Friday 4 October 2013

വികസനവും പരിസ്ഥിതിയും :ഒരു മാർക്സിസ്റ്റ്‌ സമീപനം

2006 ൽ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ അവതരിപ്പിക്കപ്പെട്ട രേഖയാണിത്. കേട്ടപ്പോൾ താല്പര്യം തോന്നി ഒരു പകർപ്പ് വാങ്ങി കയ്യിൽ കരുതി. പരിസ്ഥിതി പ്രശ്നങ്ങൾ സജീവ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതിയെ സംബന്ധിച്ച മാർക്സിസ്റ്റ്‌ സമീപനത്തെക്കുറിച്ച് ഒരു പ്രാഥമിക ധാരണക്ക് ഇത് സഹായകരമാകുമെന്ന് കരുതുന്നതിനാൽ ഇത് പോസ്റ്റ്‌ ചെയ്യുന്നു - തുഷാർ 



പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുതുമയിലെങ്കിലും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ തന്നെ പരിസ്ഥിതി വിവാദങ്ങളായി ഇന്നും പുതുമയോടെ നിലനിൽക്കുന്നു.മനുഷ്യന്റെ  സാമൂഹ്യവികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ മനസിലാക്കികൊണ്ട് വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിനു പകരം മുതലാളിത്ത ഉത്പാദനവ്യവസ്ഥയുടെ ലാഭേച്ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകളാണ് ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ ഇത്ര തീക്ഷ്ണമാക്കിയിരിക്കുന്നത്.വികസനത്തിന് ഏകപക്ഷീയമായ ഊന്നൽ കൊടുക്കുന്ന കേവല വികസനമാതൃകകളാണിവയൊക്കെ.  ആഗോളവൽക്കരണത്തിന്റെ വർത്തമാനഘട്ടത്തിൽ,ഉത്‌പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ആഗോളവല്ക്കരണത്തോടൊപ്പം നടപ്പിലാക്കികൊണ്ടിരിക്കുന്നതോ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ മുഴുവൻ വികസന അജണ്ടകളുടെയും പൊതുസ്വഭാവം ഈ പറഞ്ഞ കേവല വികസനനയമാണ്.  വികസനമെന്നാൽ ദേശീയ ഉത്‌പാദനത്തിന്റെ(G.D.P) വർദ്ധനവാണെന്നും അതിനു മൂലധന നിക്ഷേപവും വ്യവസായവൽക്കരണവും അതുവഴിയുണ്ടാവുന്ന തൊഴിൽസാധ്യതയും ഒഴിച്ചുകൂടാനാവാത്തതെന്നുമാണ് ബൂർഷ്വാ സാമ്പത്തികയുക്തി.വ്യാപകമായ തൊഴിലില്ലായ്മ ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെയും അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെയും ഒരുപോലെ ഈ കാഴ്ച്ചപ്പാടിലേക്ക് ആകർഷിക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നു.ചുരുക്കത്തിൽ,വികസനത്തിന്റെ ബൂർഷ്വാകാഴ്ച്ചപ്പാട് സമൂഹത്തിൽ പ്രബലമാക്കിയെടുക്കാൻ കക്ഷി രാഷ്ട്രീയഭേദമെന്യേ  എല്ലാ ഭരണവർഗ്ഗ പാർടികൾക്കും കഴിയുന്നുണ്ട്.ഇത്തരം വികസനപദ്ധതികളുമായി ബന്ധപ്പെട്ട് ആരെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുന്നയിച്ചാൽ അവരെയെല്ലാം വികസനവിരുദ്ധരായും  സാമൂഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപെടുത്താൻ ഭരണകൂടത്തിനു യഥെഷ്ടം കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്.സൈലന്റ്റ്‌വാലി,പാത്രകടവ് പദ്ധതി,നദീജല മലിനീകരണം, കണ്ടൽക്കാട്  നശിപ്പിക്കൽ,കരിമണൽ ഘനനം,നദീജല കച്ചവടം,എക്സ്പ്രെസ്സ് ഹൈവേ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന പാരിസ്ഥിതിക ചർച്ചയെ ഒരുപരിധിവരെ ഒതുക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നത് ഇതുകൊണ്ടാണ്.പലപ്പോഴും ജനകീയ ചെറുത്തുനിൽപ്പിന്റെ ഫലമായിട്ടാണ് ചില വിവാദ പദ്ധതികളെങ്കിലും ഉപേക്ഷിക്കാൻ ഭരണകൂടം തയ്യാറായിട്ടുള്ളത്‌.. അതേസമയം,പെപ്സി/ കോള കമ്പനികൾ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ സമരമുണ്ടായപ്പോഴും പണ്ട് മാവൂരിലെ ഗ്വാളിയോർ റയോണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റെയും തൊഴിലിന്റെയും പേരിൽ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാൻ ഭരണവർഗ്ഗശ്രമങ്ങളുണ്ടാവുകയും അതിലവർ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.    അതിനെയും മറികടക്കുന്ന തരത്തിൽ ജനകീയ ചെറുത്തുനിൽപ്പുണ്ടായപ്പോൾ മാത്രമാണ് കാര്യങ്ങൾക്കു മാറ്റമുണ്ടായത്. ഇവിടുത്തെ ഇടതുപാർടികളുടെ മുൻകയ്യിൽ പണ്ട് ഗ്വാളിയോർ റയോണ്‍സും പിന്നീടു പെപ്സിയും  കൊക്കോകോളയും കേരളത്തിൽ എത്തിയത് നേരത്തെ പറഞ്ഞ അതേ വികസനനയത്തിന്റെ പിൻബലത്തിലാണ്.കഴിഞ്ഞ കോണ്‍ഗ്രസ് സർക്കാരിന്റെകാലത്ത് കടൽതീരത്തു പാഴായി കിടക്കുന്നതായി അവർക്കു തോന്നിയ കരിമണലും,കടലിലേക്ക്‌  ഒഴുകിപോയി പാഴാവുന്നതായി അവർ കണ്ടെത്തിയ പെരിയാറിലെ വെള്ളവും വിറ്റു മൂലധന സമാഹരണം നടത്താൻ പദ്ധതിയിട്ടതും വികസനത്തിന്റെ മുൻപറഞ്ഞ യുക്തിയെ ആധാരമാക്കിയായിരുന്നു.ഇത്തരം പ്രശ്നങ്ങളിൽ അന്ന് ഇടപെട്ടതുകൊണ്ട് ഇന്നത്തെ മുഖ്യമന്ത്രി അന്ന് വികസനവിരുദ്ധനായിവരെ ചിത്രീകരിക്കപ്പെട്ടു.(ഒരുപക്ഷെ ഇടതു പാർടിയിൽ അച്ചുതാനന്ദനു മാത്രമേ അത്തരമൊരു നിലപാടുണ്ടായിരിക്കു.)ഇനി,മുഖ്യമന്ത്രി അച്ചുതാനന്ദൻ  എന്തൊക്കെ വിൽക്കുമെന്നൊ വ്യവസായവല്ക്കരണത്തിന്റെ പേരില് ആരെയൊക്കെ കുടിയിരുത്തുമെന്നോ ഒരുപക്ഷെ അദ്ദേഹത്തിനു പോലും നിശ്ചയമുണ്ടാവില്ല.കാരണം,നടപ്പിലാക്കപ്പെടുന്നത് മൂലധന നിക്ഷേപം സമം ദേശീയോത്പാദന വർദ്ധനവ് സമം വികസനം എന്ന ബൂർഷ്വാ വികസന കാഴ്ച്ചപ്പാടാണ്.ഇതിനെ ചോദ്യം ചെയ്യുന്ന ആരെയും എപ്പോഴും വികസനവിരുദ്ധരായി ചിത്രീകരിക്കാൻ എളുപ്പമാണ്.    

