ങള്‍ ഇത്തരം ചലനങ്ങളും ബന്ധങ്ങളും തകര്‍ത്തതും അത്രതന്നെ വാസ്തവമാണു്. അതായതു് ചാക്രികതയുടെ വേര്‍പെടാത്ത ആവര്‍ത്തനങ്ങള്‍ മാത്രമല്ല അതിലെ ആകസ്മിക തകര്‍ച്ചകളും പ്രകൃതിയുടെ സവിശേഷതയാണു്. ഇത്തരമൊരു ആകസ്മികതയാണല്ലോ മനുഷ്യരാശിയുടെ ആവിര്‍ഭാവത്തിലേയ്ക്കു നയിച്ച പരിണാമചങ്ങലക്കു് തുടക്കമിട്ടതു്.

    കുമരപ്പന്‍ വീക്ഷണത്തിലെ അശാസ്ത്രീയത മാത്രമല്ല ഇതില്‍നിന്നു് തെളിയുന്നതു്. പ്രകൃതിയിലെ വിവിധ ഘടകങ്ങളുടെ 'അടുത്ത സഹകരണം', അവ 'ഒരു പൊതുലക്ഷ്യത്തിനു് കൂട്ടിയിണക്കിയിരിക്കുന്നു' എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ശ്രദ്ധിക്കുക. 'സ്ഥിരത' സുസ്ഥിരമാക്കുന്നതിലൂടെ ഇവിടെ പ്രകൃതി തന്നെയാണു് പ്രത്യക്ഷത്തില്‍ കര്‍ത്താവും ലക്ഷ്യവും. സൂക്ഷ്മമായി നോക്കിയാല്‍ മറ്റൊന്നാണു് തെളിയുക. മൃഗങ്ങളുടെ ജൈവവാസനയായ പറ്റബോധത്തെ സഹകരണം എന്ന സാംസ്കാരിക സൃഷ്ടിയുമായി തുലനംചെയ്യാനാവില്ല. അപ്പോള്‍ പ്രകൃതിയിലെ 'സഹകരണം' ആയി അതിലെ പരസ്പരബന്ധങ്ങളെ വിശേഷിപ്പിക്കുമ്പോള്‍ ഒരു മാനുഷിക ഗുണത്തെ മനുഷ്യനിരപേക്ഷമായ പ്രകൃതിക്കുമേല്‍ കുമരപ്പ ആരോപിക്കുന്നു. പ്രകൃതിയ്ക്കു് മുന്‍നിശ്ചിതമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു് ധരിപ്പിക്കുക വഴി അതു് ഉറപ്പിക്കുന്നു. മനുഷ്യകേന്ദ്രീകൃത പ്രപഞ്ചവീക്ഷണത്തെ ഖണ്ഡിക്കാനാണു് കുമരപ്പ ആഗ്രഹിച്ചതെങ്കിലും ഒടുവില്‍ ആ കുറ്റിയില്‍തന്നെയാണു് കറക്കം. കുമരപ്പന്‍ ദര്‍ശനത്തിന്റെ ആശയവാദ സമീപനമാണു് ഇതിനു് ഇടയാക്കിയതു്.

    മാനുഷിക മൂല്യങ്ങള്‍ അടിച്ചേല്പിച്ചു് പ്രകൃതിയിലെ സ്വാഭാവിക ചലനങ്ങളെ ഈ സമീപനം കൃത്രിമമായി തരംതിരിക്കുന്നുമുണ്ടു്. "... ആടു് പുല്ലു് തിന്നുകയും വെള്ളം കുടിക്കുകയും അതുവഴി അഹിംസാപരമായി നിലനില്ക്കുകയും ചെയ്യുന്നു. അതേസമയം ആടിനെ തിന്നു്, അതിന്റെ രക്തംകുടിച്ചു് പുലി പ്രകൃതിപ്രക്രിയകളുടെ താളം തെറ്റിക്കുകയും അതുവഴി ഹിംസയ്ക്കു് ഇടം നല്കി അതിന്മേല്‍ സ്വന്തം നിലനില്പു് പൂര്‍ണ്ണമായി ഉറപ്പിക്കുകയും ചെയ്യുന്നു." എന്നാണു് കുമരപ്പ എഴുതിയതു് (പേജു് 76). മണ്ണില്‍നിന്നു് ധാതുക്കളും മറ്റും വലിച്ചെടുത്തു് സൂര്യവെളിച്ചത്തിന്റെ സഹായത്തോടെ ഊര്‍ജപരിവര്‍ത്തനം നടത്തുന്ന പുല്ലു് ആടിനു് തീറ്റയാകുന്നതും, അതിനെ തിന്നുക വഴി മറ്റൊരു രൂപത്തില്‍ പുലി ഊര്‍ജം സമ്പാദിക്കുന്നതും, അതിന്റെ കാഷ്ടത്തിലൂടെയും ചത്തശേഷം ജീര്‍ണ്ണ അവശിഷ്ടങ്ങളിലൂടെയും മറ്റനേകം ജീവികള്‍ക്കു ഭക്ഷണവും മണ്ണിനു് വളവുമാകുന്നതും പ്രകൃതിയിലെ മറ്റു പല ഭക്ഷണചങ്ങലകളെപോലെ സ്വാഭാവികമായ ഒന്നാണു്. തോന്നിയപോലെ ഇതില്‍ ഹിംസയും അഹിംസയും ആരോപിക്കുകവഴി പ്രകൃതിക്കുമേല്‍ ബ്രാഹ്മണ്യ സസ്യാഹാര യുക്തി അടിച്ചേല്പിക്കുകയല്ലേ കുമരപ്പ? ചോരചീന്തുന്നതു് ഹിംസ, ചീന്താത്തതു് അഹിംസ എന്ന യുക്തിരഹിത നിര്‍വ്വചനവും നിരത്തുന്നുണ്ടു്. ആടു് കടിച്ചെടുത്തു് ചവച്ചു് തിന്നുന്ന പുല്ലിനു് ആ പ്രവൃത്തി ഹിംസാപരമായ അനുഭവമാകില്ല എന്നു് കരുതാന്‍ കുമരപ്പയുടെ ബ്രാഹ്മണ്യവാദ ഏകപക്ഷീയതയല്ലാതെ മറ്റെന്താണു് പ്രമാണം?

   ചിരിക്കാന്‍ വകനല്കുന്ന അബദ്ധം മാത്രമായ ഈ പ്രകൃതിവീക്ഷണം സാമൂഹ്യബന്ധങ്ങളിലേയ്ക്കു് വ്യാപിപ്പിക്കുമ്പൊള്‍ അങ്ങേയറ്റം അപകടകരമായ പ്രതിലോമതയായി മാറും. ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ പ്രകൃതിയോടു് അടുത്തുനില്ക്കുന്ന ഒന്നായി പുകഴ്ത്തി അവിടെ നിറഞ്ഞുനില്ക്കുന്ന ഹിംസാപൂര്‍ണ്ണമായ ജാതിജടില ബന്ധങ്ങളെ അവഗണിച്ചാണു് ഗാന്ധി തന്റെ രാമരാജ്യ സങ്കല്പം മുന്നോട്ടുവെച്ചതു്. ഗാന്ധിശിഷ്യനായ കുമരപ്പയും അതു് ആവര്‍ത്തിക്കുന്നു. ഗാന്ധിയെപോലെ കുമരപ്പയും വര്‍ണ്ണാശ്രമ വ്യവസ്ഥയെ ന്യായീകരിച്ചു് അടിത്തട്ടിലുള്ളവരുടെ അദ്ധ്വാനത്തിന്റെ നിര്‍ണ്ണായകത്വം നിഷേധിച്ചു. കുമരപ്പയ്ക്കു് ശൂദ്രന്‍, '... തന്നേകുറിച്ചു് മാത്രം ചിന്തിക്കുകയും തന്റെ സ്വന്തം ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മാത്രം പണിയെടുക്കുന്നവനും...', ബ്രാഹ്മണന്‍, '...തന്റെ ഭൗതിക നിലനില്പുപോലും പരിഗണിക്കാതെ അതില്‍തന്നെ ഒരു ലക്ഷ്യമെന്ന നിലയ്ക്കു് ഒരാദര്‍ശത്തെ പിന്തുടരുന്നവനും...' ആണു്. (പേജു് 82-3) ശൂദ്രരുടെ നിര്‍ബന്ധിത വിധേയത്വവും അവര്‍ അനുഭവിച്ച ചൂഷണവും മറച്ചുവെയ്ക്കുന്ന ഈ കെട്ടുകഥയില്‍ ഉപരിവര്‍ഗത്തിന്റെ സാംസ്കാരിക ധാര്‍ഷ്ട്യം മുഴച്ചുനില്ക്കുന്നു. അടിത്തട്ടിലുള്ളവരുടെ ബന്ധങ്ങളും സംസ്കാരവും പലപ്പോഴും പരുക്കനായിരുന്നു. അന്നന്നത്തെ നിലനില്പിനേകുറിച്ചു് മാത്രം ചിന്തിക്കാന്‍ അനുവദിച്ച ജീവിതസാഹചര്യങ്ങളാണു് ഇതിനു് കാരണം. ഈ അവസ്ഥ സൃഷ്ടിച്ചതിലും നിലനിര്‍ത്തുന്നതിലും തങ്ങളുടെ ചൂഷണവും അടിച്ചമര്‍ത്തലും വഹിക്കുന്ന പങ്കു് മറച്ചുവെച്ചു് കീഴ്തട്ടിലെ പിന്നാക്കാവസ്ഥയെ ഉപരിവര്‍ഗം പരിഹസിക്കും. "തങ്ങളുടെ മൃഗീയാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ജീവിതസ്ഥിരതയ്ക്കു് ഉറപ്പു ലഭിക്കുകയും ചെയ്യുന്നിടത്തോളം കാലം ശൂദ്രര്‍ സേവിക്കാന്‍ സന്തുഷ്ടരാണു്..." എന്ന കുമരപ്പയുടെ വാദം അതിന്റെ ആവര്‍ത്തനമാണു് (പേജു് 79).