         ഇത്തരത്തിൽ,വികസനത്തിന്റെ ഒരുപക്ഷവും അതിനു വിരുദ്ധരായ പരിസ്ഥിതിവാദികളുടെ മറുപക്ഷവുമെന്നവിധത്തിൽ രണ്ടു ദ്വന്ദങ്ങളുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കികൊല്ലാൻ മുതലാളിത്ത / സാമ്രാജ്യത്വ ശക്തികൾക്കും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന വിവിധ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾക്കും കഴിയുന്നു.വികസനത്തിന്റെ പാരിസ്ഥിതിക വിമർശനത്തിനെതിരെ ഭരണകൂടത്തോടൊപ്പം മൂലധന ശക്തികൾ പ്രത്യേകിച്ചും ആഗോള മൂലധന കുത്തകകൾ കൂടി രംഗത്തു വന്നതോടെ,മൊത്തം ചർച്ചയെയും വഴിതിരിച്ചുവിടാൻ അവർക്കു കഴിയുന്നുണ്ട്.ആഗോളതാപനം കേവലം ഒരു മിത്താണെന്നും അതിനൊരു ശാസ്ത്രീയ തെളിവുമില്ലെന്നും,അന്തരീക്ഷത്തിൽ കാർബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് വൃക്ഷങ്ങളുടെ വളർച്ചക്ക് നല്ലതാണെന്നും ഇവ്വിധത്തിൽ നടക്കുന്ന ഗവേഷണങ്ങളെയൊക്കെ അപലപിച്ചൊതുക്കുന്നതുകൊണ്ടാണ് സത്യം പുറത്തുവരാത്തതെന്നും മറ്റുമുള്ള പ്രചാരണമാണ് ഇന്ന്  അമേരിക്കയിൽ നടക്കുന്നത്.         ഇതിനെല്ലാം ശാസ്ത്രീയ തെളിവുകളുണ്ടെന്നു വരെ പ്രചരിപ്പിക്കപ്പെടുന്നു.ഈ പ്രചാരണത്തിനു പണം മുടക്കുന്നതോ എക്സ്സോണ്‍ മൊബിൽ,ജനറൽ മോട്ടോഴ്സ്,തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളും അവരുടെ സംഘടനയായ വെസ്റ്റെണ്‍ ഫ്യുവൽസ് അസോസിയേഷനും മറ്റുമാണ്.ഇത്തരം പ്രചാരണത്തിനായി എഴുതപ്പെട്ട 'ദി സാത്താനിക്ക് ഗ്യാസ്സെസ് ','ഗ്ലോബൽ വാമിംഗ് ആൻഡ്‌ അദർ ഏകോ മിത്ത്സ് 'തുടങ്ങിയ പുസ്തകങ്ങൾ വ്യാപകമായി ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.സാമ്രാജ്യത്വ കേന്ദ്രങ്ങളിൽ നിന്നുള്ള ഇത്തരം ഇടപെടലുകളുടെ തുടർച്ചയായി വിവിധ രാജ്യങ്ങളിലും ഭരണവർഗ്ഗ ശാസ്ത്രജ്ഞന്മാരുടെ പിൻബലത്തിൽ സമാന പ്രചാരണങ്ങൾ നടത്താൻ ഭരണവർഗ്ഗങ്ങൾക്ക് എളുപ്പത്തിൽ കഴിയും.ഇതൊക്കെ,ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത കോടിക്കണക്കിനു ജനങ്ങൾക്കിടയിലും എന്തിന് ബുദ്ധിജീവികൾക്കിടയിൽ പോലും പരിസ്ഥിതിവാദ സംബന്ധമായി സംശയങ്ങളുണ്ടാക്കാനും നിലവിലുള്ള പരിസ്ഥിതി സംവാദത്തിന്റെ മുനയോടിക്കാനും കഴിയും.ഇതിനെ നേരിടാൻ മുതലാളിത്ത ഉത്പാദന വ്യവസ്ഥയും പരിസ്ഥിതി നാശവും തമ്മിലുള്ള ബന്ധത്തെയും മനുഷ്യനും സമൂഹവും പ്രകൃതിയും തമ്മിലും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെയും സമഗ്രമായി മനസിലാക്കികൊണ്ടുള്ള വിമർശനത്തിനു മാത്രമേ കഴിയു.ഇത്തരമൊരു സമഗ്ര സമീപനം മർക്സിസത്തിനു മാത്രമേ മുന്നോട്ടു വെക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാ നിലയ്ക്ക് പരിസ്ഥിതി പ്രശ്നത്തിന്റെ മാർക്സിസ്റ്റ്‌ സമീപനം എന്താണെന്നു മനസിലാക്കേണ്ടതു, മനുഷ്യ വംശത്തിന്റെ നിലനിൽപ്പിനെ പറ്റി ആകാംഷയുള്ള ഏതൊരാളിന്റെയും കടമയാണ്.

പരിസ്ഥിതിയും മാർക്സിസവും

     പരിസ്ഥിതി സംവാദങ്ങളിൽ മാർക്സിനും മാർക്സിസത്തിനും കമ്മ്യൂണിസത്തിനുമെതിരെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളാണ് ഉണ്ടാവുന്നത്. മാർക്സ് തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങളിൽ ഏകപക്ഷീയമായി ഊന്നി; മാർക്സ് പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; മാർക്സിസം വർഗ്ഗസമര സിദ്ധാന്തമായിരിക്കെ പരിസ്ഥിതിപോലുള്ള വർഗ്ഗേതര പ്രശ്നങ്ങളിൽ മാർക്സിസത്തിന് ഉത്തരമില്ല; കമ്മ്യൂണിസം നടപ്പിലാക്കണമെങ്കിൽ അതിരില്ലാത്ത പ്രകൃതി ചൂഷണം നടത്തിയേ മതിയാകൂ; പ്രകൃതി വിഭവങ്ങളുടെ അനന്തമായ സമൃദ്ധിയെ മുൻവിധിയാക്കിയാണ് മാർക്സ് കമ്മ്യൂണിസ്റ്റ് ലോകത്തെ വിഭാവന ചെയ്തത്;  മാർക്സിസം ഉല്പാദന ശക്തികളുടെ വികാസത്തിലൂന്നുന്നതിനാൽ സാങ്കേതിക വിദ്യയ്ക്ക് അത് ആവശ്യമില്ലാത്ത ഊന്നൽ കൊടുക്കുന്നു, ഇത് രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കും ഇങ്ങനെ പോകുന്നു ഈ വിമർശനങ്ങൾ. ഇതിൽ നിന്നും വ്യത്യസ്തമായി, ശാസ്ത്രത്തിന്റെയും പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെയും ചുവടുപിടിച്ചാണ് മാർക്സിസം വികസിച്ചതെന്നും ഇവ രണ്ടും തന്നെയാണ് ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് നിദാനമെന്നും അതിനാൽ മാർക്സിസത്തിന് ചില മിനുക്കുപണികളാവശ്യമുണ്ടെന്ന മറ്റൊരു വിമർശനവുമുണ്ട്.  ഇതിൽ പല വിമർശനങ്ങളും അടിസ്ഥാനമില്ലാത്തവയും കഴമ്പില്ലാത്തവയുമാണെങ്കിലും മാർക്സിസത്തെയും അതിന്റെ വിപ്ലവപരമായ അന്തസത്തയെയുംപറ്റി സംശയങ്ങളുണ്ടാക്കാൻ ഇവയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ പരിശോധിക്കപ്പെടേണ്ടവയാണ്.

           മാർക്സിസം അമൂർത്ത സങ്കല്പനങ്ങളുടെ സിദ്ധാന്തമോ കാലാതീത പ്രവചനങ്ങളുടെ ഒരു ഭണ്ടാരമോ അല്ല. ആ അർത്ഥത്തിൽ മാർക്സ് ഒരു പ്രവാചകനുമല്ല. മാർക്സിസം യഥാർത്ഥത്തിൽ മാറ്റിത്തീർക്കലിന്റെ സിദ്ധാന്തമാണ്‌. മനുഷ്യ സമൂഹത്തെ അതിന്റെ നിലവിലുള്ള അവസ്ഥയിൽനിന്നും മാറ്റിത്തീർക്കുന്ന സിദ്ധാന്തം. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത് , "തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. നമ്മുടെ മുമ്പിലുള്ള കടമ ലോകത്തെ മാറ്റിത്തീർക്കുക എന്നതാണ്" എന്ന്. ഈ മാറ്റിത്തീർക്കലിന് നിലവിലുള്ളതെന്തെന്നും അതിൽ അടിസ്ഥാനപരവും മുഖ്യവുമായതെന്തെന്നും തിരിച്ചറിയുന്നതാണ് നിർണ്ണായകം. ഈ തിരിച്ചറിവിലേക്ക് നയിച്ച സൈദ്ധാന്തികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളുടെ സങ്കലനമാണ് യഥാർത്ഥത്തിൽ മാർക്സിസം. " തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്'' എന്ന് മാർക്സ് പ്രഖ്യാപിക്കുമ്പോൾ അതിലെ 'ഇതുവരെ'യ്ക്ക് അടിവരയിട്ടുവേണം നാം മനസിലാക്കാൻ. തത്ത്വചിന്തയുടെയും, ശാസ്ത്രത്തിന്റെയും, സാമ്പത്തികരംഗത്തെയും, രാഷ്ട്രീയത്തിന്റെയും, കലയുടെയും, സംസ്കാരത്തിന്റെയും എന്നുവേണ്ട അന്നത്തെ സമൂർത്ത പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ തങ്ങളാൽ കഴിയുന്ന സമസ്ഥ മേഖലകളിലെയും നാളിതുവരെ നടന്ന അന്വേഷണങ്ങളെ മാർക്സും എംഗൽസും കൂടി നിശിത വിമർശനത്തിനു വിധേയമാക്കിയിട്ടാണ് ഫ്യൊയർബാഹ് തിസീസിൽ 'ഇതുവരെ' എന്ന പ്രയോഗം മാർക്സ് നടത്തുന്നത്. വിവരങ്ങളുടെ ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത് നിന്നുകൊണ്ട്, ഇന്ന് ലഭ്യമായിരിക്കുന്ന അപാരമായ വിവരങ്ങളുടെ വെളിച്ചത്തിൽ മാർക്സിന്റെ ഈ പ്രഖ്യാപനത്തെ പരിശോധിച്ചാൽ അത് ശരിയായിരുന്നു എന്ന് കാണാം.  മാർക്സിസത്തിന്റെ അന്ത:സത്ത വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. മനുഷ്യന്റെയും മനുഷ്യ സമൂഹത്തിന്റെയും മുഴുവൻ ജീവജാലങ്ങളുടെയും പ്രകൃതിയുടെതന്നെയും മാറ്റങ്ങളുടെ ഉറവിടം വൈരുദ്ധ്യങ്ങളുടെ സംഘട്ടനമാണെന്നും എല്ലാ മാറ്റങ്ങളും  വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളുടേതായ പ്രക്രിയകളിലൂടെയുമാണെന്നാണ് മാർക്സ് കണ്ടെത്തിയത്. ഇതാണ് മാർക്സിസത്തെ ഒരു സമഗ്ര സിദ്ധാന്തമാക്കുന്നതും അതിനെ സയൻസിന്റെ തലത്തിലേക്ക് ഉയർത്തുന്നതും. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ വിശകലനത്തിനുള്ള ആയുധമാക്കിക്കൊണ്ടാണ് മാർക്സും എംഗൽസും മുതലാളിത്ത ഉല്പാദന വ്യവസ്ഥയെയും അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന നാശങ്ങളെയുമൊക്കെ അന്ന് വിലയിരുത്തിയത്.