    ഗാന്ധിയെപോലെ, 'ആധുനിക ജാതിവ്യവസ്ഥ ആദര്‍ശത്തില്‍നിന്നു് വളരെ അകന്നുപോയി.' എന്നു് പരിതപിക്കുന്നുണ്ടെങ്കിലും തന്റെ ഗുരുനാഥനൊപ്പം താനും ജാതീയബോധത്തിനു് ഉടമയാണെന്നു് വര്‍ണ്ണവ്യസ്ഥയേകുറിച്ചുള്ള വിവരണങ്ങളിലൂടെ കുമരപ്പ തെളിയിച്ചു. ജാതി - ജന്മിത്ത പഴമക്കെതിരെ കലഹിക്കുന്നിനുപകരം അതിന്റെ ആധിപത്യ, ചൂഷക ബന്ധങ്ങളെ വെള്ളപൂശുകയാണു് കുമരപ്പ - "മതസ്വാധീനത്തിനു കീഴെ രാജ്യത്തെ സാമ്പത്തിക ഉല്പാദനം സംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഉല്പന്നമായിരുന്നു ജാതിവ്യവസ്ഥ. മത്സരജ്വരമില്ലാത്ത ഉല്പാദനത്തിനു് ഇടം കണ്ടെത്തുകയായിരുന്നു അതിന്റെ ലക്ഷ്യം. മറ്റുള്ളവരുടെ ചെലവിലുള്ള ചൂഷണവും കൈയ്യടക്കലും ഒഴിവാക്കാനാണു് നമ്മടെ ഗ്രാമങ്ങളിലെ സാമൂഹ്യ അഥവാ രാഷ്ട്രീയ സംഘാടനം ലക്ഷ്യംവെച്ചതു്." ('ദേശീയവാദം', പേജു് 151) അദ്ധ്വാനിക്കുന്ന 'മറ്റുള്ളവരുടെ', മര്‍ദ്ദിത ജാതികളുടെ, ചെലവിലല്ലാതെ ഒരു ദിവസംപോലും ബ്രാഹ്മണ്യവാദി വ്യവസ്ഥകള്‍ നിലനിന്നിട്ടുണ്ടൊ? പഴമയുടെ സുന്ദരദൃശ്യത്തില്‍ കരടായി നില്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കി, കൈയ്യോഴിയലിന്റെ സംസ്കാരമാണു് നമുക്കുണ്ടായിരുന്നതു്, കൈയ്യടക്കുന്ന സംസ്കാരമാണു് പാശ്ചാത്യരുടേതെന്നു് കുമരപ്പ ആരോപിക്കുന്നു. പഴമയിലേയ്ക്കു് മടങ്ങണമെന്നു് ആവശ്യപ്പെടുകയല്ല, പാശ്ചാത്യ അടിത്തറയില്‍ നമുക്കു് നമ്മുടെ ഭാവി കെട്ടിപടുക്കനാവില്ലെന്നും, 'നമ്മുടെ ഭാവി ഭൂതകാലത്തിനു് അനുസൃതമല്ലെങ്കില്‍ നാം തകരും...' എന്നു് ഓര്‍മിപ്പിക്കാനാണു് താന്‍ ശ്രമിക്കുന്നതു് എന്നു് കമരപ്പ പറയുന്നുമുണ്ടു്. പാശ്ചാത്യവിധേയത്വം തകര്‍ക്കാതെ മൂന്നാം ലോക രാജ്യങ്ങള്‍ക്കൊന്നിനുപോലും മുന്നേറാനാവില്ല. പക്ഷെ കുമരപ്പയുടെ ബ്രാഹ്മണ്യവാദ ഭൂതകാലസ്തുതിപാഠമല്ല ഇതിനുള്ള പോംവഴി. മറിച്ചു് 'പഴമ വര്‍ത്തമാനത്തെ സേവിക്കണം, വൈദേശികമായതു് ദേശീയ ആവശ്യങ്ങളെ സേവിക്കണം.' എന്ന മാവോ സേതുങ്ങിന്റെ മാര്‍ക്‌സിസ്റ്റു് സമീപനമാണു് ശാസ്ത്രീയം. പഴമയെയും വൈദേശികമായതിനേയും അതു് കണ്ണടച്ചു് സ്വീകരിക്കുന്നില്ല. എകപക്ഷീയമയായി നിരാകരിക്കുന്നുമില്ല.

    അശാസ്ത്രീയവും, മനുഷ്യകേന്ദ്രീകൃതവും, ബ്രാഹ്മണ്യവാദം മുറ്റിനില്ക്കുന്നതുമായ കുമരപ്പയുടെ ദര്‍ശനത്തില്‍ നിന്നു് എന്തു് പരിസ്ഥിതിബോധമാണു് സാധ്യമാകുക? അതിരുകളില്ലാത്ത ഒരു ലോകമെന്ന മാനവിക ആശയത്തിനു് എവിടെയാണു് അതില്‍ ഇടം? സഹദേവന്‍ സ്വപ്നംകാണുന്ന നല്ല നാളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ കുമരപ്പന്‍ സമീപനത്തില്‍നിന്നും, അതിനു് അടിത്തറയായ ആശയവാദത്തില്‍നിന്നും, വിടുതി നേടണം. അതല്ലെങ്കില്‍ ഉത്തരങ്ങളില്‍ എത്തില്ല. വിശകലനവും പാളും.

    എണ്ണപോലുള്ള ഖനിജ ഇന്ധനങ്ങളുടെ ലഭ്യത ഇടിയുന്നതും അതു് സൃഷ്ടിക്കാന്‍പോകുന്ന ഊര്‍ജപ്രതിസന്ധിയുമാണല്ലോ സഹദേവന്റെ ആരംഭബിന്ദു. ഖനിജ ഇന്ധനങ്ങളിലെ ഊര്‍ജത്തിന്റെ അളവു് കേന്ദ്രീകൃത സ്വഭാവമുള്ളതാണെന്നും, ഇതാണു് ഇന്നു കാണുന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തിലേയ്ക്കു് എത്താന്‍ സഹായകമായതു് എന്നും സഹദേവന്‍ കരുതുന്നു. ആഗോള എണ്ണഉല്പാദനത്തില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യങ്ങള്‍ വന്‍തോതില്‍ സമ്പത്തും അധികാരവും കൈയ്യാളുന്നൂവെന്നും പറഞ്ഞുവെച്ചു (91:29, പേജു് 14). അപ്പോള്‍, വികേന്ദ്രീകൃതവും താരതമ്യേന പരിമിതവുമായ ഊര്‍ജ്ജസ്രോതസ്സുകളെ ആശ്രയിച്ചു് വളരുകയും നീണ്ടകാലം നിലനില്ക്കുകയും ചെയ്ത മണ്‍മറഞ്ഞ കേന്ദ്രീകൃത സാമ്രാജ്യങ്ങളെ എങ്ങനെവേണം മനസ്സിലാക്കാന്‍? എണ്ണ ഉല്പാദനത്തില്‍ പ്രമുഖരായ മൂന്നാം ലോക രാജ്യങ്ങളല്ല, എണ്ണവിപണി നിയന്ത്രിക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങളാണു് ആഗോള സമ്പദ്ഘടനയെ നിയന്ത്രിക്കുന്നതു് എന്ന വസ്തുതയ്ക്കു് എവിടെയാണു് സ്ഥാനം? കാളയ്ക്കു മുമ്പേ വണ്ടി കെട്ടുന്ന ഏര്‍പ്പാടല്ലേ സഹദേവന്‍ ചെയ്യുന്നതു്? എണ്ണയുടെ ആധുനിക ഉപയോഗങ്ങള്‍ കണ്ടെത്തുന്നതിനും എത്രയോ മുമ്പു് കേന്ദ്രീകൃത മുതലാളിത്ത അധികാരവും കൊളോണിയല്‍ സാമ്രാജ്യങ്ങളും സമ്പത്തിന്റെ കേന്ദ്രീകരണവും ഉത്ഭവിച്ചു. എണ്ണ ഉല്പാദനവും വിപണനവും ചില കുത്തകകളുടെ കൈയ്യില്‍ കേന്ദ്രീകരിക്കാന്‍ മുതലാളിത്തമാണു് സാഹചര്യമൊരുക്കിയതു്. തിരിച്ചല്ല. സൗരോര്‍ജംപോലെയുള്ള വികേന്ദ്രീകൃത ഊര്‍ജ്ജോല്പാദനം മുതലാളിത്ത കേന്ദ്രീകരണത്തിനു് തടസ്സവുമല്ല.

   ഇനി എണ്ണയുടെയും മറ്റു് ഖനിജ ഇന്ധനങ്ങളുടെയും ശേഖരങ്ങള്‍ ശോഷിക്കുകയാണെന്ന വാദം നോക്കാം. അറിയപ്പെട്ടിരുന്ന ക്രൂഡു് എണ്ണയുടെ ലഭ്യത കുറയുന്നുണ്ടെങ്കിലും മുമ്പു് ഒഴിവാക്കിയ അസംസ്കൃതവസ്തുക്കളുടെ ഖനനം സമീപകാലത്തു് വര്‍ദ്ധിച്ചിട്ടുണ്ടു്. ഇതുവരെ എത്തിചേരാനാകാത്ത എണ്ണഖനിപ്രദേശങ്ങളിലേയ്ക്കു് കുത്തകകള്‍ പ്രവേശിക്കുകയുമാണു്. ഷേല്‍എണ്ണയാണു് ഇതിലാദ്യം പറഞ്ഞതില്‍ പ്രധാനം. ഭൂമിക്കടിയിലുള്ള ഷേല്‍പാറകളെ ചില രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ വെള്ളം ശക്തമായി ചീറ്റിച്ചു് പൊടിയാക്കി പമ്പുചെയ്തെടുത്താണു് ഷേല്‍എണ്ണ ഖനനം. ഇതു് വലിയ പാരസ്ഥിതിക ദുരന്തങ്ങള്‍ക്കു് കാരണമാകുമെന്നു് സംശയമില്ല. പക്ഷെ ഇതിനെ ആശ്രയിച്ചു് അമേരിക്ക എണ്ണസ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ എണ്ണ ഉല്പാദനത്തില്‍ റഷ്യയെ കവച്ചുവെയ്ക്കുമെന്നാണു് അവകാശവാദം. കാനഡയിലെ ടാര്‍മണ്ണില്‍ നിന്നുള്ള എണ്ണ ഉല്പാദനം, കാലാവസ്ഥാ മാറ്റം മൂലം മഞ്ഞുരുകിയ ആര്‍ട്ടിക്കു് പ്രദേശത്തു് ഇപ്പോള്‍ സാധ്യമായ ഖനനം, മുതലായവയാണു് ഈ മേഖലയിലെ മറ്റു ചില നീക്കങ്ങള്‍. മുതലാളിത്തത്തിന്റെ അന്തിമ പരിധിയായി സഹദേവന്‍ കരുതുന്ന എണ്ണലഭ്യതയിലെ ഇടിവു് ലോക സാമ്രാജ്യത്വം കുറെയധികം ദശകങ്ങള്‍ക്കു് നീട്ടിവെച്ചെന്നു് ചുരുക്കം. എണ്ണലഭ്യതയില്‍ ഇടിവുണ്ടാകുന്നതോടെ വിപണിയിലും ലാഭത്തിലും അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്ക്രമങ്ങളെ പുനര്‍സംഘടിപ്പിക്കാന്‍ സുവര്‍ണ്ണാവസരം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ഈ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ തകരും.