       പ്രകൃതിയും ജീവജാലങ്ങളും തമ്മിൽ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നു. ഒരുവശത്ത് ജീവജാലങ്ങളുടെ നിലനില്പിന്റേതായ ആവശ്യകതകളും മറുവശത്ത് ഈ ആവശ്യങ്ങളെ നിറവേറ്റാൻ പറ്റാത്ത വിധത്തിൽ പ്രകൃതിയിലെ വിഭവങ്ങളുടെ ദാരിദ്ര്യവും. ഈ വൈരുദ്ധ്യം ജീവജാലങ്ങളെ നിലനില്പിനുവേണ്ടിയുള്ള  സമരത്തിലേക്ക് നയിക്കുന്നു; യോഗ്യമായവ നിലനിൽക്കുന്നു അല്ലാത്തവ നശിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാന പ്രക്രിയയായി ഡാർവിൻ വിശദീകരിച്ചത് ഇതിനെയാണ്. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിലനിൽക്കുമ്പോൾ മനുഷ്യൻ  മാത്രമാണ് പ്രകൃതിയിൽ ഇടപെട്ടുകൊണ്ട് അതിനെ തനിക്കനുകൂലമാക്കിത്തീർത്തുകൊണ്ട് നിലനിൽക്കുന്നത്. പ്രകൃതിയിലുള്ള ഈ ഇടപെടൽ മനുഷ്യൻ അദ്ധ്വാനത്തിലൂടെയാണ് നടത്തുന്നത്. മറ്റ് ജീവികളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്ന ഈ അദ്ധ്വാനം മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട നാൾ മുതൽ തന്നെ പ്രകൃതിയെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതായത് മനുഷ്യന്റെ വരവിന് ശേഷം പ്രകൃതി ഒരിക്കലും അതുവരെ ഉണ്ടായിരുന്ന പ്രകൃതി ആയിരുന്നിട്ടില്ല. അതുകൊണ്ട് തന്നെ 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന തരത്തിൽ കേവല പരിസ്ഥിതിവാദികൾ നടത്തുന്ന ആഹ്വാനം വിഡ്ഢികളുടെ സ്വർഗ്ഗത്തേക്കുള്ള യാത്രയല്ലാതെ മറ്റൊന്നുമായിരിക്കില്ല.
      
         മാർക്സ് അദ്ധ്വാനത്തെ വിശദീകരിച്ചത് 'പ്രകൃതിയാൽ ചുമത്തപ്പെട്ട മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ (metabolic) പ്രക്രിയയുടെ ഉപാധിയായിട്ടാണ്. മനുഷ്യന് പ്രകൃതിയിൽ നിലനിൽക്കുന്നതിനുള്ള പ്രകൃതിദത്തമായ ഉപാധിയാണ് അദ്ധ്വാനം. മാർക്സ് പറയുന്നു- "ഒന്നാമതായി, അദ്ധ്വാനം എന്നത്, മനുഷ്യൻ അവന്റെ പ്രവൃത്തിയിലൂടെ, അവനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ ഇടപെടുകയും അതിനെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഒരു പ്രക്രിയയാണ്.  അവൻ പ്രകൃതിയിലെ വസ്തുക്കളെ ഒരു പ്രകൃതിശക്തി എന്ന നിലയ്ക്ക് നേരിടുന്നു. അവൻ സ്വന്തം ആവശ്യങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ പ്രകൃതിയിലെ വസ്തുക്കളെ കയ്യടക്കുന്നതിനായി, തന്റെ ശരീരത്തിലുള്ള, കയ്യിലും കാലിലും തലയിലുമുള്ള, പ്രകൃതിശക്തിയെ ചലനാത്മകമാക്കുന്നു. ഈ നീക്കത്തിലൂടെ, അവൻ ബാഹ്യപ്രകൃതിയിൽ പ്രവർത്തിക്കുകയും അതിനെ മാറ്റിത്തീർക്കുകയും അതുവഴി സ്വയം മാറിത്തീരുകയും ചെയ്യുന്നു. അദ്ധ്വാനമെന്നത്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയുടെ സാർവത്രികമായ ഉപാധിയാണ്, മനുഷ്യന്റെ എന്നെന്നെക്കുമുള്ള നിലനില്പിനുവേണ്ടി പ്രകൃതിയാൽ ചുമത്തപ്പെട്ട ഉപാധി. (മൂലധനം , 3 വാല്യം പേജ് 283, 290 )
             
            ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന് അദ്ധ്വാനം ഒരു പ്രക്രിയയാണ്. രണ്ട് അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ചയാപചയ പ്രക്രിയയാണ്. ഇത്തരത്തിലുള്ള പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ് ഉല്പാദനം. അദ്ധ്വാനം ഉത്പാദനത്തിൽ അവസാനിക്കുന്നില്ലെന്നർത്ഥം. ഒരു ചയാപചയ പ്രക്രിയ എന്നനിലയിൽ അദ്ധ്വാനം പൂർണമാകുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ കൊടുക്കൽ വാങ്ങൽ പൂർണമാകുമ്പോഴാണ്‌. എന്നാൽ മനുഷ്യന്റെ നാളിതുവരെയുള്ള ഉല്പാദനപ്രക്രിയകൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്തിയെന്നും, മുതലാളിത്ത ഉല്പാദനക്രമത്തിൽ ഈ വിള്ളൽ ആഴത്തിലുള്ളതുമായി എന്നുമാണ് മാർക്സ് വിലയിരുത്തിയത്. അതായത്, മനുഷ്യൻ പ്രകൃതിയുമായി അവശ്യമുണ്ടായിരിക്കേണ്ട ചയാപചയ പ്രക്രിയയിൽവിള്ളൽ വീഴ്തുകവഴി തന്റെ സ്വന്തം നിലനില്പിനുതന്നെ തുരങ്കം വെച്ചതായാണ് മാർക്സ് നിരീക്ഷിച്ചത് .മാർക്സിസത്തിന്റെ പാരിസ്ഥിതിക വിമർശനത്തിന്റെ അടിസ്ഥാനം ചയാപചയ പ്രക്രിയയിൽ മനുഷ്യൻ വരുത്തിയ വിള്ളലിന്റെ പ്രശ്നമാണ് .