    ഖനിജ ഇന്ധനങ്ങള്‍ കുഴിച്ചെടുത്തു് സംസ്കരിച്ചാല്‍ ലഭിക്കുന്ന ഊര്‍ജവും അതിനായി ചെലവിടുന്ന ഊര്‍ജവും തമ്മിലുള്ള അനുപാതം തീരെ കുറഞ്ഞിരിക്കുന്നൂവെന്നു് സഹദേവന്‍ ചൂണ്ടിക്കാട്ടിയതു് വളരെ ശരിയാണു്. മുമ്പു് ലാഭകരമല്ലാതിരുന്ന ഷേല്‍എണ്ണ ഖനനവും മറ്റും ഇന്നു് സാധ്യമാക്കുന്നതില്‍ ഇതും പങ്കുവഹിച്ചു. പക്ഷെ അതുതന്നെയാണു് പ്രശ്‌നം. ഊര്‍ജത്തിന്റെ ചെലവും ലഭ്യതയും തമ്മിലുള്ള അനുപാതമല്ല, മുതല്‍മുടക്കിനു് കിട്ടുന്ന ലാഭമാണു് മുതലാളിത്തത്തെ ചലിപ്പിക്കുന്നതു്. ഇന്നു് ലാഭംകിട്ടുമെങ്കില്‍ മുതല്‍മുടക്കും. നാളെ അതുകൊണ്ടുണ്ടാകാന്‍പോകുന്ന മനുഷ്യ, പരിസ്ഥിതി ദുരന്തങ്ങള്‍ നാളത്തെകാര്യം. അന്നു് അതില്‍നിന്നും ലാഭമുണ്ടാക്കാനുള്ള വഴികളായിരിക്കും അതിപ്പൊഴേ അന്വേഷിക്കുക. ഈ ലാഭത്ത്വരയാണു് മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ, ചാലകം. ലാഭക്കൊതിയില്‍ എവിടേയും എത്തുന്ന, എന്തിനേയും ഉപയോഗിക്കുന്ന മൂലധന ആത്മാവിന്റെ വ്യക്തീകൃത സ്വരൂപമാണു് മുതലാളി എന്നു് മാര്‍ക്‌സ് രേഖപ്പെടുത്തി. തങ്ങളുടെ ഉല്പാദനം സൃഷ്ടിക്കുന്ന പാരിസ്ഥിതികനാശം അറിയാത്തവരല്ല അവര്‍. മൂലധനവാഹകരെന്ന നിലയ്ക്കു് അതേ അവര്‍ ചെയ്യു. വിനാശകരമായ ഈ യാത്ര ഒന്നുകില്‍ അവരുടെ സമ്പദ്ഘടനയും വെട്ടിപിടുത്ത യുദ്ധങ്ങളും വരുത്തിവെയ്ക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയോടെ, ഈ ഭൂഗോളത്തിലെ ജീവജാലങ്ങളുടെ നാശത്തോടെ, അവസാനിക്കും. അതല്ലെങ്കില്‍ അവരുടെ വ്യവസ്ഥയെ അവസാനിപ്പിക്കണം. മുതലാളിത്തത്തിന്റെ പുനര്‍സംഘടന അസാധ്യമാണു്. അതിനെ നശിപ്പിക്കണം. അതിന്റെ ഹിംസയെ ഹിംസകൊണ്ടു് നേരിടാതെ ഇതു് സാധ്യമാവില്ല.

    എന്നിട്ടോ എന്നായിരിക്കും ചോദ്യം. നാളിതുവരെയുള്ള സോഷ്യലിസ്റ്റ് ഉദ്യമങ്ങള്‍ക്കൊന്നിനും മുതലാളിത്തത്തിലെ പാരിസ്ഥിതികനാശത്തില്‍നിന്നു് മൗലികമായി വേര്‍പെട്ട വികസനപാതകള്‍ വെട്ടിതെളിയ്ക്കാനാവാത്ത സാഹചര്യത്തില്‍ മാര്‍ക്‌സിസത്തിന്റെ വിപ്ലവപാത ആശ്രയിച്ചിട്ടു് ഇനി കാര്യമില്ലെന്നു് വാദിക്കും. പാരിസ്ഥിതിക ഉള്‍ക്കാഴ്ചകളുണ്ടായിരുന്നെങ്കിലും മാര്‍ക്‌സും എംഗല്‍സും വ്യാവസായിക വികസനത്തേയും 'പുരോഗതി'യെയും എതിര്‍ത്തിരുന്നില്ല എന്നാണു് സഹദേവന്റെ ആരോപണം. മാര്‍ക്‌സിസത്തിന്റെ സ്ഥാപകനേതാക്കളുടെ നിലപാടുകളുടെ പരിശോധനയിലേയ്ക്കു് കടന്നാലെ ഇതിനെല്ലാം ഉത്തരംകണ്ടെത്താനാകു. എന്തായിരുന്നു അവരുടെ പാരിസ്ഥിതിക ധാരണകള്‍? മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ കുറിച്ചുള്ള എംഗല്‍സിന്റെ താക്കീതും വിശദീകരണവും മുമ്പു് ഉദ്ധരിച്ചതാണു്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള തുടര്‍ച്ചയായ ജൈവപ്രതിപ്രവര്‍ത്തനവും പരിവര്‍ത്തനവുമായിട്ടാണു് (മെറ്റാബോളിക്കു് റിലേഷന്‍) മാര്‍ക്‌സു് അധ്വാനപ്രക്രിയയെ വിശേഷിപ്പിച്ചതു്. മുതലാളിത്തത്തില്‍ സംഭവിക്കുന്ന നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള ശത്രുതാപരമായ വേര്‍പെടലും മുതലാളിത്ത ഉല്പാദനബന്ധങ്ങളും ഈ ജൈവബന്ധത്തില്‍ 'അപരിഹാര്യമായ വിടവു്' സൃഷ്ടിച്ചൂവെന്നു് മാര്‍ക്‌സു് രേഖപ്പെടുത്തി ('മൂലധനം', വാല്യം 3, പേജു് 949-50). മുതലാളിത്ത വ്യവസായവും കൃഷിയും വിമര്‍ശനവിധേയമാക്കി 'വന്‍കിട വ്യവസായവും വ്യാവസായിക അടിസ്ഥാനത്തിലുള്ള വന്‍കിട കൃഷിയും ഒരേ ഫലം സൃഷ്ടിക്കുന്നു...ആദ്യത്തേതു് അധ്വാനശക്തി ദൂര്‍ത്തടിച്ചു് നശിപ്പിക്കുന്നു...രണ്ടാമത്തേതു് മണ്ണിന്റെ സ്വാഭാവിക ശക്തിയുടെ കാര്യത്തില്‍ അതുതന്നെ ചെയ്യുന്നു.' എന്നു് ചൂണ്ടികാട്ടി. കമ്മ്യൂണിസ്റ്റു് മാനിഫെസ്റ്റോ കാര്യപരിപാടിയിലെ 9-ാമത്തെ ഇനം, "കൃഷിയും വ്യവസായവും തമ്മിലുള്ള സംയോജനം; രാജ്യത്തെ ജനസംഖ്യാവിതരണം കുറേകൂടി സമീകരിച്ചു് നഗരവും നാട്ടിന്‍പുറവും തമ്മിലുള്ള അന്തരം പടിപടിയായി ഇല്ലാതാക്കുക." എന്നു് നിര്‍ദ്ദേശിക്കുന്നു. ഇത്രയും ഉദ്ധരിച്ചതില്‍നിന്നുതന്നെ വ്യാവസായിക വികസനത്തെ മാര്‍ക്‌സും എംഗല്‍സും വിമര്‍ശിച്ചില്ലെന്ന ആരോപണം വസ്തുതാപരമല്ലെന്നു് തെളിയും. എന്നാല്‍ ഇത്രയും പറഞ്ഞു് പ്രശ്‌നം അവസാനിപ്പിക്കാനുമാവില്ല. സമഗ്രവീക്ഷണവും വിമര്‍ശനവും എല്ലാം ഉണ്ടായിട്ടും, പരിസ്ഥിതിബോധവും പാരിസ്ഥിതിക മാനദ്ദണ്ഡവും എന്തുകൊണ്ടു് മാര്‍ക്‌സിസ്റ്റ് വിപ്ലവപദ്ധതിയുടെയും നവസമൂഹനിര്‍മ്മാണത്തിന്റെയും അവിഭാജ്യഭാഗമാക്കാനായില്ല എന്ന ചോദ്യത്തിനു് ഉത്തരം നല്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ ബാധ്യസ്ഥരാണു്.

    മുന്‍കാല സാമൂഹ്യവ്യവസ്ഥകളെ അപേക്ഷിച്ചു് മുതലാളിത്തത്തിലൂടെ സാധ്യമായ വ്യാവസായിക വികസനവും പുരോഗതിയും അതിന്റെ മേന്മയായി കരുതിയതാണോ ഇതിനു് ഇടവരുത്തിയതു്? സഹദേവന്‍ ഏറെക്കറെ ആ നിഗമനത്തിലെത്തിയതായി കാണാം. മാനവചരിത്രവികാസവുമായി പൊരുത്തപ്പെടുന്ന ഒന്നല്ല ഈ ധാരണ. ജന്മിത്ത സങ്കുചിതത്വങ്ങളും ചൂഷക, മര്‍ദ്ദക സംവിധാനങ്ങളും മറച്ചുവെച്ചു് കുമരപ്പയേപോലെ അന്നത്തെ നാട്ടിന്‍പുറ ജീവിതത്തെ കേവലമായി പൊലിപ്പിക്കുന്നവര്‍ക്കേ അതു് സ്വീകരിക്കാനാകു. മുതലാളിത്തം സാധ്യമാക്കിയ യുഗപരിവര്‍ത്തനം അനിഷേധ്യമാണു്. സ്വന്തം ദേശാതിര്‍ത്തികള്‍ക്കപ്പുറം മാനവരാശിയേകുറിച്ചു് ചിന്തിക്കാനും, മറ്റുള്ളവരുടെ അനുഭവങ്ങള്‍ പഠിക്കാനും, അതിര്‍ത്തികളില്ലാത്ത ഒരു ലോകം സങ്കല്പിക്കാനുമുള്ള ഭൗതിക അടിത്തറ ഒരുക്കിയതു് അതാണു്. മനുഷ്യരേ സംബന്ധിച്ചിടത്തോളം നിസംശ്ശയമായും ഇതു് ചരിത്രപരമായ പുരോഗതി തന്നെയാണു്. മുതലാളിത്തത്തിന്റെ ഈ പുരോഗമനവശത്തെ മാര്‍ക്‌സിസത്തിന്റെ സ്ഥാപകര്‍ അംഗീകരിച്ചു. അതു് ശരിയുമായിരുന്നു. സമ്പദ്ഘടനയില്‍ മുതലാളിത്തം കൈവരിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണു് ഇതിനു് അടിസ്ഥാനമെന്നും അവര്‍ ശരിയായി വിലയിരുത്തി.

    ചിതറിക്കിടന്ന നാടുവാഴിത്ത അധികാരത്തിന്റെയും സമ്പദ്ഘടനയുടെയും അതിരുകള്‍ ലംഘിച്ചു് രാഷ്ട്രവും ദേശീയ വിപണിയും യാഥാര്‍ത്ഥ്യമാക്കി. മാനവചരിത്രത്തില്‍ ആദ്യമായി എല്ലാ രാജ്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ലോക വിപണി നിലവില്‍വന്നു. ഉല്പാദനത്തിന്റെ കേന്ദ്രീകരണത്തിലൂടെ തൊഴിലാളിവര്‍ഗത്തിനു് ജന്മം നല്കി. തൊഴില്‍വിഭജനത്തിന്റെ ആഴവും പരപ്പും പുതിയ തലങ്ങളിലെത്തിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും ഉല്പാദനക്ഷമതയില്‍ വമ്പിച്ച കുതിച്ചുചാട്ടം നേടിയെടുത്തു. മുതലാളിത്തത്തിലെ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണു് ഇതിനെല്ലാം അടിത്തറയായതു്. മുതലാളിത്തത്തെ മറികടന്നു് ലോകത്തിനു് ഇനി മുന്നേറണമെങ്കില്‍ ഇതിന്റെ പിന്‍ബലത്തിലെ അതു് കഴിയു. ആധുനികതയുടെ നേട്ടങ്ങള്‍ കൈയ്യൊഴിഞ്ഞു് പഴമയിലേക്കുള്ള മടങ്ങിപ്പോക്കല്ല താന്‍ വിഭാവനംചെയ്യുന്ന പുതിയ ഉല്പാദനക്രമം എന്നു് വിശദീകരിക്കുക വഴി മുതലാളിത്തം സാധ്യമാക്കിയ പുരോഗതി സഹദേവനും അംഗീകരിക്കുന്നുവെന്നു് കരുതാം. പക്ഷെ, ഈ പുരോഗതിയുടെ സാമൂഹ്യ-സാമ്പത്തിക അടിത്തറ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണമാണെന്നു് തിരിച്ചറിയുന്നുണ്ടോ എന്നു് വ്യക്തമല്ല. അതുകൂടി ഉള്‍ക്കൊള്ളുന്നിടത്തേ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളില്‍നിന്നു് ആരംഭിച്ചു് വ്യത്യസ്തമായൊരു ഭാവിക്കുള്ള ചിന്തയിലും പ്രവൃത്തിയിലും എത്തുന്നതില്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകു.