     മാർക്സ് ,തൻറെ ആദ്യകാല രചനകളുടെ സമയത്തുതന്നെ പ്രകൃതിയിൽ നിന്നും മനുഷ്യനുണ്ടാവുന്ന അന്യവൽക്കരണത്തെപ്പറ്റി തിരിച്ചറിയുന്നുണ്ട് .'1844 ലെ കയ്യെഴുത്തുപ്രതികളിൽ അദ്ധ്വാനത്തിന്റെ അന്യവൽകരണത്തെപ്പറ്റി മാർക്സ് പറയുന്നത് അദ്ധ്വാനത്തിന്റെ ഫലങ്ങളിൽനിന്നും,അദ്ധ്വാനപ്രക്രിയയിൽ നിന്നും , മനുഷ്യനെന്ന നിലയിൽ അവനിൽ നിന്ന് തന്നെയും തൊഴിലാളിക്കുണ്ടാകുന്ന അന്യവൽക്കരണത്തെപ്പറ്റിയാണ്‌.ഇത് അത്യന്തികമായും പ്രകൃതിയിൽ നിന്ന് തന്നെയുള്ള അവന്റെ അന്യവൽക്കരണമായിട്ടാണ് മാർക്സ് വിലയിരുത്തിയത്. മാർക്സ് പറയുന്നു :"മനുഷ്യൻറെ സാർവ്വജനീനത മൊത്തം പ്രകൃതിയേയും അവന്റെ അജൈവ ശരീരമാകുന്ന പ്രായോഗികപ്രവൃത്തിയുടെ സാർവ്വജനീനതയാണ് (a )അവൻറെ ജീവിതമാർഗ്ഗമെന്നനിലയ്ക്കും (b )അവൻറെ പ്രവൃത്തികൾക്കുള്ള പദാർത്ഥം അല്ലെങ്കിൽ വസ്തു അല്ലെങ്കിൽ ഉപകരണം എന്ന നിലയ്ക്കും.മനുഷ്യശരീരത്തിനു  പുറത്തുള്ള പ്രകൃതി മനുഷ്യൻറെ അജൈവ ശരീരമാണ് .മനുഷ്യൻ പ്രകൃതിയിൽ നിന്നു ജീവിക്കുന്നു ,അതായത് പ്രകൃതിയാണ് അവൻറെ ശരീരം ;അവൻ നശിക്കാതിരിക്കണമെങ്കിൽ അതുമായി നിരന്തരമായ സംവേദനം നിലനിർത്തേണ്ടതുണ്ട് .മനുഷ്യൻറെ ശാരീരികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം പ്രകൃതി അതുമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ ,എന്തുകൊണ്ടെന്നാൽ മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണ്.(മാർക്സ്  Economic and Philosophical manuscripts of 1844).  ഇതൊരു ഉദാത്തമായ സങ്കൽപ്പമാണ്.മനുഷ്യനും അവന്റെ ബാഹ്യപ്രകൃതിയും തമ്മിലുള്ള അല്ലെങ്കിൽ ജൈവശരീരവും അജൈവശരീരവും തമ്മിലുള്ള ബന്ധം നിലനിർത്തുന്നത് നിലനിൽപ്പിനായുള്ള ഉൽപാദനത്തിലൂടെയാണെന്നാണ് മാർക്സിന്റെ നിരീക്ഷണം.ഇത്തരത്തിലുള്ള ഉത്പാദന പ്രക്രിയ മനുഷ്യത്വത്തിന്റെ തന്നെ പുനരുൽപാദനമാണ്.കാരണം പ്രകൃതിയുമായുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്താതെ അതിനെ സാർവ്വത്രീക ഉപാധിയായി തന്നെ അത് നിലനിർത്തുന്നു.

        ഇവിടെ ഒരു കാര്യം പ്രത്യേകമായി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.മാർക്സിസത്തിനെതിരെയുള്ള ഒരു വിഭാഗം പരിസ്ഥിതി വാദികളുടെ വിമർശനം മനുഷ്യനുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് യുവ മാർക്സ് പറയുന്നുണ്ടെങ്കിലും പിന്നീട് അതിനെപ്പറ്റി മാർക്സ് ഒന്നും പറയുന്നില്ല എന്നുള്ളതാണ്.യുവമാർക്സും വയസ്സൻ മാർക്സും എന്ന വേർതിരിവിനപ്പുറം മാർക്സിസം ഒരു ശാസ്ത്രം എന്ന നിലയ്ക്ക് വികസിക്കുന്നതായാണ് മാർക്സിന്റെയും ഏംഗെൽസിന്റെയും കൃതികളിൽ നിന്ന് നമുക്ക് മനസിലാവുക.മാർക്സ് ആദ്യകാലത്തെഴുതിയ കൃതികളിലെ കാഴ്ചപ്പാടുകളുടെ കൂടുതൽ വികസിച്ചതും ആഴത്തിലുള്ളതും സമഗ്രവുമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കൃതികളിലുള്ളതും.പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മാർക്സ് 1844 വിലയിരുത്തിയ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ 'മൂലധന'ത്തിലും മറ്റും കൈകാര്യം ചെയ്യുന്നുണ്ട്.മേൽപ്പറഞ്ഞ ചയാപചയ പ്രക്രിയയിലെ വിള്ളലിന്റെ സങ്കല്പം മാർക്സ് വിശദീകരിക്കുന്നത് 'മൂലധന'ത്തിലാണ്.

      മാർക്സിന്റെ കാലഘട്ടത്തിലെ മുതലാളിത്ത രീതിയിലുള്ള കൃഷിയും അതുമായി ബന്ധപ്പെട്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കുണ്ടാകുന്ന മാറ്റവും മണ്ണിൽ നിന്ന് അധ്വാനിക്കുന്നവർ അന്യവൽക്കരിക്കപ്പെടുന്നതുമെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവീകമായ കൈമാറ്റത്തിന്റെ തകർച്ചയുടെ പ്രശ്നമായാണ് മാർക്സ് വിലയിരുത്തിയത്.മുതലാളിത്തത്തിന്റെ ഉദയത്തിനു മുമ്പ് , ഫ്യൂഡൽ ഭൂസ്വത്ത് നിലനിന്നിരുന്നപ്പോൾ തന്നെയും,ഭൂമിക്കു മേലുള്ള ആധിപത്യം നിലനിന്നിരുന്നു.സ്വകാര്യ സ്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്വഭാവമായിട്ടാണ് ഈ ആധിപത്യത്തെ മാർക്സ് മനസ്സിലാക്കിയത്.വൻകിട ഭൂസ്വത്ത് കാരണം ധാരാളം പേർ ഭൂമിയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും അവർ വളർന്നു വരുന്ന വ്യവസായത്തിന്റെ ചൂഷണോപകരണങ്ങളായി പരിണമിക്കുന്നുവെന്നും മാർക്സ് കണ്ടെത്തി.പ്രകൃതിയുടെ നാശത്തിനു കാരണമായ സ്വകാര്യസ്വത്തിന്റെയും പണത്തിന്റെയും ലോകം വെറുക്ക പ്പെടേണ്ടതാണെന്നും കേവലം സമ്പത്താക്കി മാറ്റപ്പെട്ട ആകാശത്തിലെ പറവകളും വെള്ളത്തിലെ മത്സ്യങ്ങളും മണ്ണിലെ ചെടികളുമെല്ലാം മോചിക്കപ്പെടെണ്ടാതുണ്ടെന്നു മാർക്സ് പറഞ്ഞു.സ്വകാര്യ സ്വത്ത് എവിടെയെല്ലാമുണ്ടോ അവിടെയൊക്കെ യഥാർത്ഥ ഉത്പാദകർ അന്യവൽക്കരിക്കപ്പെടുകയാണെന്നും കൃഷിയിടങ്ങളിലും ഫാക്റ്ററിയിലും ഇത് നടക്കുന്നുവെന്നു മാർക്സ് മനസ്സിലാക്കി.വൻകിട കൃഷിത്തോട്ടങ്ങളിലെ സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തിയാണ് മാർക്സ് ഉത്പാദകരുടെ കൂട്ടായ്മ എന്ന സങ്കല്പം ആദ്യമായി 1844 ലെ കയ്യെഴുത്തു പ്രതികളിൽ അവതരിപ്പിക്കുന്നത്.കമ്മ്യൂണിസ്റ്റു വ്യവസ്ഥയിലെ ഉല്പാദനത്തിന്റെ അടിത്തറയായി ഈ ഉല്പാദക കൂട്ടായ്മാ സങ്കല്പ്പത്തെ മാർക്സ് പിന്നീട് വികസിപ്പിക്കുന്നുണ്ട്.
         തൊഴിൽവിഭജനത്തിന്റെ ചരിത്രപരമായ പ്രക്രിയയിൽ ഉരുത്തിരിഞ്ഞു വന്ന,നഗരവും നാട്ടിൻ പുറവും തമ്മിലുള്ള വൈരുദ്ധ്യത്തെയും പരിസ്ഥിതിയുടെ നശീകരണവുമായി ബന്ധപ്പെടുത്തി മാർക്സ് വിശകലനം ചെയ്യുന്നുണ്ട്.നഗരങ്ങളിലെ വർദ്ധിതമായ ജനസംഖ്യയും അതുവഴിയുണ്ടാകുന്ന മാലിന്യങ്ങളുടെ വർദ്ധനവും വായുമലിനീകരണമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും മാർക്സ് പരിശോധിക്കുന്നുണ്ട്.വ്യവസായത്തെ കൃഷിയുമായി ബന്ധപ്പെടുത്തുക വഴി ഗ്രാമങ്ങളിലേയ്ക്ക് നഗരത്തിലെ ജനങ്ങളുടെ പുനർ വിന്യാസം സാധ്യമാക്കി നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യത്തെ പ്രായോഗികമായി പരിഹരിക്കാമെന്ന് മാർക്സ് വിലയിരുത്തി.മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രമേ നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യത്തിന് നിലനിൽപ്പുള്ളൂവെന്നും ,  കമ്യൂണിസ് ജീവിതക്രമത്തിന്റെ ഏറ്റവും ആദ്യത്തെ ഉപാധി നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലായ്മ ചെയ്യലാണെന്നും മാർക്സും ഏംഗെല്സും വ്യക്തമാക്കുകയുണ്ടായി.

           വൻകിട കൃഷിയിലൂടെ ഭൂമിയുടെ ഫലഭൂയിഷ്ഠത എങ്ങിനെയാണ് നഷ്ടമാവുന്നത് എന്ന് ചൂണ്ടിക്കാണിച്ച ജർമ്മൻ കെമിസ്റ്റ് ജെസ്റ്റസ് വോണ്‍ലീബിഗ്‌ ന്റെ പഠനങ്ങളെ മാർക്സ് ഗൗരവപൂർവ്വം പഠിക്കുകയുണ്ടായി.രാസവളപ്രയോഗം ഇനിയും വികസിപ്പിചിട്ടില്ലായിരുന്ന അക്കാലത്ത് , ഗ്രാമങ്ങളിലെ കാർഷികോൽപ്പന്നങ്ങളെ നിരന്തരം നഗരങ്ങളിലേയ്ക്ക് കയറ്റിയയക്കുകയും പകരം കൃഷിഭൂമിയിൽ കുറഞ്ഞു വരുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്ക് പരിഹാരം കാണാതിരിക്കുകയും ചെയ്യുക വഴി മുതലാളിത്ത വൻകിടകൃഷി മണ്ണിനെ കൊള്ളയടിക്കുകയാണെന്നാണ് ലീ ബിഗ്‌ കണ്ടെത്തിയത്.ഇത്തരത്തിലുള്ള കൃഷിരീതി മണ്ണിൽ നിന്നെടുക്കുന്നത് മണ്ണിന് തിരികെ  കൊടുത്തിരിക്കുന്നതു വഴി  മണ്ണിന്റെ  പോഷണ ചക്രത്തെ തകർക്കുന്നുവെന്നും  അദ്ദേഹം വിലയിരുത്തുകയുണ്ടായി . ഈ പഠനങ്ങളെ  മുതലാളിത്ത  ഉത്പാദന വ്യവസ്ഥയ്കെതിരെയുള്ള വിമർശനങ്ങളെ  കൂടുതൽ  കരുത്തുറ്റതാക്കാൻ  മാർക്സ് ഉപയോഗപ്പെടുത്തി .
            മുതലാളിത്ത  ഉത്പാദനവ്യവസ്ഥയ്ക്കു കീഴിൽ   വൻകിട വ്യവസായവും വൻകിടകൃഷിയും ചേർന്ന് തൊഴിലാളിയെയും മണ്ണിനേയും സമാനമായാണ് ചൂഷണം ചെയ്യുന്നതെന്നു  മാർക്സ്  ചൂണ്ടിക്കാട്ടി ."വൻകിട ഭൂസ്വത്ത് കാർഷികജനതയുടെ  സംഖ്യയെ ക്രമാതീതമായി  കുറയ്ക്കുകയും  അവരെ  വൻനഗരങ്ങളിൽ കുത്തിനിറയ്ക്കപ്പെട്ട  അനുദിനം  പെരുകുന്ന  വ്യവസായിക  ജനതയ്ക്കെതിരെ  നിറുത്തുകയും  ചെയ്യുന്നു . ഈ  വിധത്തിൽ  സ്വതന്ത്രമായ സാമൂഹ്യ ചയാപാചയ പ്രക്രിയയിൽ , വിള്ളൽ വീഴ്ത്തുന്നതിന് ആക്കം കൂട്ടുന്നതിനുള്ള സാഹചര്യമുണ്ടാകുകയും  ചെയ്യുന്നു ."(മാർക്സ്  മൂലധനം വാല്യം3 949-50) 
        "മുതലാളിത്ത ഉത്പാദനം വൻകേന്ദ്രങ്ങളിൽ  ജനങ്ങളെ  സമാഹരിക്കുന്നു . അങ്ങിനെ  നാഗരിക ജനസംഖ്യയിൽ നിരന്തര  വര്ധനവുണ്ടാകുന്നു. ഇതിനു  രണ്ടു ഫലങ്ങളുണ്ട് . ഒരുവശത്തു  അതു സമൂഹത്തിന്റെ  ചരിത്രപരമായ  ചാലകശക്തികളെ  ഒരിടത്തായി  കേന്ദ്രീകരിക്കുന്നു ,മറുവശത്ത്  മനുഷ്യനും ഭൂമിയും  തമ്മിലുള്ള  ചയാപചയ പ്രക്രിയയെ  താറുമാറാക്കുന്നു .അതായതു ഭക്ഷണത്തിന്റെയും  വസ്ത്രത്തിന്റെയും രൂപത്തിൽ മനുഷ്യൻ  മണ്ണിൽ നിന്ന് എടുത്ത, മണ്ണിന്റെ  ഘടകങ്ങളെ, തിരികെ  മണ്ണിനു  കൊടുക്കുന്നതിനെ അത് തടയുന്നു .അങ്ങിനെ, മണ്ണിന്റെ  നീണ്ടുനില്ക്കാവുന്ന  ഫലഭൂയിഷ്ടിക്കായുള്ള  പ്രകൃതിദത്ത  ഉപാധിക്ക് തടസ്സങ്ങൾ  ഉണ്ടാക്കുന്നു .......അതുകൊണ്ട് , മുതലാളിത്ത  ഉല്പാദനം,സമ്പത്തിന്റെ യഥാർത്ഥ  ഉറവിടങ്ങളായ മണ്ണിനേയും തൊഴിലാളിയേയും  ഒരേസമയം  തുരങ്കം വച്ചുകൊണ്ട് ഉത്‌പാദനത്തിന്റെ സാമൂഹ്യപ്രക്രിയക്കുള്ള  ടെക്നിക്കുകൾ വികസിപ്പിക്കുക  മാത്രമാണ്  ചെയ്യുന്നതു...." (മാർക്സ്  മൂലധനം വാല്യം1 637-38)     