    ഫാക്ടറിയിലെ തൊഴിലാളികള്‍ മാത്രമല്ല, അവിടത്തെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചവര്‍, അസംസ്കൃതവസ്തുക്കള്‍ ഒരുക്കിയവര്‍, ഫാക്ടറിയില്‍ എത്തിച്ചവര്‍, ഉല്പന്നം വിപണിയിലെത്തിച്ചവര്‍, അതു് വാങ്ങുന്നവര്‍ - ഇങ്ങനെ പലരുടേയും പങ്കാളിത്തമാണു് മുതലാളിത്ത ഉല്പാദനം സാധ്യമാക്കുന്നതു്. പക്ഷെ ഇതിലെ ലാഭം മുതലാളിവര്‍ഗം കൈക്കലാക്കുന്നു. അതുകൊണ്ടു് ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണവും സ്വകാര്യ കൈവശപ്പടുത്തലുമാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ഉല്പാദനോപാധികള്‍ മുഴുവന്‍ സമൂഹത്തിന്റേതാക്കുന്നതിലൂടെ ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനു് തുടക്കമിടണം. ഉല്പാദനത്തെപോലെ കൈവശപ്പെടുത്തലും സാമൂഹ്യമാക്കണം. ഇതാണു് മാര്‍ക്‌സിസം മുന്നോട്ടുവെയ്ക്കുന്ന വിപ്ലവപദ്ധതി. സ്വകാര്യസ്വത്തു് പൊതുസ്വത്താക്കി ഒടുവില്‍ സ്വത്തുതന്നെയില്ലാത്ത, വര്‍ഗങ്ങളും ചൂഷണവുമില്ലാത്ത, കമ്മ്യൂണിസത്തിലേയ്ക്കുള്ള മുന്നേറ്റത്തിനുള്ള അടിത്തറയും ഇതുതന്നെ.

    "ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ ചൂഷണംചെയ്യുന്നതില്‍ അധിഷ്ഠിതമായതുകൊണ്ടു് സംസ്കൃതിയുടെ മുഴുവന്‍ വികാസവും നിരന്തരമായ ഒരു വൈരുദ്ധ്യത്തിലൂടെയാണു് മുന്നേറുന്നതു്. ഉല്പാദനത്തിലെ മുന്നോട്ടുള്ള ഓരോ കാല്‍വെയ്പു് മര്‍ദ്ദിത വര്‍ഗത്തിന്റെ നിലയിലെ, അതായതു് ബഹുഭൂരിപക്ഷത്തിന്റെ, പിന്നോട്ടുള്ള കാല്‍വെയ്പുമാണു്. ചിലര്‍ക്കു് നേട്ടമുണ്ടാക്കുന്നതു് അനിവാര്യമായും മറ്റുള്ളവരെ മുറിപ്പെടുത്തുന്നു..." എന്നു് എംഗല്‍സു് എഴുതി ('കുടുംബം, സ്വകാര്യസ്വത്തു്, ഭരണകൂടം എന്നിവയുടെ ആവിര്‍ഭാവം', അദ്ധ്യായം 9). സംസ്കൃതികളുടെ പുരോഗതിയിലെ വൈരുദ്ധ്യത്മകതയെ കുറിച്ചുള്ള ഈ തിരിച്ചറിവു് പക്ഷെ, ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ വിഭജിച്ചു് വിശകലനംചെയ്യുന്നതില്‍ മാര്‍ക്‌സും എംഗല്‍സും പ്രയോഗിച്ചതായി കാണുന്നില്ല. പ്രശ്‌നമിതാണു് - ഉടമസ്ഥത സാമൂഹ്യവല്‍ക്കരിച്ചാല്‍ മാത്രം മതിയോ? മുതലാളിത്തം അവശേഷിപ്പിക്കുന്ന ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ തൊഴിലാളിവര്‍ഗത്തിനു് അതേപടി ഏറ്റെടുക്കാന്‍ കഴിയുമൊ?

    ചില ഉദാഹരണങ്ങളിലൂടെ ഇതു് വിശദീകരിക്കാം. നോര്‍വെയില്‍ പിടിക്കുന്ന മത്സ്യം ചൈനയില്‍ സംസ്കരിച്ചിട്ടു് അമേരിക്കന്‍ വിപണിയിലെത്തുന്നു. ഇന്ത്യയിലെ പരുത്തിനൂല്‍ മറ്റെവിടെയോ തുണിയാക്കി ബംഗ്ലാദേശില്‍ വസ്ത്രങ്ങള്‍ തയ്പിച്ചു് സാമ്രാജ്യത്വ വിപണികളില്‍ വില്ക്കുന്നു. ആഗോളവല്‍ക്കരണ കാലത്തെ ഉല്പാദന - വിപണന ശ്രംഗലകളുടെ ചില മാതൃകകളാണിവ. ഉല്പാദനത്തിലെ സാമൂഹ്യവല്‍ക്കരണത്തിന്റെ വികസിതതലം. ആഗോളവല്‍ക്കരണം ലോകത്തെ ഒന്നുകൂടി അടുപ്പിച്ചു. ഭൂഗോളം ഒരു ചെറു ഗ്രാമമായി എന്നാണു് ചിലര്‍ പറയുന്നതു്. പക്ഷെ, രാഷ്ടാന്തര കുത്തകകളുടെ ലാഭം കൂട്ടാന്‍ അവര്‍ നടപ്പാക്കിയ ഈ ഏര്‍പ്പാടു് ലോകത്തിനു് ആവശ്യമാണോ? അസംസ്കൃതവസ്തുക്കളുടെയും ചരക്കുകളുടെയും തെക്കുവടക്കുള്ള പാച്ചിലിലെ വിഭവ, ഊര്‍ജചെലവു് ലോകത്തിനു് എത്ര നാള്‍ താങ്ങാനാകും? സാമ്രാജ്യത്വത്തെ നശിപ്പിക്കുന്നതോടൊപ്പം ഈ സാമൂഹ്യവല്‍ക്കരണവും തൊഴിലാളിവര്‍ഗത്തിനു് അവസാനിപ്പിക്കേണ്ടിവരില്ലേ?

  ആഗോളവല്‍ക്കരണത്തിലെ മാത്രമല്ല, മുതലാളിത്തത്തിന്റെ ആരംഭം മുതലുള്ള സാമൂഹ്യവല്‍ക്കരണംതന്നെ പരിശോധിക്കാം. ലാഭക്കൊതിയുടെ നിര്‍ബന്ധത്തിലാണു് അതു് രൂപംകൊള്ളുകയും വളരുകയും ചെയ്തതു്. ആ മുദ്ര അതിലെ എല്ലാ അംശങ്ങളിലും പതിഞ്ഞിട്ടുണ്ടു്. തൊഴിലാളിവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനു് വഴിവെച്ചതു് കേന്ദ്രീകൃത ഫാക്ടറി ഉല്പാദനമായിരുന്നു. തൊഴില്‍വിഭജനത്തിന്റെ പടിപടിയായുര്‍ന്ന സവിശേഷവല്‍ക്കരണം ഇതിനൊപ്പം വളര്‍ന്നു. ഉല്പാദനക്ഷമത ഉയര്‍ത്താന്‍ ഇതു് ഇടയാക്കി. ഉല്പാദനത്തോതു് വര്‍ദ്ധിക്കുംതൊറും നടത്തിപ്പു് ചെലവുകള്‍ കുറഞ്ഞു. ലാഭം പിന്നേയും കൂടി. തൊഴില്‍വിഭജനത്തിന്റെ സാധ്യമായത്ര സവിശേഷവല്‍ക്കരണവും വലുപ്പത്തിന്റെ സാമ്പത്തികനേട്ടവും മുതലാളിത്ത സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളായി. അതേസമയം, ഉല്പാദനവും മുതലാളിത്തലാഭവും ഇങ്ങനെ കുതിച്ചുകയറിയപ്പോള്‍ ഇത്തരത്തിലുള്ള ഉല്പാദനസംഘാടനം തൊഴിലെടുക്കുന്നവരെ യന്ത്രസമാനരാക്കി. അധ്വാനത്തെ ആവര്‍ത്തനവിരസമാക്കി. അവരുടെ മാനുഷികനിലനില്പിന്റെ അവശ്യഅംശവും ജീവിതപ്രവൃത്തിയുമായ അധ്വാനം അവരെ നിര്‍മാനവീകരിക്കുന്ന, അന്യവല്‍ക്കരിക്കുന്ന, ബന്ധനമായി. വ്യക്തികളുടെ സര്‍വ്വതോന്മുഖവികാസം സാധ്യമാക്കുന്ന ഒരു വ്യവസ്ഥ എന്നാണു് കമ്മ്യണിസത്തെ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നതു്. മുതലാളിത്ത തൊഴില്‍വിഭജനവും തൊഴില്‍സംഘാടനവും നിലനിര്‍ത്തികൊണ്ടു് ഇതു് എങ്ങനെ സാധിക്കും? അതിനെ മൗലികമായി മാറ്റിതീര്‍ത്തേ പററു. ഇതിനു് അടിസ്ഥാനമായ ഉല്പാദനത്തിലെ മുതലാളിത്ത സാമൂഹ്യവല്‍ക്കരണം ഒഴിവാക്കണം. വലുപ്പത്തിന്റെ സാമ്പത്തികനേട്ടം മറ്റെല്ലാറ്റിലും മേലെ ഉയര്‍ത്തികാട്ടുന്ന സൈദ്ധാന്തിക നിലപാടു് തള്ളിക്കളയണം. ഇതുപോലെ കൈയ്യൊഴിയേണ്ട മറ്റൊരു കാര്യമാണു് മുതലാളിത്തത്തിലെ പ്രാദേശികവും രാജ്യാടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സവിശേഷവല്‍ക്കരണം. ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ ആവശ്യങ്ങളല്ല, മൂലധനമുടക്കിനുള്ള ലാഭമാണു് അതിനു് മാനദണ്ഡം. കമ്മ്യൂണിസ്റ്റ് ദൗത്യത്തില്‍ തൊഴിലാളിവര്‍ഗത്തിനു് വിജയിക്കണമെങ്കില്‍ അധികാരംപിടിച്ചെടുക്കുന്ന വിപ്ലവം മാത്രമല്ല, മുതലാളിത്തത്തിന്റെ നടപ്പുരീതികളില്‍നിന്നുള്ള ഇത്തരം തെറ്റിപിരിയലുകളും അവശ്യമാണു്. തൊഴിലാളിവര്‍ഗവിപ്ലവങ്ങള്‍ക്കു് പഴയ ഭരണകൂടത്തെ അതേപടി ഏറ്റെടുക്കാനാവില്ലെന്നതുപോലെ പഴയ ഉല്പാദന സാമൂഹ്യവല്‍ക്കരണവും അതേപടി തുടരാനാവില്ല.