          മണ്ണിന്റെ  നഷ്ടപെടുന്ന  ഫലഭൂയിഷ്ടി  വീണ്ടെടുക്കുന്നതിനു  നഗരത്തിന്റെ  വിസര്ജ്യങ്ങളെ  ഉപയോഗപെടുത്താമെങ്കിലും മുതലാളിത്ത ഉത്‌പാദന വ്യവസ്ഥയിൽ വമ്പിച്ച  പണചിലവുള്ള  വേയിസ്റ്റു  നിർമാർജന  പദ്ധതികളിലൂടെ  അതിനെ  പാഴാക്കി കളയുകയും അത് ക്രമേണ പ്രകൃതിയ്ക്ക്  തന്നെ ഹാനികരമാവുകയും  ചെയ്യുന്നു . ഈ  പ്രശ്നവും മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട് . ചുരുക്കത്തിൽ , മുതലാളിത്ത ത്തിനു  കീഴിലുള്ള  ഉത്പാദനം അത് വ്യവസായികമായും  കാർഷികമായും  പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവികബന്ധത്തെ താറുമാറക്കുന്നു . നിയന്ത്രണമില്ലാത്ത  ഉത്പാദനം ഒരു വശത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ  തന്നെ പ്രതിസന്ധികൾ  സൃഷ്ടിക്കുമ്പോൾ  മറുവശത്ത് പ്രകൃതിയിലും അത് പ്രതിസന്ധികൾ  സൃഷ്ടിക്കുന്നു .'ഒരു  നിശ്ചിത  സാമൂഹ്യരൂപത്തിനുള്ളിൽ  നിന്ന്കൊണ്ട്, അതിലൂടെ വ്യക്തികൾ  പ്രകൃതിയെ  കൈവശപ്പെടുത്തുന്നതാണ് എല്ലാ  ഉത്‌പാദനവും' എന്ന് മാർക്സ് സൂചിപ്പിക്കുന്നു .എന്നാൽ മുതലാളിത്ത ക്രമത്തിൽ ഈ കൈവശപ്പെടുത്തലിന് നിയന്ത്ര ണങ്ങളില്ല എന്നുമാത്രമല്ല  മൂലധനത്തിന്റെ  യുക്തികളാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന  ഒന്നാണ്  താനും .മൂലധനം  ലാഭേച് ഛയിൽ  മാത്രം കേവലമായി  ഊന്നുന്നതിനാൽ മുതലാളിത്ത  വ്യവസ്ഥകളിൽ  നിന്നുകൊണ്ട് മൂലധനവും  ചരക്കുല്പാദനവും  ചേർന്ന്  പ്രകൃതിയ്ക്ക്  വരുത്തിത്തീ ർക്കുന്ന നാശങ്ങൾക്ക്  അറുതിവരുത്താൻ  സാദ്ധ്യമല്ലെന്ന  തിരിച്ചറിവിൽ  നിന്നാണ്  ഉത്പാദക  കൂട്ടായ്മയുടെ  അഥവാ  കമ്മ്യൂണ്‍  ഉത്‌പാദനത്തിന്റെ സങ്കല്പം  മാർക്സ് വികസിപ്പിക്കുന്നത്.