    മുതലാളിത്ത തൊഴില്‍സംഘാടനത്തിന്റെ മനുഷ്യവിരുദ്ധ സ്വഭാവം മാര്‍ക്‌സും എംഗല്‍സും തുടക്കം മുതല്‍ വിമര്‍ശിച്ചിരുന്നു. ആധുനിക യന്ത്രവല്‍കൃത ഉല്പാദനം മനുഷ്യരിലും പരിസ്ഥിതിയിലും ഏല്പിച്ച ആഘാതങ്ങളുടെ തീക്ഷ്ണവിവരണങ്ങള്‍ എംഗല്‍സിന്റെ ആദ്യ കൃതിയായി 'ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തിന്റെ അവസ്ഥ' (1842)യില്‍ കാണാം. മാര്‍ക്‌സിന്റെ 'മൂലധനം' കൂലിഅടിമകള്‍ക്കുമേല്‍ മുതലാളിത്തം അടിച്ചല്പിച്ച സാമ്പത്തികചൂഷണം മാത്രമല്ല, അതിന്റെ തൊഴില്‍രീതികള്‍മൂലം മനുഷ്യരെന്നനിലയ്ക്കു് അവര്‍ക്കു് അനുഭവിക്കേണ്ടിവന്ന അപമാനവും വിവരിക്കുന്നു. എന്നാല്‍, മുതലാളിത്തത്തെ അവസാനിപ്പിച്ചശേഷം മുതലാളിത്തം അവശേഷിപ്പിക്കുന്ന ഉല്പാദന സാമൂഹ്യവല്‍ക്കരണത്തില്‍നിന്നു് വേര്‍പെടാതെ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാനാവില്ലെന്ന അവര്‍ വ്യക്തമാക്കിയില്ല. മാര്‍ക്‌സിസത്തിന്റെ വിപ്ലവദൗത്യത്തില്‍, അതു് വിഭാവനംചെയ്യുന്ന നവസമൂഹ നിര്‍മ്മിതിയില്‍, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ ഒരു അവിഭാജ്യഭാഗമാകാതെ പോയതിന്റെ അടിസ്ഥാന കാരണം ഇതാണു്.

    മുതലാളിത്തത്തിന്റെ അനന്തരഫലങ്ങളായി മാര്‍ക്‌സും എംഗല്‍സും ചൂണ്ടികാട്ടിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഈ വേര്‍പെടല്‍ അവശ്യമാണു്. മാനിഫെസ്റ്റോയില്‍ നിര്‍ദ്ദേശിക്കുന്നപോലെ ജനസംഖ്യാ വിതരണം സമീകരിച്ചു് നാട്ടിന്‍പുറവും നഗരവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ അതില്ലാതെ പറ്റില്ല. പിന്നെന്തുകൊണ്ടാണു് മുതലാളിത്തം വികസിപ്പിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തില്‍നിന്നു വേര്‍പെടേണ്ട പ്രശ്‌നം അവര്‍ ഉന്നയിക്കാതെപോയതു്? ഉല്പാദനവര്‍ദ്ധനവില്‍ ഏകപക്ഷീയമായി ഊന്നുന്ന സമീപനം അവര്‍ക്കുണ്ടായിരുന്നതുകൊണ്ടു് പാരിസ്ഥിതിക വിഷയങ്ങള്‍ വിപ്ലവപദ്ധതിയുടെ അകക്കാമ്പില്‍നിന്നു് മാറ്റിനിര്‍ത്തി എന്നു് ചിലര്‍ വിമര്‍ശിച്ചിട്ടുണ്ടു്. 'ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിതരണ'മാണല്ലൊ കമ്മ്യൂണിസത്തിന്റെ മാനദണ്ഡം. അതു സാധ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഉല്പാദനവര്‍ദ്ധനവു് അനിവാര്യമായും അതില്‍തന്നെ ഒരു ലക്ഷ്യമായിത്തീരും എന്നു് ഇവര്‍ വാദിക്കുന്നു. ഉല്പന്നങ്ങളുടെ വലിയ കൂമ്പാരങ്ങളുണ്ടാക്കി എല്ലാവര്‍ക്കും എത്തിക്കുമെന്ന അര്‍ത്ഥത്തിലാണോ 'ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിതരണം' മനസ്സിലാക്കേണ്ടതു് എന്ന മറുചോദ്യം ഇവിടെ പ്രസക്തമാണു്. അതിരിക്കട്ടെ. ഉല്പാദനക്ഷമതയുടെയും ഉല്പാദനശക്തികളുടെയും വളര്‍ച്ച കമ്മ്യൂണിസത്തിലേക്കുള്ള മുന്നേറ്റത്തിനു് ഉപാധിയായി പരിഗണിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഇതു് എങ്ങനെയെങ്കിലും നേടണമെന്നല്ല മാര്‍ക്‌സും എംഗല്‍സും കരുതിയതു്. "വ്യക്തിയുടെ സര്‍വ്വതോന്മുഖമായ വികാസത്തോടൊപ്പം ഉല്പാദനശക്തികളും വര്‍ദ്ധിച്ചതിനുശേഷം, സഹകരണാത്മക സമ്പത്തിന്റെ ഉറവകള്‍ കൂടുതല്‍ ഉദാരമായി ഒഴുകുമ്പോള്‍ - അപ്പോള്‍ മാത്രമെ ബൂര്‍ഷ്വാ അവകാശത്തിന്റെ ഇടുങ്ങിയ ചക്രവാളങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ മറികടക്കാനും, ഒരോരുത്തരില്‍നിന്നും അവരുടെ കഴിവിനനുസരിച്ചു്, ഒരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ചു് എന്നു് സ്വന്തം കൊടിക്കൂറകളില്‍ സമൂഹത്തിനു് രേഖപ്പെടുത്താനും കഴിയു." എന്നു് മാര്‍ക്‌സ് ചൂണ്ടികാട്ടി (ഗോഥാ പരിപാടിയുടെ വിമര്‍ശനം, ഭാഗം 1. 1875). അതായതു്, അധ്വാനിക്കുന്നവര്‍ തമ്മിലുള്ള പുതിയ കൂട്ടായ്മയെ ആണു് ഉല്പാദനശക്തിയിലെ വര്‍ദ്ധനവിനു് പ്രധാന ഉപാധിയായി അവര്‍ കണ്ടിരുന്നതു്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യാധ്വാനമാണു് ഉല്പാദനശക്തിയിലെ ഏറ്റവും ചലനാത്മകവും നിര്‍ണ്ണായകവുമായ ഘടകം. പുതിയ ഉല്പാദനബന്ധങ്ങളുടെ വിമോചനാത്മകശകതിയിലാണു് അവര്‍ ഊന്നിയതു്.

   19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായിരുന്നു മാര്‍ക്‌സിസത്തിന്റെ സ്ഥാപകനേതാക്കളുടെ പ്രവര്‍ത്തനകാലഘട്ടം. നാടുവാഴിത്ത പിന്നാക്കാവസ്ഥ അന്നത്തെ ലോകത്തു് നിറഞ്ഞുനിന്നു. അതിനു നടുവിലുള്ള ഒറ്റപെട്ട തുരുത്തുകളായിരുന്നു മുതലാളിത്തം. അത്തരമൊരു അവസ്ഥയില്‍, നാടുവാഴിത്ത സങ്കുചിതത്വങ്ങളും പിന്നാക്കാവസ്ഥയും ഇല്ലാതാക്കുന്നതില്‍ മുതലാളിത്തം വഹിക്കുന്ന വിപ്ലവകരമായ പങ്കില്‍ അവര്‍ ഊന്നിയതില്‍ അത്ഭുതമില്ല. മുതലാളിത്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക നാശവും മറ്റും ബോധ്യമുള്ളപ്പോള്‍തന്നെ അതിന്റെ പരിവര്‍ത്തനാത്മക ശേഷിയ്ക്കു് ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്നു് അവര്‍ കണ്ടു. മുതലാളിത്തത്തിന്റെ കെടുതികളോടൊപ്പം അതു് സൃഷ്ടിച്ച ഉല്പാദന സാമൂഹ്യവല്‍ക്കരണത്തേയും വിമര്‍ശിക്കാതിരുന്നതിനു് അതാകാം കാരണം.


   അവരെ തുടര്‍ന്നു് വന്നവരെ പക്ഷെ ഇങ്ങനെ ന്യായീകരിക്കാനാവില്ല. 2-ാം ഇന്റര്‍നാഷണല്‍ കാലം മുതല്‍ ഉല്പാദനശക്തികളുടെ വികാസത്തില്‍ ഏകപക്ഷീയമായി ഊന്നുന്ന സമീപനങ്ങള്‍ ശക്തമായി. ഉല്പാദനം തുടര്‍ച്ചയായി ഉയര്‍ത്തി ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന, പ്രതിസന്ധിയില്ലാത്ത അവസ്ഥയിലേയ്ക്കു് മുതലാളിത്തം എത്തീയെന്ന ബെര്‍ണ്‍സ്റ്റീന്‍ തിരുത്തല്‍വാദംവരെ അതു് പോയി. കൗട്‌സ്കിയും പ്ലെഖനോവും ഇതിനെ വിമര്‍ശിച്ചെങ്കിലും ഉല്പാദനശക്തികളിലുള്ള ഏകപക്ഷീയ ഊന്നലിനെ അവരും ആവര്‍ത്തിച്ചു. മുതലാളിത്തം ഉല്പാദനശക്തികളെ വികസിപ്പിച്ചതിനു ശേഷം മാത്രമെ തൊഴിലാളിവര്‍ഗത്തിനു് വിപ്ലവം നടത്താന്‍ പറ്റു എന്നായിരുന്ന അവരുടെ നിലപാടു്. ബോള്‍ഷെവിക്കുകളും മറ്റു ചില ചെറുസംഘങ്ങളും മാത്രമാണു് ഇതിനെ എതിര്‍ത്തതു്. ഉല്പാദനശക്തികളുടെ വികാസത്തില്‍ വിപ്ലവതന്ത്രത്തെ തളച്ചിടുന്ന യാന്ത്രികതയെ ലെനിന്‍ ഏതിര്‍ത്തുതോല്പിച്ചു. പക്ഷെ, സാമ്പത്തികവികസനത്തെ സംബന്ധിച്ചു് നിലനിന്നിരുന്ന യാന്ത്രിക ധാരണകളില്‍നിന്നു് തെറ്റിപിരിയുന്നതിലേയ്ക്കു് ഇതു് എത്തിയില്ല. ലെനിനു് ശേഷം ആ കുറവു് ഒരു വ്യതിയാനമായി വളര്‍ന്നു. ഉല്പാദനവര്‍ദ്ധനവില്‍ ഏകപക്ഷീയമായി ഊന്നി മുതലാളിത്ത നടത്തിപ്പുരീതികളും, തൊഴില്‍സംഘാടനവും അതേപടി ഏറ്റെടുത്തു. സമ്പദ്ഘടനയുടെ പ്രാദേശിക സവിശേഷവല്‍ക്കരണം തുടര്‍ന്നു. വലുപ്പത്തിന്റെ നേട്ടത്തില്‍ ഊന്നുന്ന സമീപനം കൂടുതല്‍, കൂടുതല്‍ വലിയ ഫാക്ടറികളും ഖനികളും അണക്കെട്ടുകളും വൈദ്യുതിനിലയങ്ങളും പണിയുന്നതിനു് പ്രചോദനമായി. ഇതായി സോഷ്യലിസത്തിന്റെ വിജയഗാഥകള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം പുനര്‍സ്ഥാപിക്കുന്നതു് സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ധാരണ പിന്തള്ളി. പ്രകൃതിയ്ക്കുമേലുള്ള മനുഷ്യഅജയ്യതയുടെ ആഘോഷമായി സോഷ്യലിസം മനസ്സിലാക്കപ്പെട്ടു.