         മാർക്സിന്റെ സങ്കല്പമനുസരിചു  സ്വതന്ത്ര മനുഷ്യവികാസത്തെ ഉറപ്പുവരുത്തുന്ന  തരത്തിലാണ് കമ്മ്യൂണ്‍  ഉത്പാദക ക്രമത്തിൽ അഥവാ ഉത്പാദകകൂട്ടായ്മയിൽ ഉത്പാദനം  നടക്കുക .ബൃഹത്തായ സാമൂഹ്യപദ്ധതികളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന്റെയോ,കമ്പോളത്തിന്റെയോ ,കൂലിയുടെയോ ,അദ്ധ്വാനത്തിന്റെയോ ഒന്നും  വർഗ്ഗപരമായ ഇടപെടലുകളില്ലാതെ  ഓരോരുത്തരും ഉത്പാദകരാവുകയും അവരുടെ സ്വതന്ത്ര ഉല്പാദകകൂട്ടായ്മ, മുതലാളിത്തം മനുഷ്യനിൽ  നിന്നും  അന്യവല്ക്കരിച്ച  എല്ലാത്തിനേയും  പുനസ്ഥാപിക്കുകയും  ചെയ്യുന്നു .ഉല്പാദകരും ഉല്പാദനോപാധികളും  തമ്മിലും  മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള അന്യവല്ക്കരണത്തെ  ഇല്ലായ്മ  ചെയ്തുകൊണ്ട് ഓരോരുത്തരും  സമ്പത്തുല്പാദനത്തിൽ നേരിട്ട്  പങ്കാളികളാവുകയും  അതിനായി ഉല്പാദനോപാധികളെ  സ്വതന്ത്രമായി  വിനിയോഗിക്കുകയും  ചെയ്യുന്നു .
അവിടെ മുതലാളിത്ത സ്വത്തിന്  പകരം  സ്വത്തിന്റെ  തന്നെ  പ്രാങ്  രൂപമായ  കമ്മ്യൂണ്‍ സ്വത്തിന്റെ ഉയർന്ന രൂപം സ്ഥാപിതമാവുകയും മുതലാളിത്ത  ഉത്പാദനത്തിന് പകരം സഹകരണാടിസ്ഥാനത്തിലുള്ള ഉല്പാദനം നടക്കുകയും ചെയ്യും.സ്വകാര്യ സ്വത്തു  ഇല്ലായ്മ ചെയ്യുന്നതോടെയാണ് ഇത്തരത്തിലുള്ള  ഒരു  ഉല്പാദക കൂട്ടായ്മയ്ക്ക്  അടിത്തറയുണ്ടാവുന്നത്.ഈ  പുതിയ  കൂട്ടായ്മ  എന്ഗ്ഗൽസിന്റെ  ഭാഷയിൽ  പറഞ്ഞാൽ 'ഒരു  ചരക്കെന്ന  നിലയിൽ നിന്നു മനുഷ്യന്റെ അദ്ധ്വാനശക്തിയെ  വിമോചിപ്പിക്കുന്നു.'സ്വാഭാവികമായും  ഇത്തരമൊരു വിമോചനം സാദ്ധ്യമാകണമെങ്കിൽ ഉല്പാദകർ ഉല്പാദനോപാധികളുടെ  ഉടമസ്ഥരായെ  മതിയാവു .

        തൊഴിലാളികളുടെ സഹകരണസ്വത്തായി ഉല്പാദനത്തിന്റെ ഭൗതികോപാധികൾ മാറ്റപ്പെടുമ്പോൾ കമ്മ്യൂണിന്റെ സ്വത്തു എല്ലാവരുടേയും  സ്വത്തായി തീരുന്നു.കൂട്ടായ്മ പ്ലാനിങ്ങിന്റെയും  നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഉല്പാദനം നിയന്ത്രിക്കപ്പെടുമ്പോൾ ഉല്പാദനോപാധികളിന്മേൽ മാത്രമല്ല ഉല്പന്നങ്ങളുടെ  വിതരണത്തിനും  നിയതമായ സാമൂഹ്യ നിയന്ത്രണമുണ്ടാവുന്നു. ഇവിടെ ഓരോ തൊഴിലാളിയും അഥവാ ഉല്പാദകരും അവരോരുടെ അദ്ധ്വാനഫലത്തിന്റെ ഉടമകളാവുന്നത്,മൊത്തം  ഉല്പാദകരുടേയും അദ്ധ്വാനഫലം എല്ലാവരും ഉത്പാദകരായ,മുഴുവൻ  സമൂഹത്തിന്റെതായി മാറുമ്പോഴാണ്‌.... മൊത്തത്തിലുള്ള  അദ്ധ്വാനഫലത്തിൽ  ഒരു വിഹിതം ഓരോ വ്യക്തിഗത  ഉല്പാദകർക്കും അവരുടെ  ഉപഭോഗത്തിനായി കൊടുക്കുന്നു.ഒരു വിഹിതം ഉല്പാദനോപാധികളുടെ പുനസ്ഥാപനത്തിനും അവയുടെ  വർദ്ധനവിനുമായി  വിനിയോഗിക്കപ്പെടുന്നു .മറ്റൊരു വിഹിതം  ഉത്പാദനത്തിനും ഉപഭോഗത്തിനുമുള്ള റിസർവ്  ഫണ്ടായി വീതിക്കപെടുന്നു. ഈ വിധത്തിലാണ്  കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലെ ഉല്പാദനവും ഉപഭോഗവും നടക്കുക. ഇതിൽ ഉത്പാദനോപാധികളുടെ  പുനസ്ഥാപനവും  അവയുടെ വർദ്ധനവും ലാക്കാക്കിയുള്ള അദ്ധ്വാനഫലത്തിന്റെ വിനിയോഗം  പരിസ്ഥിതിപരമായി  വളരെ  പ്രധാനപ്പെട്ട  ഒന്നാണ് . മുതലാളിത്തം  മണ്ണിനെ  ഉത്പാദന  ഉപാധിയായി  കാണുനില്ല. എന്നാൽ  മാർക്സിസം  മണ്ണിനെ ഒരു നിർണായക ഉത്പാദന ഉപാധിയായി  കാണുന്നു. മണ്ണിന്റെ  വീര്യം തിരിച്ചു കൊണ്ടു വരുന്ന പോഷണ ചക്രത്തിന്റെയും  പ്രകൃതിയും  മനുഷ്യനും  തമ്മിലുള്ള ചയാപചയ  പ്രക്രിയയിൽ വിള്ളൽ  ഇല്ലാതെയുള്ള അനസ്യൂതമായ  നിലനില്പ്പിന്റെയും താൽപര്യാർത്ഥമാണ് ഉല്പാദനോപാധികളുടെ  പുനസ്ഥാപനത്തിനായി കമ്യൂണിസ്റ്റ് വ്യവസ്ഥ ഒരു വിഹിതം  ചിലവാക്കുന്നതു.ഈ  അർത്ഥത്തിൽ  മാർക്സിസം വിഭാവന  ചെയ്യുന്ന  കമ്യൂണിസ്റ്റ് ലോകം  മാത്രമാണ്  യഥാർത്ഥത്തിൽ പരിസ്ഥിതിയെ എല്ലാതരത്തിലും  പരിഗണിക്കുന്നതു  എന്നു  കാണാം.                      

3 comments:

  1. മാർക്സിസം അമൂർത്ത സങ്കല്പനങ്ങളുടെ സിദ്ധാന്തമോ കാലാതീത പ്രവചനങ്ങളുടെ ഒരു ഭണ്ടാരമോ അല്ല. ആ അർത്ഥത്തിൽ മാർക്സ് ഒരു പ്രവാചകനുമല്ല. മാർക്സിസം യഥാർത്ഥത്തിൽ മാറ്റിത്തീർക്കലിന്റെ സിദ്ധാന്തമാണ്‌. മനുഷ്യ സമൂഹത്തെ അതിന്റെ നിലവിലുള്ള അവസ്ഥയിൽനിന്നും മാറ്റിത്തീർക്കുന്ന സിദ്ധാന്തം.

    ReplyDelete
  2. nice work , its was very helpful to us.

    ReplyDelete
  3. nice work , its was very helpful to us.

    ReplyDelete