    ഇതില്‍നിന്നു് വേര്‍പെടുന്നതില്‍ ക്യൂബന്‍ അനുഭവം എത്രത്തോളം ഉപകരിക്കും? ചെ ഗുവേരയ്ക്കു് സോവിയറ്റു് മാതൃകയോടു് വിമര്‍ശനങ്ങളുണ്ടായിരുന്നൂവെന്നു് പുതിയ ജീവചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടു്. എന്നാല്‍ വളരെ പരിമിതമായിട്ടേ അതു് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുള്ളു. സോവിയറ്റ് ഉപദേശകര്‍ നിര്‍ദ്ദേശിച്ച ഉല്പാദനരീതികളും സംഘാടനവുമാണു് കാസേ്ട്രായുടെ നേതൃത്വത്തില്‍ അവിടെ ഉറച്ചതു്. കൊളോണിയല്‍കാലഘട്ടം മുതല്‍ ക്യൂബയ്ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട സാമ്പത്തിക ഏങ്കോണിപ്പായിരുന്നു പഞ്ചസാര കയറ്റുമതിക്കുമേലുള്ള ആശ്രയം. സോവിയറ്റു് യൂണിയനിലേയ്ക്കുള്ള പഞ്ചസാര കയറ്റുമതിവരുമാനത്തെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ ഈ ഏങ്കാണിപ്പു് അവസാനിപ്പിക്കാനുള്ള അവസരം നഷ്ടമായി. യുഎസു് ഉപരോധം നിലനിലേ്ക്ക സംഭവിച്ച സോവിയറ്റു് യൂണിയന്റെ തകര്‍ച്ച പുതിയ വഴികള്‍ തേടാന്‍ ക്യൂബന്‍ ഭരണാധികാരികളെ നിര്‍ബന്ധിച്ചു. അതിലൂടെ വികസിച്ചുവന്ന ജൈവകൃഷിയുടെ വ്യാപനവും, നഗരകൃഷിയും, പൊതുഗതാഗതത്തിനു് ലഭിച്ച ഉത്തേജനവും എല്ലാം പഠിക്കാന്‍ വകനല്കുന്നു. എന്നാല്‍, ഒരു മര്‍ദ്ദിത രാജ്യമായ ക്യൂബയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണ്ണായകം സാമ്രാജ്യത്വം അടിച്ചേല്പിച്ച ആശ്രിതബന്ധങ്ങളില്‍നിന്നുള്ള മോചനമാണു്. സാമ്പത്തിക ഏങ്കാണിപ്പു് അവസാനിപ്പിക്കാനാകണം. ഇതു് ഇപ്പോഴും സാധ്യമായിട്ടില്ലെന്ന വസ്തുത അവഗണിക്കാനാവില്ല. 1990കളുടെ തകര്‍ച്ചക്കു ശേഷം വിനോദസഞ്ചാര മേഖല പഞ്ചസാരവ്യവസായത്തിന്റെ സ്ഥാനം ഏറ്റെടുത്തു. ഇന്നു് അതാണു് വിദേശനാണ്യവരുമാനത്തിന്റെ പ്രധാന സ്രോതസ്സു്. ആ മേഖലയില്‍ ക്യൂബന്‍ പെസൊ അല്ല, ഡോളറാണു് നാണ്യം. സാമ്പത്തിക അന്തരങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു് ഇടയാക്കി. കൂടാതെ, കുറഞ്ഞവിലയ്ക്കു് വെനുസുവേലയില്‍നിന്നു് ലഭിക്കുന്ന എണ്ണ ക്യൂബന്‍ സമ്പദ്ഘടനയെ ചലിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടു്. ചുരുക്കത്തില്‍, ജൈവകൃഷിക്കുള്ള പ്രോത്സാഹനമൊക്കെയുള്ളപ്പോഴും സാമ്രാജ്യത്വ ആശ്രിതത്വത്തില്‍നിന്നു് തെറ്റിപിരിയുന്ന, സമഗ്രവും നിലനിര്‍ത്താവുന്നതും നീതിപൂര്‍വ്വവുമായ ഒരു സോഷ്യലിസ്റ്റ് സാമ്പത്തികക്രമം ക്യൂബയ്ക്കു് കാഴ്ചവെയ്ക്കാനാവുന്നില്ല.    സോവിയറ്റു് സാമ്പത്തികമാതൃക എത്തിചേര്‍ന്ന ഉല്പാദനത്തിലെ ഏകപക്ഷീയ ഊന്നലുകളില്‍നിന്നു് വ്യത്യസ്തമായ ഒന്നു് കാഴ്ചവെച്ചതു് ക്യൂബയല്ല, മാവോയുടെ ചൈനയാണു്. 'വിപ്ലവം മുറുകെപിടിക്കുക, ഉല്പാദനം വര്‍ദ്ധിപ്പിക്കുക' എന്ന സൂക്തം ഇക്കാര്യത്തിലുള്ള മാവോയിസ്റ്റ് നിലപാടു് സംക്ഷിപ്തമായി സ്ഥാപിക്കുന്നു. എങ്ങനെയെങ്കിലും ഉല്പാദനം വര്‍ദ്ധിപ്പിച്ചാല്‍ പോര, അതു് പുതിയസമഹത്തിന്റെ, പുതിയ മനുഷ്യരുടെ, സൃഷ്ടിക്കു് ഉതകണം. ചിന്തയിലും മൂല്യബോധത്തിലും വിപ്ലവകരമായ ഉടച്ചുവാര്‍ക്കലിലൂടെ, ഉല്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുന്നവര്‍ തമ്മിലുള്ള ബന്ധങ്ങളെ, ഉല്പാദനബന്ധങ്ങളെ, നിരന്തരം മാറ്റിക്കൊണ്ടു്, ഉല്പാദനക്ഷമതയും ഉല്പാദനവും വര്‍ദ്ധിപ്പിക്കണം എന്ന മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടാണിതു്. ഘനവ്യവസായത്തിലെ ഏകപക്ഷീയ ഊന്നലിനു പകരം, `രണ്ടു് കാലുകളില്‍ നടക്കണം'' എന്നു് ഓര്‍മിപ്പിച്ചുകൊണ്ടു് ഘന, ലഘു വ്യവസായങ്ങളും കൃഷിയും തമ്മിലുള്ള സന്തുലിത വികാസം മാവോ നിര്‍ദ്ദേശിച്ചു. സാമ്പത്തികവികാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഉല്പന്നങ്ങളുടെ അളവു മാത്രമല്ല ഉള്‍ചേര്‍ത്തതു്. കായികവും മാനസികവുമായ അദ്ധ്വാനങ്ങള്‍ തമ്മിലും, കൃഷിയും വ്യവസായവും തമ്മിലും, നഗരവും നാട്ടിന്‍പുറവും തമ്മിലുമുള്ള അന്തരങ്ങള്‍ (മൂന്നു് അന്തരങ്ങള്‍) കുറച്ചുകൊണ്ടുവരുന്നതു് അതിന്റെ ഒഴിച്ചുകൂടാനാവാത്ത അംശമായി സ്ഥാപിച്ചു. പണിയെടുക്കുന്നവര്‍ സ്ഥാപനനടത്തിപ്പിലും നടത്തിപ്പുകാര്‍ കായിക അദ്ധ്വാനത്തിലും പങ്കാളികളായി. ഫാക്ടറികള്‍ സാങ്കേതിതവിദ്യാകേന്ദ്രങ്ങളും കൃഷിയിടങ്ങള്‍ കാര്‍ഷികപഠനകേന്ദ്രങ്ങളുമായി. അനുഭവസ്ഥരായ തൊഴിലാളികളും കര്‍ഷകരുമായിരുന്നു അവിടെ അദ്ധ്യാപകര്‍. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചു് വിദ്യാലയങ്ങളിലെ പഠനസിലബസ്സുകള്‍ ആവിഷ്കരിക്കാന്‍ ഇവരും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്നു. ജനങ്ങളുടെ പരമ്പരാഗത അറിവുകള്‍ വ്യാപകമായി ശേഖരിച്ചു് ആധുനിക മാര്‍ഗങ്ങളിലൂടെ പരീക്ഷിച്ചുറപ്പിച്ചു് പൊതു അറിവാക്കുന്ന ഒരു വലിയ പ്രസ്ഥാനംതന്നെ അരങ്ങേറി. കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്ന ജൈവമാര്‍ഗങ്ങളെ കുറിച്ചുള്ള അറിവു് സമ്പാദിക്കാനും അവയുടെ ഉപയോഗം വ്യാപകമാക്കാനും കഴിഞ്ഞതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന നേട്ടം.

1976ല്‍ മാവോയുടെ മരണശേഷം അധികാരം പിടിച്ചെടുത്ത ടെങ് സിയാവോ പിങും പരമ്പരകളും അതെല്ലാം തകര്‍ത്തു് അങ്ങേയറ്റം ഭീകരമായ മുതലാളിത്തം പുനര്‍സ്ഥാപിച്ചു. പക്ഷെ സിദ്ധാന്തത്തിലും പ്രയോഗത്തിലും മാവോ മുന്നോട്ടുവെച്ച മാതൃക എന്നും തെളിഞ്ഞുനില്ക്കും. അധികാരം പ്രയോഗിക്കാന്‍   ജനങ്ങളെ കഴിവുള്ളവരാക്കുന്ന, അവരുടെ അറിവിനും അനുഭവപരിചയത്തിനും പ്രാധാന്യം കല്പിച്ചു് സാമൂഹ്യനിര്‍മ്മിതിയില്‍ അവരെ ബോധപൂര്‍വ്വം പങ്കാളികളാക്കുന്ന സമീപനം അതില്‍ കാണാം. മുതലാളിത്തത്തില്‍നിന്നു് കമ്മ്യൂണിസത്തിലേയ്ക്കുള്ള പരിവര്‍ത്തനകാലമായ സോഷ്യലിസത്തില്‍ വിപ്ലവം (വര്‍ഗസമരം) തുടരുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചു് മാവോ നേടിയ തിരിച്ചറിവു് ഇതില്‍ നിര്‍ണ്ണായകമായി. സോഷ്യലിസ്റ്റ് നിര്‍മ്മാണത്തില്‍ തീര്‍ത്തും പുതിയൊരു മാതൃകയാണു് ചൈനയില്‍ രൂപംകൊണ്ടതു്. 1970കള്‍ ആകുമ്പോഴേക്കും ഭക്ഷ്യാവശ്യങ്ങളില്‍ സ്വയംപര്യാപ്തവും ആഭ്യന്തര, വിദേശ കടങ്ങളില്ലാത്തതുമായ ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കാനായി. സാമ്രാജ്യത്വ ഉപരോധങ്ങളെ അതിജീവിച്ചാണു് ഇതു് സാധ്യമാക്കിയതു്. (കൂടുതല്‍ ആഴത്തില്‍ ഇതേകുറിച്ചു് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് 'സോവിയറ്റു് സാമ്പത്തികശാസ്ത്രത്തിന്റെ വിമര്‍ശനം', 'പത്തു് സുപ്രധാനബന്ധങ്ങള്‍' മുതലായ മാവോ കൃതികള്‍ ഉപകരിക്കും)

   പാരിസ്ഥിതിക സൗഹാര്‍ദ്ദവും നിലനില്ക്കുന്നതുമായ സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തേ കുറിച്ചുള്ള അന്വേഷണത്തോടു് നേരിട്ടു് ബന്ധമുള്ള ചില കാര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ടു്. മൂലധനമല്ല മനുഷ്യാദ്ധ്വാനമാണു് പിന്നാക്ക രാജ്യമായ ചൈനയുടെ ആശ്രയം എന്നു് മാവോ ശരിയായി തിരിച്ചറിഞ്ഞു. ഏറ്റവും ചുരുങ്ങിയ ചെലവില്‍ കഴിവതും വേഗം സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ആശയത്തിലൂടെ വിഭവങ്ങള്‍ (മനുഷ്യാദ്ധ്വാനവും) ദൂര്‍ത്തടിക്കാതെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരു തൊഴില്‍സംസ്കാരത്തിനു് രൂപംകൊടുത്തു. കേടുവന്ന വസ്തുക്കളുടെ യന്ത്രഭാഗങ്ങള്‍ അഴിച്ചെടുത്തു് മറ്റെന്തെങ്കിലും നിര്‍മ്മിക്കുന്ന ചെറുകിട തൊഴില്‍സ്ഥാപനങ്ങള്‍ക്കു് ഇതു് പ്രചോദനമായി. മലം വളമാക്കി. പാഴ്‌വസ്തു എന്ന ഒന്നില്ല, എല്ലാം പദാര്‍ത്ഥമായതുകൊണ്ടു് ഒരിടത്തു് പാഴാകുന്നതു് മറ്റൊരിടത്തു് ഉപകരിക്കും എന്ന ആശയമായിരുന്നു ഇതിന്റെയൊക്കെ ദാര്‍ശനിക അടിത്തറ.    മറ്റു സോഷ്യലിസ്റ്റു് രാജ്യങ്ങളില്‍നിന്നു് ലഭിക്കാവുന്നചരക്കുകള്‍ ഉല്പാദിപ്പിക്കാന്‍ മിനക്കെടാതെ സ്വന്തം സാഹചര്യങ്ങള്‍ക്കു് ഏറ്റവും അനുയോജ്യമായതില്‍ കേന്ദ്രീകരിക്കണം എന്നായിരുന്നു സോവിയറ്റു് മാതൃകയുടെ കാഴ്ചപ്പാടു്. ഇതു് നിര്‍ദ്ദേശിച്ച സോവിയറ്റു് സാമ്പത്തികശാസ്ത്ര പാഠപുസ്തകത്തെ വിമര്‍ശിച്ചു് മാവോ ഇങ്ങനെ എഴുതി, "ഇതു് നല്ലൊരാശയമല്ല. പ്രവിശ്യകളുടെ കാര്യത്തില്‍പോലും ഞങ്ങള്‍ ഇങ്ങനെ നിര്‍ദ്ദേശിക്കാറില്ല. സര്‍വ്വതോന്മുഖ വികാസമാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു്. മറ്റു പ്രവിശ്യകള്‍ക്കു് നല്കാന്‍ കഴിയുന്ന ഉല്പന്നങ്ങള്‍ ഓരോ പ്രവിശ്യയും ഉല്പാദിപ്പിക്കണ്ട എന്നു് ഞങ്ങള്‍ കരുതുന്നില്ല. മൊത്തമായുള്ളതിനു് ദോഷംചെയ്യാത്തിടത്തോളം, വിവിധ പ്രവിശ്യകള്‍ സാധ്യമായത്ര പൂര്‍ണ്ണതോതില്‍ വിവിധ തരത്തിലുള്ള ഉല്പാദനം വികസിപ്പിക്കണമെന്നു് ഞങ്ങള്‍ ആഗ്രഹിക്കുന്നു." ('സോവിയറ്റു് സാമ്പത്തികശാസ്ത്രത്തിന്റെ വിമര്‍ശനം', സോവിയറ്റു് പാഠപുസ്തകത്തെകുറിച്ചുള്ള കുറിപ്പുകള്‍, ഭാഗം iv, 60) "മുതലാളിത്ത സ്ഥാപനങ്ങളിലും സോഷ്യലിസ്റ്റ് സ്ഥാപനങ്ങളിലും പിന്‍പറ്റുന്ന നടത്തിപ്പുരീതികള്‍ മൗലികമായി വ്യത്യസ്തമാകണം." (ഭാഗം ii, 34) എന്ന നിരീക്ഷണത്തിന്റെ തുടര്‍ച്ച ഇതില്‍ കാണാം. മുതലാളിത്ത സാമ്പത്തികചിന്തയുമായി എല്ലാതലങ്ങളിലും തെറ്റിപിരിയുകയായിരുന്നു മാവോ.


   ഇതേ ദിശയിലുള്ള മറ്റൊരു നീക്കമായിരുന്നു 'പിന്നാമ്പുറ ഉരുക്കുശാലകള്‍'. നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായി സ്ഥാപിച്ച ചെറുകിട സംസ്കരണശാലകളായിരുന്നു ഇവ. പ്രാഥമികമായ ഉല്പാദനരീതികള്‍ ഉപയോഗിച്ചു് അവ ഇരുമ്പും ഉരുക്കും ഉല്പാദിപ്പിച്ചു. ശക്തമായ എതിര്‍പ്പു് അതിജീവിച്ചാണു് അതു് സാധ്യമായതു്. ഇത്തരത്തിലുള്ള നൂറായിരം ഉരുക്കുശാലകള്‍ നിര്‍മ്മിക്കുന്നതിനു പകരം വലിയതോതിലുള്ള ഇരുമ്പുരുക്കു് നിര്‍മ്മാണത്തിനു് മൂലധനവും അസംസ്കൃതവസ്തുക്കളും കേന്ദ്രീകരിക്കുന്നതായിരിക്കും ലാഭകരം എന്നായിരുന്നു പ്രധാന വിമര്‍ശനം. സാമ്പത്തികയുക്തിയുടെ തലത്തില്‍നിന്നു് ചിന്തിച്ചാല്‍ അതു് ശരിയാണെന്നു് തോന്നാം. എന്നാല്‍ ചൂഷണമുക്തമായ പുതിയ സാമൂഹ്യനിര്‍മ്മിതിയ്ക്കു തുനിയുമ്പോള്‍ ചിന്ത അതിനപ്പുറം പോകണം. ചിതറിയ ഉല്പാദനത്തില്‍ മൊത്തം നടത്തിപ്പുചെലവുകള്‍ വര്‍ദ്ധിച്ചതും, ഉല്പന്നത്തിന്റെ ഗുണനിലവാരം താണതും മൂലമുണ്ടായ സാമ്പത്തികനഷ്ടമായിരുന്നില്ല ഈ കാഴ്ചപ്പാടില്‍ നിര്‍ണ്ണായകം. നാട്ടിന്‍പുറത്തെ കര്‍ഷകര്‍ ഇരുമ്പു് നിര്‍മ്മാണത്തിലേര്‍പ്പെടുന്നതിലൂടെ സംഭവിക്കുന്ന സാമൂഹ്യമാറ്റങ്ങള്‍, ചിന്തയിലും വൈദഗ്ദ്യത്തിലും ഉണ്ടാകുന്ന കുതിച്ചുചാട്ടം, മൂന്നു് അന്തരങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതില്‍ ഇതു നല്കുന്ന ഉത്തേജനം - ഇതൊക്കെയായിരുന്നു പ്രധാനം. ആ സമീപനത്തിന്റെ ഗുണം അധികം വൈകാതെ കാണാന്‍ കഴിഞ്ഞു. 1970കളാകുമ്പാഴേക്കും പ്രാഥമിക കാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണവും ഒരുമാതിരി എല്ലാ ഉപകരണങ്ങളുടെയും അറ്റകുറ്റപണികളും നാട്ടിന്‍പുറ കമ്മ്യൂണുകളിലെ ചെറുകിട ഫാക്ടറികളിലൂടെ നിറവേറ്റാനായി. ഉല്പാദനത്തിന്റെ വികേന്ദ്രീകരണം മാത്രമായിരുന്നില്ല ഇതു്. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, കര്‍ഷകരുടെ ശാക്തീകരണം കൂടിയായിരുന്നു അവിടെ നടന്നതു്. ശാസ്ത്ര, സാങ്കേതിക വിദ്യയെ വീട്ടുമുറ്റങ്ങളില്‍ എത്തിച്ചു് അവരുടെ കൈപ്പിടിയിലൊതുക്കി. പരിവേഷങ്ങള്‍ തകര്‍ത്തു്, സാധാരണക്കാര്‍ക്കു് അവ അപ്രാപ്യമാണെന്ന അധമബോധത്തെ ഇല്ലാതാക്കുന്നതിനു് ഉത്തേജനമായി. വലുപ്പത്തിന്റെ സാമ്പത്തികനേട്ടത്തിനു് പ്രാധാന്യം കല്പിക്കുന്ന മുതലാളിത്ത സമീപനം ഖണ്ഡിക്കപ്പെട്ടു. വിദഗ്ദരായവര്‍ക്കെ സാങ്കേതികവിദ്യ കൈകാര്യംചെയ്യാനാകു എന്ന ബൂര്‍ഷ്വാബോധം അട്ടിമറിക്കപ്പെട്ടു. അന്നേവരെയുള്ള സോഷ്യലിസ്റ്റ് വികസനനയങ്ങള്‍ ചോദ്യംചെയ്യാതെ സ്വീകരിച്ചുപോന്ന ധാരണകളെ ലംഘിക്കുകവഴി‍, മുതലാളിത്തം നിര്‍ദ്ദേശിച്ച ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെതന്നെയാണു് മാവോ ഫലത്തില്‍ നിരാകരിച്ചതു്.

   മുതലാളിത്ത ധാരണകളും സാമ്പത്തികയുക്തികളും ഉല്പാദന, നടത്തിപ്പു് രീതികളും പൂര്‍ണ്ണമായി കൈയ്യൊഴിച്ചു്, നിലനിര്‍ത്താവുന്ന, പരിസ്ഥിതിസൗഹാര്‍ദ്ദ, ജനനന്മയില്‍കേന്ദ്രീകൃതമായ സാമ്പത്തികക്രമത്തിനുള്ള ഒരു മാര്‍ക്‌സിസ്റ്റ് സമീപനം ആവിഷ്കരിക്കാനും പ്രയോഗികമാക്കാനും കഴിയുമെന്നതിന്റെ തെളിവാണു് മേല്‍വിവരിച്ച ചൈനയിലെ അനുഭവങ്ങള്‍. മാര്‍ക്‌സും എംഗല്‍സും നല്കിയ തിരിച്ചറിവുകളെ ആധാരമാക്കി, സോഷ്യലിസ്റ്റ് നിര്‍മ്മാണ അനുഭവങ്ങള്‍ സമാഹരിച്ചു് മാവോ നടത്തിയ വിമര്‍ശനങ്ങളും ആവിഷ്കരിച്ച സമീപനങ്ങളും വഴികാട്ടിയായി സ്വീകരിച്ചു് ഈ ദിശയില്‍ മുന്നേറണം.

   അത്തരമൊരു ഉദ്യമത്തിനു് മുതിരുമ്പോള്‍, ഈ വിഷയത്തില്‍ നടന്ന ഒട്ടേറെ അന്വേഷണങ്ങളും പരീക്ഷണങ്ങളും മാര്‍ക്‌സിസ്റ്റ് നിലപാടപകളെകുറിച്ചും സോഷ്യലിസ്റ്റ് നിര്‍മ്മാണത്തെകുറിച്ചുമുള്ള വിമര്‍ശനങ്ങളും എല്ലാം അടങ്ങിയ വലിയൊരു അറിവുലോകം നല്കുന്ന തിരിച്ചറിവുകള്‍ മാവോയിസ്റ്റുകള്‍ക്കു് (ഇന്നത്തെ മാര്‍ക്‌സിസ്റ്റുകള്‍ക്കു്) ഉപകരിക്കും. വികേന്ദ്രീകൃത ഉല്പാദനത്തെ കുറിച്ചു് എഴുതിയ കുമരപ്പയും ഷൂമോക്കറുമെല്ലാം അതിലുള്‍പ്പെടും. പക്ഷെ, അതെല്ലാം അതേപടി ഏറ്റെടുക്കുകയല്ല വേണ്ടതു്. അങ്ങനെ ഏറ്റെടുക്കാന്‍, മാവോയിസ്റ്റുകള്‍ക്കെന്നല്ല, ആര്‍ക്കും കഴിയില്ല. പലതരം ഏകപക്ഷീയതകള്‍ അവയുടെ പ്രായോഗികത അസാധ്യമാക്കുന്നു.

   വികേന്ദ്രീകരണത്തിന്റെ കാര്യം നോക്കാം. കേന്ദ്രീകരണ-വികേന്ദ്രീകരണ ദ്വന്ദത്തില്‍ ഒതുക്കിനിര്‍ത്തി അതു് കൈകാര്യംചെയ്യാനാവില്ല. അങ്ങനെ ശ്രമിച്ചാല്‍ പഴയ ചൂഷക, അധികാരബന്ധങ്ങളുടെ ചെറുപതിപ്പുകളാകും സൃഷ്ടിക്കുക. അനിവാര്യമായും അവ ശക്തമായ കേന്ദ്രീകരണം ആവശ്യമാക്കും. സാമഹ്യബന്ധങ്ങളുടെ, ബോധത്തിന്റെ, സമൂല പരിവര്‍ത്തനവുമായി ബന്ധപ്പെടുത്തുമ്പോള്‍ മാത്രമാണു് ഉല്പാദനത്തിലെ വികേന്ദ്രീകരണം മുതലാളിത്ത യുക്തിയെ ഭേദിക്കു. പഴയ ജാതിവ്യവസ്ഥയുടെ നന്മകളെ കുറിച്ചുള്ള കുമരപ്പന്‍ നിലപാടു് തല്ക്കാലം വാദത്തിനുവേണ്ടി അംഗീകരിച്ചു് ചിന്തിച്ചുനോക്കു. ഈയൊരു സങ്കല്പത്തെ, അതായതു് ഓരോ കൂട്ടര്‍ക്കും ഓരോ നിശ്ചിത ഗുണം/കഴിവുണ്ടെന്നും അതനുസരിച്ചു് അവര്‍ക്കു് സാമൂഹ്യജീവിതത്തില്‍ സ്ഥാനംകല്പിക്കണമെന്നുമുള്ള സങ്കല്പത്തെ, ഉള്‍ചേര്‍ക്കുന്ന ഒരു ഉല്പാദനവ്യവസ്ഥയുടെ സ്വഭാവം എന്താകും? നാളിതവരെയുള്ള തൊഴില്‍വിഭജനം അടിച്ചേല്പിച്ച അറകളില്‍ പണിയെടുക്കുന്നവരെ എന്നത്തേക്കുമായി തളച്ചിടുകയല്ലേ ഇതു് ചെയ്യുക? കായികവും മാനസികവുമായ അദ്ധ്വാനങ്ങള്‍ തമ്മിലുള്ള അന്തരം എവിടെയാണു് കുറയാന്‍പോകുന്നതു്? വികേന്ദ്രീകരണം നടപ്പാക്കിയതുകൊണ്ടു് ഇതിലൊന്നും ഒരു മാറ്റവുമുണ്ടാകില്ല. വിവേചനവും അദ്ധ്വാനത്തോടുള്ള പുഛവും നിറഞ്ഞുനില്ക്കുന്ന കുറേ ചെറുസാമ്രാജ്യങ്ങള്‍ സൃഷ്ടിച്ചു് സ്ഥിതി കൂടുതല്‍ വഷളാക്കുകയാകും ഈ വികേന്ദ്രീകരണത്തിന്റെ ഫലം.

    മുതലാളിത്തം ഭൂമിക്കുതന്നെ ഭീഷണിയാണെന്ന തിരിച്ചറിവില്‍ നിന്നാണു് അതിനു പകരം മറ്റൊന്നിനുള്ള അന്വേഷണം ശക്തമാകുന്നതു്. വര്‍ത്തമാന ആഗോളപ്രതിസന്ധി ഇതിനു ആക്കം കൂട്ടുന്നു. ഇവിടെ തീക്ഷ്ണ ഉത്സാഹത്തോടൊപ്പം പ്രശാന്തമായ യാഥാര്‍ത്ഥ്യബോധവും വേണം. നൂറ്റാണ്ടുകളിലൂടെ ഉറച്ച ലാഭക്കൊതിയിലൂന്നിയുള്ള സാമ്പത്തികബന്ധങ്ങളും മനോഭാവങ്ങളും മൂല്യങ്ങളും മൗലികമായി മാറ്റിത്തീര്‍ക്കാന്‍ ഒരു പരിവര്‍ത്തനകാലം വേണ്ടിവരും. പിന്നാക്കരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതു് ഒരു അടിയന്തിരകടമയാകും. ഈ പരിവര്‍ത്തനകാലത്തു് മുതലാളിത്തത്തിന്റെ അംശങ്ങള്‍ നിയന്ത്രണവിധേയമാക്കി പടിപടിയായി കുറച്ചുകൊണ്ടുവരാനേ കഴിയു. തുടക്കത്തില്‍തന്നെ അതെല്ലാം ഇല്ലാതാക്കാനാവില്ല. ഉദാഹരണത്തിനു് ഉല്പന്നങ്ങള്‍ ചരക്കുകളായി നിര്‍മിക്കുന്നിടത്തോളം കാലം അവയുടെ കൈമാറ്റവും അതില്‍ പണത്തിന്റെ ഉപയോഗവും അനിവാര്യമാകും. വന്‍കിട വ്യവസായങ്ങളുടെ കാര്യത്തിലും ഈ സമീപനം വേണ്ടിവരും. പക്ഷെ ഇതിന്റെയൊക്കെ പടിപടിയായുള്ള പരിവര്‍ത്തനത്തില്‍ ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തിലെ അഴിച്ചുപണിയാണു് അടിസ്ഥാന ദിശയായി സ്വീകരിക്കേണ്ടതു്.

   ഉല്പാദനത്തിന്റെ സാമൂഹ്യവല്‍ക്കരണത്തെ മാറ്റിപണിയുന്ന തരത്തിലാകണം സോഷ്യലിസ്റ്റ് പരിവര്‍ത്തനം. ഉല്പാദനവും വിതരണവും കഴിയുന്നത്ര പ്രാദേശികമാക്കുന്നതായിരിക്കണം ലക്ഷ്യം. അതേസമയം ശാസ്ത്രീയവും സാങ്കേതികവും സാംസ്കാരികവുമായ വിനിമയങ്ങള്‍ പരമാവധി ആഗോളമാക്കുകയും വേണം. ഇതിലായിരിക്കണം സാമൂഹ്യവല്‍ക്കരണം. ഓരോ പ്രദേശവും കഴിയുന്നത്ര സ്വയംപര്യാപ്തമാകുന്നതിലൂടെ വിതരണാവശ്യങ്ങള്‍ നിയന്ത്രിച്ചു് അദ്ധ്വാന, ഊര്‍ജ്ജ, വിഭവ ഉപയോഗം പരമാവധികുറയ്ക്കാന്‍ കഴിയും. ഇടപഴുകലുകളുടെ സാമൂഹ്യല്‍ക്കരണം പ്രാദേശിക സങ്കുചിതത്വങ്ങള്‍ക്കെതിരെ കരുതലുമാകും. പ്രാദേശിക സ്വയംപര്യാപ്തതയ്ക്കുള്ള ഭൗതികപരിമിതിയും ഇതോടൊപ്പം കാണേണ്ടതുണ്ടു്. മരുഭൂമികള്‍, ചതുപ്പുകള്‍, അതിശൈത്യപ്രദേശങ്ങള്‍ മുതലായ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍തന്നെയാണു് ഇതില്‍ പ്രധാനം. വികേന്ദ്രീകരണം മാത്രം പോര, കേന്ദ്രീകരണവും അവശ്യമാണെന്നു് ഇതു് ഓര്‍മിപ്പിക്കും. ആശയ, ഇടപഴുകലുകളുടെ വര്‍ദ്ധിച്ച സാമൂഹ്യവല്‍ക്കരണംതന്നെ അതില്ലാതെ സാധ്യമാവില്ല. 

   ഉല്പാദനത്തിന്റെ സാധ്യമായത്ര പ്രാദേശികവല്‍ക്കരണവും ആശയങ്ങളുടെയും മനുഷ്യ ഇടപഴുകലുകളുടെയും സാധ്യമായത്ര സാമൂഹ്യവല്‍ക്കരണവും എന്ന ലക്ഷ്യം കമ്മ്യൂണിസത്തിലെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയു. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന, പ്രകൃതിയുമായുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കുന്ന അദ്ധ്വാനം മനുഷ്യനു് ആസ്വാദ്യമാകുന്ന, ഒരു ലോകമാണു് അതു് ആവശ്യപ്പെടുന്നതു്.
(നവമ്പര്‍ 2013)
***

No comments:

Post a Comment